ചന്ദ്രബാബുനായിഡുവിന്റെ കുപ്പത്തിന‌് ദാഹിക്കുന്നു

Saturday Mar 30, 2019
വി ജയിൻ

കുപ്പം (ആന്ധ്രപ്രദേശ്) > കുപ്പം റെയിൽവേ സ്‌റ്റേഷനിൽ രാവിലെ 6.45ന് പുറപ്പെടുന്ന ബംഗളൂരു സിറ്റി മെമുവിൽ കയറിപ്പറ്റാനുള്ളവരുടെ തിരക്കാണ്. ട്രെയിൻ പ്ലാറ്റ്ഫോമിൽ പിടിച്ചതോടെ മൂവായിരത്തോളംപേർ കയറിപ്പറ്റി. നിത്യജീവിതത്തിനുള്ള വകതേടി ഗ്രാമീണ കുടുംബങ്ങളിൽനിന്നുള്ളവരുടെ നിത്യയാത്രയുടെ കാഴ്ചയാണിത്. കുപ്പത്ത് തൊഴിലും ജീവിതമാർഗവുമില്ല. പ്രതിമാസം 25 രൂപയ‌്ക്കുള്ള പ്രത്യേക സൗജന്യ ടിക്കറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും 208 കിലോമീറ്റർ യാത്ര ചെയ്ത് ബംഗളൂരു നഗരത്തിൽ ജീവിതത്തിനുള്ള വകതേടുകയാണ‌് ഈ ഗ്രാമീണർ. ഇവർ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ മണ്ഡലത്തിലെ വോട്ടർമാർ.

വികസനമെന്ന പേരിൽ കുപ്പത്ത‌് എത്തുന്നത് കോൺക്രീറ്റ് റോഡും കെട്ടിടങ്ങളുമാണ്. വെള്ളമില്ല. 1800 അടി കുഴിച്ച് കുഴൽക്കിണർ സ്ഥാപിച്ചാൽ വെള്ളം കിട്ടും. ഒരു കുഴൽക്കിണറിന് ചെലവ് മൂന്നു ലക്ഷം രൂപ. ഇതിന് കഴിവുള്ളവരാണ് ഇവിടെ കിണർ കുഴിക്കുന്നതും കൃഷി ചെയ്യുന്നതും. കുടിവെള്ളത്തിന് പല ഗ്രാമങ്ങളിലും വാട്ടർ ടാങ്കറുകളാണ‌് ആശ്രയം.

രായലസീമയുടെ തെക്കൻ സീമയിൽ തമിഴ്നാടിനോട് ചേർന്നാണ് കുപ്പം. കർണാടകവുമായും അതിർത്തി.   രായലസീമയെന്നാൽ വികസനമില്ലായ്മയെന്ന സങ്കൽപ്പം അനുഭവംകൊണ്ട് അടിയുറച്ചു പോയതാണ്. ഇവിടെ വ്യവസായങ്ങളില്ല. കൃഷിക്ക‌് വെള്ളമില്ല. 2017ലാണ് അവസാനമായി മഴ കിട്ടിയത്.

കുപ്പത്തെ ജനസംഖ്യയിൽ 40 ശതമാനം ദിവസവും മറ്റ് നഗരങ്ങളിൽ പോയി ജോലി ചെയ്യുന്നവരാണെന്ന് ശാസ്ത്ര സംഘടനയായ ജനവിജ്ഞാനവേദികയുടെ ചിറ്റൂർ ജില്ലാ പ്രസിഡന്റ‌് നാഗേശ്വരറാവു ‘ദേശാഭിമാനി'യോട് പറഞ്ഞു. പെദ്ദബദനവാഡ പഞ്ചായത്ത് സർപഞ്ചായ കൃഷ്ണപ്പ പ്രധാന പ്രശ്നമായി പറയുന്നത് ജലക്ഷാമമാണ്. ശ്രീശൈലം അണക്കെട്ടിൽനിന്ന് കൃഷ്ണാ നദിയിലെ ജലം പല ലിഫ്റ്റ് പമ്പുകൾ വച്ച് 550 കിലോമീറ്റർ നീളമുള്ള കനാലിലൂടെ കുപ്പത്തെത്തിക്കുന്ന പദ്ധതി വഴി ഒരു മാസത്തിനകം വെള്ളമെത്തുമെന്ന് തെലുഗുദേശം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, പ്രവൃത്തി നടക്കുന്ന ദ്രാവിഡ സർവകലാശാല മേഖലയിൽ തുരങ്കനിർമാണം പൂർത്തിയായിട്ടില്ല. ചന്ദ്രബാബു നായിഡു വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്  കുപ്പം മണ്ഡലത്തിൽ നായിഡുവിന്റെ പ്രചാരണ ചുമതല വഹിക്കുന്ന  തെലുഗുദേശം പാർടി സംസ്ഥാന സെക്രട്ടറി പി ഗോപിനാഥ് പറഞ്ഞു.

1989 മുതൽ കുപ്പത്തുനിന്ന് മത്സരിക്കുന്ന ചന്ദ്രബാബു നായിഡു എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചു. വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥിയായ  റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ ചന്ദ്രമൗലിയാണ് നായിഡുവിന്റെ എതിരാളി.
 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍