‘ആദ്യമെത്തുന്നയാൾ’ വി എൻ വാസവൻ
Wednesday Mar 27, 2019
എസ‌് മനോജ‌്
കോട്ടയം > കോട്ടയത്തിന്റെ ഗതിവിഗതികൾ ഇത്തവണ എന്തായിരിക്കും എന്നതാണ‌് മണ്ഡലത്തിലെങ്ങും പ്രധാന ചർച്ച. പ്രചാരണത്തിൽ എൽഡിഎഫ‌് ബഹുദൂരം മുന്നിലേക്ക‌് കുതിക്കുമ്പോൾ സീറ്റ‌് വിഭജനവുമായി ബന്ധപ്പെട്ട‌് മുന്നണിക്കുള്ളിലെ പൊട്ടിത്തെറി ഇനിയും അതിജീവിക്കാനാകാത്ത സ്ഥിതിയിലാണ‌് യുഡിഎഫ‌്. 1951 മുതൽ മണ്ഡലം നിലവിലുണ്ട‌്. 1967ൽ കെ എം ഏബ്രാഹം ഇടതുപക്ഷ സ്ഥാനാർഥിയായി വിജയിച്ചു. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്നുണ്ടായ സഹതാപതരംഗത്തിൽ നടന്ന 84 ലെ തെരഞ്ഞെടുപ്പിലും എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. സുരേഷ‌്കുറുപ്പ‌് നേടിയ അട്ടിമറി വിജയകഥയുണ്ട‌് മണ്ഡലത്തിന‌് പറയാൻ. പിന്നീട‌് 1998 ലും 1999 ലും 2004 ലും ഈ മിന്നുംവിജയം കുറുപ്പ‌് ആവർത്തിച്ചു.
എറണാകുളം ജില്ലയിലെ പിറവം അടക്കം ഏഴ‌് നിയമസഭാ മണ്ഡലങ്ങളാണ‌് കോട്ടയത്തുള്ളത‌്. മുൻ എംഎൽഎയായും ജീവകാരുണ്യപ്രവർത്തകനായും മികച്ച സംഘാടകനായും ദശാബ്ദങ്ങളായി കോട്ടയത്ത‌് നിറഞ്ഞുനിൽക്കുന്ന വി എൻ വാസവനാണ‌് എൽഡിഎഫ‌് സ്ഥാനാർഥി. 2006ൽ നിയമസഭയിലെത്തിയ അദ്ദേഹം ഏറ്റെടുത്ത‌് നടത്തിയ വികസന പ്രവർത്തനങ്ങൾ കോട്ടയത്തിന്റെ മനസ്സിലുണ്ട‌്. കാരാപ്പുഴ പാലം, കുമരകം റോഡ‌്, നാട്ടകം പോർട്ട‌്, മെഡിക്കൽ കോളേജിൽ കാത്ത‌് ലാബും തൊറസിക‌് സർജറിയും തുടങ്ങുന്നതിന‌് നടത്തിയ ഇടപെടൽ ഇങ്ങനെ നേട്ടങ്ങൾ അനവധി. രാഷ‌്ട്രീയ കക്ഷി, ജാതി മത ഭേദമില്ലാതെ സകലർക്കും സഹായംചെയ്യുന്ന വി എൻ വാസവന്റെ ജനകീയതയാണ‌് എൽഡിഎഫിന്റെ മുതൽക്കൂട്ട‌്. വിജയാശംസ നേർന്ന മെഗാതാരം മമ്മൂട്ടി പറഞ്ഞു: ‘‘ എന്തെങ്കിലും സംഭവമുണ്ടായാൽ ഫയർഫോഴ‌്സെത്തുംമുമ്പേ വി എൻ വാസവനെത്തു’’മെന്ന‌് കേട്ടിട്ടുണ്ട‌്.
കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേരള കോൺഗ്രസ‌് എം വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌് ഉയർത്തിയ കലാപം കോട്ടയം സീറ്റിനുവേണ്ടിയായിരുന്നു. ആദ്യം രണ്ട‌് സീറ്റെന്ന ആവശ്യമായിരുന്നു പാർടിയിലെ രണ്ടാമന‌്. പിന്നീട‌് ഒന്നെങ്കിൽ, കോട്ടയം വേണമെന്നായി. മാണിയുടെ കുതന്ത്രങ്ങളിൽ ജോസഫ‌് വീണു. തോമസ‌് ചാഴിക്കാടൻ യുഡിഎഫ‌് സ്ഥാനാർഥിയായി. മുൻ ഏറ്റുമാനൂർ എംഎൽഎ. 2011 ലും 2016 ലും സുരേഷ‌്കുറുപ്പിനോട‌് പരാജയപ്പെട്ടു. പി ടി ചാക്കോയുടെ മകൻ പി സി തോമസാണ‌് എൻഡിഎ സ്ഥാനാർഥി. കെ എം മാണിയുടെ അനുയായിയായി രാഷ്ട്രീയത്തിൽ വന്ന‌് ബിജെപിയോടൊപ്പമെത്തി കേന്ദ്രമന്ത്രിവരെയായി.
കഴിഞ്ഞ തവണ കോട്ടയം തെരഞ്ഞെടുത്ത ലോക‌്സഭാഗം ജോസ‌് കെ മാണി ഒരുവർഷം മുമ്പ‌് മണ്ഡലത്തെ ഉപേക്ഷിച്ച‌് പോയി. കോട്ടയം റെയിൽവേ സ‌്റ്റേഷനോടുള്ള അവഗണന, പാത ഇരട്ടിപ്പിക്കൽ, പൂർത്തിയാകാത്ത സയൻസ‌് സിറ്റി, റബർ മേഖലയോടുള്ള കേന്ദ്ര അവഗണനയിൽ ഇടപെടാതിരുന്നത‌് തുടങ്ങി എംപിയുടെ പരാജയങ്ങളെക്കുറിച്ച‌് വോട്ടർമാർ ചോദ്യം ഉന്നയിക്കുന്നു. പിണറായി സർക്കാർ നാനാമേഖലയിലേക്ക‌് പകർന്ന‌് നൽകിയിരിക്കുന്ന ക്ഷേമപദ്ധതികൾ എൽഡിഎഫ‌് ഉയർത്തിക്കാട്ടുന്നു.