അത്തർ മണക്കുന്ന യുദ്ധഭൂമി
Wednesday Mar 27, 2019
വി ബി പരമേശ്വരൻ
കാൺപൂരിൽനിന്ന് രണ്ടു മണിക്കൂർ കൊണ്ട് ഗംഗാനദീതീരത്തെ കനൗജിലെത്തി. കാളി നദി തൊട്ടുരുമ്മി ഒഴുകുന്നു. ഏതൊരു ഉത്തരേന്ത്യൻ നഗരത്തെയുംപോലെ പൊട്ടിപ്പൊളിഞ്ഞ് പൊടി ഉയർത്തുന്ന റോഡുകളും ഇടനാഴികളും കുതിരയും കാളയും വലിക്കുന്ന വണ്ടികളും. ഇതിനെല്ലാമിടയിലും അത്തറിന്റെ ചന്ദനമണം വിടാതെ പിടികൂടും. വീടുകളിൽ സുഗന്ധദ്രവ്യ നിർമാണത്തിനുള്ള സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഈ വ്യവസായവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമില്ലാത്ത ആരെയും നഗരത്തിൽ കാണാൻ കഴിയില്ല. അരലക്ഷത്തോളം പേർ ഇതുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. വർഷത്തിൽ 80 കോടി രൂപയുടെ വ്യാപാരം. കനൗജിൽ മാത്രം 10 ചന്ദനത്തൈല ഫാക്ടറികൾ. വർഷംതോറും 20,000 ലിറ്റർ ചന്ദനത്തൈലം ഉൽപ്പാദിപ്പിക്കുന്നു. ചന്ദനക്ഷാമം കനൗജിലെ അത്തർ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. വീരപ്പൻ വഴിയായിരുന്നു ഇവർക്ക് സുലഭമായി ചന്ദനമരം ലഭിച്ചിരുന്നതെന്ന് കനൗജിലെ വ്യാപാരികൾ അടക്കംപറഞ്ഞു. (2004 ഒക്ടോബറിൽ വീരപ്പൻ കൊല്ലപ്പെട്ടു).
മുഗളരുടെ കാലത്താണത്രേ പൂക്കളിൽനിന്ന് സുഗന്ധദ്രവ്യങ്ങളുണ്ടാക്കുന്ന ബിസിനസ‌് ആരംഭിച്ചത്. പൂക്കളിൽനിന്നും സത്ത വേർതിരിച്ചെടുക്കുന്ന ചെമ്പുകുടങ്ങളുടെ നീണ്ടനിര കനൗജിലെ കാഴ്ചയാണ്. അതതുകാലത്തെ പൂക്കൾ ചെമ്പുകുടങ്ങളിലെ വെള്ളത്തിൽ തുടർച്ചയായി 15 ദിവസം തിളപ്പിക്കും. പിന്നീട് ചന്ദനത്തൈലമുള്ള ചെമ്പ് ബീക്കറിലേക്ക് മാറ്റുന്നു. എല്ലാ സുഗന്ധദ്രവ്യങ്ങളുടെയും അടിസ്ഥാനം ചന്ദനത്തൈലമാണ്. മിശ്രിതം ശരിയായാൽ ജാറുകളിലേക്ക് ഊറ്റുന്നു. തുടർന്ന് ചെറിയ കുപ്പികളിലേക്കും. ചെറുതും വലുതുമായ നാനൂറോളം യൂണിറ്റ‌് കനൗജിലുണ്ട്. ഫ്രാൻസ്, സൗദി അറേബ്യ, ചൈന എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി. ശുദ്ധവും പ്രകൃതിദത്തവുമായ സുഗന്ധദ്രവ്യങ്ങളാണ് കനൗജിലേത്. അതിനാലാണ് ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റത്തിനിടയിലും ഈ അത്തർ കമ്പനികൾ നിലനിൽക്കുന്നത്.
കനൗജിന്റെ സമ്പന്നമായ ഈ പാരമ്പര്യമല്ല എന്നെ അവിടേക്ക‌് ആകർഷിച്ചത‌്. മുലായംസിങ‌് യാദവിന്റെ മകൻ അഖിലേഷ് യാദവ് അവിടെനിന്നും പാർലമെന്റിലേക്ക് മത്സരിക്കുന്നതാണ‌് യാത്രാഹേതു. 1999ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിരം മണ്ഡലമായ മെയിൻപുരിയിൽനിന്നും കനൗജിൽനിന്നും മുലായം ലോക‌്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കനൗജ് ഉപേക്ഷിച്ച മുലായം മകൻ അഖിലേഷ് യാദവിനെ 2000ലെ ഉപതെരഞ്ഞെടുപ്പിലൂടെ ലോക‌്സഭയിലെത്തിച്ചു. 2012ൽ അഖിലേഷ് മുഖ്യമന്ത്രിയായപ്പോൾ ഭാര്യ ഡിമ്പിൾ യാദവ് കനൗജിൽനിന്നും ലോക‌്സഭയിലെത്തി.