വി കെ കൃഷ‌്ണമേനോൻ പറഞ്ഞു, ജനം കേട്ടു

Tuesday Mar 26, 2019
കബീർ ചാവശേരി

മലപ്പുറം > ‘‘1965 കാലം. ഇന്ത്യ–-പാക‌് യുദ്ധത്തിന്റെ അലയൊലികൾ രാജ്യത്തുടനീളം അതിശക്തം. കമ്യൂണിസ്റ്റുകളെ എതിരാളികൾ രാജ്യദ്രോഹികളായി  കാണുന്ന കാലംകൂടിയാണ‌്. അഖിലേന്ത്യാ നേതാക്കളായ ഇ എം എസും മറ്റ് ചിലരുമൊഴികെയുള്ള നേതാക്കളെല്ലാം പൊലീസിന്റെ കരുതൽ തടങ്കലിൽ. പലരെയും പൊലീസ‌് വേട്ടയാടി. ഇതിനിടെ കേരളത്തിലെ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചു. പാർടിക്കുവേണ്ടി ആരു മത്സരിക്കും? ’’–-  കടുത്ത പരീക്ഷണങ്ങളെ നേരിട്ട ഒരു കാലത്തിന്റെ നേർചിത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ‌് പാലോളി മുഹമ്മദ‌്കുട്ടി. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവും രണ്ട‌ു തവണ മന്ത്രിയുമായ ജനങ്ങളുടെ പ്രിയ നേതാവ‌്.

‘‘ ജയിലിലായ നേതാക്കന്മാരിൽ പലരും വിവിധ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചു. എതിർ സ്ഥാനാർഥികൾ ശക്തരായിരുന്നു. മങ്കടയിൽ കോൺഗ്രസിനുവേണ്ടി ശേഷു അയ്യരും ലീഗിനുവേണ്ടി  കെ കെ എസ‌് തങ്ങളും മത്സര രംഗത്ത‌്. പാർടി പ്രവർത്തകർക്ക‌് എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ’’ കമ്യൂണിസ‌്റ്റ‌് പാർടി നിർദേശപ്രകാരം മങ്കട നിയോജകമണ്ഡലത്തിൽ പാലോളി മുഹമ്മദ‌്കുട്ടി സ്ഥാനാർഥിയായി. പ്രചാരണം നടത്താൻ പോലും ആളില്ലാത്ത അവസ്ഥ. കോൺഗ്രസ‌ിനുവേണ്ടി മുതിർന്ന കേന്ദ്ര നേതാക്കന്മാരെത്തി. പ്രമാണിമാരുടെ പിന്തുണയുമായി ലീഗുമുണ്ട‌്. പത്രിക സമർപ്പിച്ച പാർടിക്ക‌ുവേണ്ടി പ്രസംഗിക്കാൻ ആളില്ല. അത്തരമൊരു പ്രതിസന്ധി മുറിച്ചുകടന്ന ചരിത്രമാണ‌് പാലോളി ഓർക്കുന്നത‌്: 

‘‘ഇ എം എസും ജ്യോതിബസുവും ഒരുതവണ വന്ന‌് പ്രസംഗിച്ചുപോയി. വേറെ ആരുമില്ല. അതോക്കെ ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട‌്. പകച്ചുനിന്നാൽ ഒന്നും നടക്കില്ലെന്ന‌് തിരിച്ചറിഞ്ഞു. പിന്നെ രണ്ടും കൽപ്പിച്ചിറങ്ങി. കഴിയുന്നിടത്തൊക്കെ പൊതുയോഗം സംഘടിപ്പിച്ചു. രാപ്പകലില്ലാതെ ഓടിനടന്ന‌് പ്രസംഗിച്ചു. 
തെരഞ്ഞെടുപ്പ‌് കമ്മിറ്റിയുടെ ചുമതലക്കാരൻ രാജേന്ദ്രൻ മാഷായിരുന്നു കൂട്ട‌്. കൈമെയ‌് മറന്ന‌് പ്രയത്നിച്ചു. ഇതിനിടയിൽ കോൺഗ്രസ‌് യോഗത്തിന‌് കേന്ദ്ര മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോൻ എത്തി. നാട്ടിലെ കോൺഗ്രസ‌് പ്രവർത്തകർ ആവേശത്തിലായി. ഇംഗ്ലീഷിലായിരുന്നു വി കെ കൃഷ്ണമേനോന്റെ പ്രസംഗം. 

വിജയപ്രതീക്ഷയിലുള്ള കോൺഗ്രസ‌് പ്രവർത്തകരുടെ മുന്നിലെ വേദിയിൽനിന്ന‌് അദ്ദേഹം പ്രസംഗിച്ചു: "തെരഞ്ഞെടുപ്പിൽ നിങ്ങൾ വോട്ട‌് ചെയ്യണം. ആർക്കെന്നോ, നാടിന‌ുവേണ്ടി നിലകൊള്ളുന്നവർക്ക‌്'. വാസ്തവത്തിൽ ഈ വോട്ടഭ്യർഥന കോൺഗ്രസ‌് ക്യാംപിന‌് ഞെട്ടലായിരുന്നു. വി കെ കൃഷ്ണമേനോൻ പറഞ്ഞതുപോലെ ജനങ്ങൾ കേട്ടു. തെരഞ്ഞെടുപ്പ‌ുഫലം വന്നപ്പോൾ പാലോളിക്ക‌് വിജയം. 

ജയിലിൽനിന്നും മത്സരിച്ച കമ്യൂണിസ്റ്റുകാരിൽ പലരും വിജയിച്ചു. പാർടി പിളർപ്പിനുശേഷം സിപിഐ എമ്മിനെ സംബന്ധിച്ച‌് ആ വിജയം അത്യാവശ്യമായിരുന്നു. പാർടിയാണ‌് ശരിയെന്നും പാർടിയെ ജനങ്ങൾക്ക‌് പരിചയപ്പെടുത്തുകയെന്നത‌ും ആ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന്റെ ലക്ഷ്യമായിരുന്നു. വിജയത്തിനപ്പുറം ആ തെരഞ്ഞെടുപ്പിന്റെ ആഹ്ലാദം കേരളത്തിലുടനീളം അലയടിച്ചു. 

പാർടി നേതാക്കളായ നാരായണ മേനോൻ, കൊണശേരി കൃഷ്ണൻ എന്നിവരെ ജയിലിൽ പോയി കണ്ടു. സന്തോഷത്തോടെ അവർ പറഞ്ഞു:  "ഈ വിജയം നമുക്ക‌് ജനങ്ങൾ നൽകിയ അംഗീകാരമാണ‌്. ജനങ്ങൾക്ക‌ുവേണ്ടി ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കുക‌. അവർ നമ്മുടെ കൂടെയുണ്ടാകും'. അന്നുമുതൽ ആ വാക്കുകൾ നൽകിയ ഊർജം ഉൾക്കൊണ്ടാണ‌് പ്രവർത്തിച്ചത‌്. പിന്നീടുള്ള ഓരോ തെരഞ്ഞെടുപ്പിലും ആ വിജയം നൽകിയ കരുത്ത‌് ചില്ലറയല്ല.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍