കണ്ണൂരിൽ വികസനശ്രീയുടെ തിളക്കം

Wednesday Mar 27, 2019
ജയകൃഷ‌്ണൻ നരിക്കുട്ടി

കണ്ണൂർ > കണ്ണൂരിന‌് പുതിയ മുഖം കൈവരികയാണ‌്. ഒരിക്കലും നടക്കില്ല എന്ന‌് കരുതിയ റോഡുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. കണ്ണൂർ വിമാനത്താവളം സജീവമാകുന്നു. അഴീക്കൽ തുറമുഖത്ത‌് കപ്പൽ വരുന്നു. പുഴകളെ ബന്ധിപ്പിച്ച‌് വിപുലമായ ടൂറിസം പദ്ധതി. ഗെയിൽ പൈപ്പിടൽ പൂർത്തിയാകുന്നു.  ഈ വികസനസംസ്കാരത്തിന‌ാണ‌് ഇത്തവണ ജനങ്ങളുടെ വോട്ട‌്. അതിൽ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ സംഭാവന രണ്ടായിരം കോടി കവിയും. ആ ആത്മവിശ്വാസത്തിലാണ‌് കണ്ണൂർ ലോക‌്സഭാമണ്ഡലത്തിൽ എൽഡിഎഫ‌് സഥാനാർഥിയായി പി കെ ശ്രീമതി  വീണ്ടും ജനവിധി തേടുന്നത‌്.

കണ്ണൂരിൽനിന്ന‌്  കഴിഞ്ഞ തവണ പി കെ ശ്രീമതിയോട‌്  പരാജയപ്പെട്ട കോൺഗ്രസ‌് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ‌ായ  കെ സുധാകരനാണ‌് എതിരാളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട‌് ഉദുമയിലേക്ക‌് സുധാകരൻ ഒളിച്ചോടിയെങ്കിലും അവിടെയും വിജയിച്ചില്ല. ഇപ്പോൾ കണ്ണുരിൽ മത്സരിക്കാൻ നിർബന്ധിതനായിരിക്കയാണ‌്. കഴിഞ്ഞ കുറേക്കാലമായി മൂലയ‌്ക്കിരുത്തിയ സി കെ പത്മനാഭനെയാണ‌് ബിജെപി  രംഗത്തിറക്കിയത‌്.
പാർലമെന്റിലും മണ്ഡലത്തിന്റെ വികസനപ്രവർത്തനത്തിലും ഒരുപോലെ ശോഭിച്ച പി കെ ശ്രീമതി ജനങ്ങളുമായി ഹൃദയബന്ധമുള്ള നേതാവാണ‌്. പെരുമാറ്റത്തിലെ ലാളിത്യവും രാഷ്ട്രീയഭേദമില്ലാത്ത സഹായസന്നദ്ധതയും ഇവരെ കൂടുതൽ സ്വീകാര്യയാക്കുന്നു. ഒരു എംപിയുടെ സാന്നിധ്യം കണ്ണൂർ അറിഞ്ഞത‌് പി കെ ശ്രീമതി വന്നപ്പോഴാണ‌് എന്ന‌് എതിരാളികൾപോലും സമ്മതിക്കുന്നു. അവരുടെ ഇടപെടലിലുടെ  എണ്ണമറ്റ വികസനങ്ങളാണ‌് കഴിഞ്ഞ അഞ്ച‌് വർഷത്തിനിടയിൽ എത്തിയത‌്. കൂടെയുണ്ട‌് സംസ്ഥാന സർക്കാരിന്റെ വികസന–- ക്ഷേമപ്രവർത്തനങ്ങളുടെ പിന്തുണയും.

ബിജെപി നോട്ടമിട്ടിരിക്കുന്ന കോൺഗ്രസ‌് പ്രധാനികളിൽ ഒരാളാണ‌് കെ സുധാകരൻ. ചെന്നൈയിൽവച്ച‌് ആർഎസ‌്എസ‌് നേതാക്കളുമായി നടത്തിയ ചർച്ച കോൺഗ്രസ‌് അണികളിലും ജനങ്ങൾക്കിടയിലും ഇപ്പോഴും ചോദ്യമാണ‌്. സുധാകരൻ ബിജെപിയിലേക്ക‌് പോകുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട‌്. നാലുതവണ എംഎൽഎയും ഒരു തവണ മന്ത്രിയും ഒരുതവണ എംപിയുമായ സുധാകരൻ ജില്ലയ‌്ക്കുവേണ്ടി എന്ത‌് ചെയ‌്തെന്ന ചോദ്യത്തിനും ഉത്തരമില്ല. വികസന അജൻഡയ‌്ക്കപ്പുറം അക്രമങ്ങൾ പ്രചാരണ വിഷയമാക്കി മണ്ഡലം തിരിച്ചുപിടിക്കുമെന്ന‌് കെ സുധാകരൻ പറയുമ്പോഴും അതൊക്കെ ബൂമറാങ് പോലെ അദ്ദേഹത്തിനുനേരെ തിരിച്ചടിക്കുകയാണ‌്. ഡിസിസി ഓഫീസ് ബോംബ‌് നിർമാണ ശാലയാക്കിയതും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ക്വട്ടേഷൻ സംഘത്തെ ഇറക്കിയതും സുധാകരനാണെന്ന‌് കണ്ണൂർക്കാർക്ക‌് അറിയാം.

മോഡിയുടെ വികസനത്തുടർച്ചയ്ക്കാണ‌് താൻ വോട്ട‌് ചോദിക്കുന്നതെന്ന‌് സി കെ പത്മനാഭൻ പറയുമ്പോൾ എന്ത‌് വികസനമാണെന്ന ചോദ്യമാണ‌് ജനങ്ങൾ ഉയർത്തുന്നത‌്. നേതൃത്വത്തിലുള്ളവർ മാറിനിന്ന‌് സജീവരാഷ്ട്രീയത്തിൽ ഇല്ലാത്ത ആളെ എന്തിനാണ‌് മത്സരിപ്പിക്കുന്നതെന്നും അണികൾ ചോദിക്കുന്നു.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍