ധർമത്തിന്റെ നാട്ടിൽ ജാതിഭ്രാന്ത‌്

Saturday Mar 30, 2019

ധർമപുരി > ജാതിഭ്രാന്തിൽ വെന്തെരിഞ്ഞ ധർമപുരിയിലെ പാവങ്ങളുടെ മനസ്സിൽ ഉറഞ്ഞുകൂടുന്നത് വർഗീയതയ‌്ക്കെതിരായ രോഷമാണ്. ധർമത്തിന്റെ പേരുള്ള ഈ നാട്ടിലാണ് ജാതിഭ്രാന്തിന്റെ ബലിക്കല്ലിൽ സ്നേഹത്തിനുവേണ്ടി ഇളവരശൻ എന്ന ഇരുപത്തിരണ്ടുകാരൻ രക്തസാക്ഷിയായത്. ദിവ്യയെന്ന പെൺകുട്ടിയെ സ്നേഹിച്ചുവെന്നതാണ‌് ഇളവരശൻ ചെയ‌്ത കുറ്റം.

ഇളവരശന്റെ ഫോട്ടോയുമായി അമ്മ കൃഷ്ണവേണി

ഇളവരശന്റെ ഫോട്ടോയുമായി അമ്മ കൃഷ്ണവേണി

വിവാഹിതരായ ഇളവരശനും ദിവ്യയും ആറ് മാസത്തോളം ഒന്നിച്ച് താമസിച്ചു. ദിവ്യയുടെ അച്ഛൻ നാഗരാജിനെ ജാതിപ്പഞ്ചായത്തുകാർ വിചാരണചെയ്ത് മകളെ തിരികെ വരുത്തണമെന്ന് നിർബന്ധിച്ചു. തുടർന്നാണ് 2012 നവംബർ ഏഴിന് നാഗരാജ് ആത്മഹത്യ ചെയ്തത്. മൃതദേഹവുമായി ആറ് മണിക്കൂർ റോഡ് ഉപരോധിച്ച നാഗരാജിന്റെ സമുദായക്കാർ നത്തം, കൊണ്ടംപട്ടി, അണ്ണാനഗർ പട്ടികജാതി കോളനികൾ ആക്രമിച്ച് 200 വീട‌് കത്തിച്ചു. അയിത്തത്തിനും ബ്രാഹ്മണാധിപത്യത്തിനുമെതിരെ പോരാടി വേരുറച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട്ടിലാണ് ഈ അധർമം നടന്നത്.

അച്ഛന്റെ മരണശേഷവും ഇളവരശനൊപ്പം താമസിച്ച ദിവ്യയെ അമ്മയ്ക്ക് ഗുരുതരരോഗമാണെന്നുപറഞ്ഞ് വിളിച്ചുവരുത്തിയശേഷം നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മൊഴിമാറ്റിച്ചെന്ന് ഇളവരശന്റെ അമ്മ കൃഷ്ണവേണി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം നടന്നതെന്ന് ദിവ്യ കോടതിയിൽ പറഞ്ഞതിന്റെ അടുത്ത ദിവസം 2013 ജൂലൈ നാലിന‌് ഇളവരശന്റെ മൃതദേഹം ധർമപുരി ഗവ. ആർട്സ് കോളേജിനുപിന്നിലെ റെയിൽവേ ട്രാക്കിൽ കണ്ടു.

കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ കുറച്ചുകാലം മാറിനിൽക്കാൻ ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്ക് പോകുന്നുവെന്നുപറഞ്ഞാണ് മകൻ പോയതെന്ന് കൃഷ്ണവേണി ഓർക്കുന്നു. ധർമപുരി ടൗണിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള നത്തം ഗ്രാമത്തിലെ ചെറിയ വീട്ടിൽ ഇടയ്ക്കിടെ ഇളവരശന്റെ ഫോട്ടോ കൈയിലെടുത്ത് കണ്ണീരൊഴുക്കി ഈ അമ്മ നാളുകൾ കഴിക്കുന്നു. ഇളവരശന്റെ അച്ഛൻ ഇളങ്കോ ആരോഗ്യവകുപ്പിൽ ജീവനക്കാരനാണ്. സൈനികനായ ജ്യേഷ്ഠൻ ബാലാജി പഞ്ചാബിലാണ്. സഹോദരി തിലകവതിയുടെ വിവാഹം കഴിഞ്ഞു.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍