ഇടതുപക്ഷം തിരുത്തൽശക്തിയാകും: മാർ മിലിത്തിയോസ്

Wednesday Mar 27, 2019

തൃശൂർ > കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപോലീത്ത. ഇതിൽ ഇടതുപക്ഷത്തിന് വലിയ സംഭാവന ചെയ്യാൻ കഴിയണം. പാർലമെന്റിലെ സ്വാധീനം വർധിപ്പിച്ച് കേന്ദ്രത്തിൽ തിരുത്തൽ ശക്തിയായി നിലയുറപ്പിക്കാൻ ഇടതുപക്ഷത്തിനാകും‐ മോർ മിലിത്തിയോസ് ‘ദേശാഭിമാനി'യോട് പറഞ്ഞു. കേരളത്തിലെ അഴിമതിരഹിത, ജനപക്ഷവികസനത്തിലൂന്നിയ പിണറായി സർക്കാരിൽ ജനങ്ങൾക്കാകെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കൽക്കൂടി ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രഭരണം വന്നാൽ ഇന്ത്യയുടെ തകർച്ച പൂർത്തിയാകും. നമുക്ക് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ചില അടിത്തറകളുണ്ട്. അഞ്ചുവർഷത്തെ മോഡി ഭരണത്തിൽ അവയ്ക്ക് ഗുരുതരമായ തകർച്ചയുണ്ടായി. ഭരണഘടനയെപ്പോലും നിഷ്പ്രഭമാക്കിയ ഒട്ടേറെ നടപടികളുണ്ടായി. എതിർശബ്ദങ്ങളെ ഇല്ലായ്മചെയ്തു. മതന്യൂനപക്ഷങ്ങളെ നിർദാക്ഷിണ്യം വേട്ടയാടി. ഇനിയും മോഡി വരുന്നത് എന്തുവിലകൊടുത്തും  ഒഴിവാക്കാൻ അതിവിശാലമായ ജനകീയസഖ്യം ഉണ്ടാകണം.

ഒഡിഷയിൽ ക്രിസ്ത്യാനികളെ സംഘപരിവാർ ക്രൂരമായി വേട്ടയാടിയപ്പോൾ രക്ഷകരായി എത്തിയത് കമ്യൂണിസ്റ്റുകാരാണ്, മറ്റാരുമല്ല.  മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ എന്ന് രാജ്യത്തെ പല അനുഭവങ്ങളും കാണിക്കുന്നു.  കമ്യൂണിസ്റ്റുകാർക്ക് സാർവദേശീയവും ദേശീയവുമായ കാഴ്ചപ്പാടുണ്ട്. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടുണ്ട്. പല സംസ്ഥാന പാർടികളുടെയും അജൻഡ പ്രാദേശികവും വ്യക്തിപരവുമാണ്. ദ്രാവിഡമുന്നേറ്റം എന്നു പറയുന്നവർപോലും ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന വിരോധാഭാസം നാം കണ്ടു.

"നരേന്ദ്ര മോഡി ചായ വിറ്റിട്ടുണ്ടോ എന്നറിയില്ല, എന്നാൽ അദ്ദേഹം ഇന്ത്യയെ വിൽക്കുന്നുണ്ട്'‐ എവിടെയോ വായിച്ച ഈ അഭിപ്രായത്തിനപ്പുറം ബിജെപി ഭരണത്തെ വിലയിരുത്താൻ മറ്റൊരു വിശേഷണം കിട്ടാനില്ല. നവലിബറൽ നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സാധാരണക്കാരെ കൂടുതൽ ജീവിതദുരിതത്തിലേക്ക് തള്ളിവിട്ടതാണ് അഞ്ചുവർഷത്തെ മോഡി ഭരണം.

മുമ്പെല്ലാം വാർത്തകളുടെ ഉറവിടം വെളിപ്പെടുത്താത്ത മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉണ്ടായിരുന്നു. ഇപ്പോൾ ഉറവിടം വെളിപ്പെടുത്തണമെന്നു മാത്രമല്ല, ഭരണകക്ഷിക്കെതിരായി ഒന്നും എഴുതരുത്, മിണ്ടരുത് എന്നാണ് കൽപ്പന. മറിച്ചുചെയ്യുന്നവരെ വെടിവച്ചുകൊല്ലുന്നതാണ് നാം കണ്ടത്. വർഗീയത മുഖമുദ്രയായ സംഘപരിവാർ പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ ജനാധിപത്യ അവസരമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കുകയാണ് ഈ അവസരത്തിൽ രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമെന്നും ബിഷപ് മിലിത്തിയോസ് പറഞ്ഞു.
 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍