‘നമ്മ ജോയ‌്സ‌് നാടിൻ ഉയിർ നാഡി’, നമ്മളിൽ ഒരു വരാകെ സെയിൽപെട്ട വേട് പാളർ വെറ്റി വെറ്റി വരുവാർ
Monday Apr 1, 2019
ഇടുക്കി > ‘നമ്മ ജോയ്സ് ഈ നാടിൻ ഉയിർ നാഡി’, നമ്മളിൽ ഒരു വരാകെ സെയിൽപെട്ട വേട് പാളർ വെറ്റി വെറ്റി വരുവാർ (നമ്മളിൽ ഒരുവനായിനിന്ന‌് പ്രവർത്തിച്ച ജോയ‌്സ‌് മികച്ച വിജയം നേടും) എന്ന ആശീർവാദത്തോടെ ആരതി ഉഴിഞ്ഞ് വരവേറ്റ് മാരിയമ്മ, രാജേശ്വരി, രാജാത്തി, അമൃത തുടങ്ങിയ തോട്ടം തൊഴിലാളികൾ. ഞായറാഴ്ച രാവിലെ 7.15ന‌് വേനൽച്ചൂട് കത്തിക്കയറുംമുമ്പ് രാജാക്കാട് എൻആർ സിറ്റിക്കടുത്ത് തികച്ചും തോട്ടം തൊഴിലാളി ഗ്രാമമായ പുതുകിൽ വൻ ജനാരവം.
വികസന നായകൻ ജോയ്സ് ജോർജിനെ സ്വീകരിക്കാനും ആശീർവദിക്കാനും കാത്തുനിന്നത് തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന വലിയ ജനാവലി. അതിനുമുമ്പേ ഉദ്ഘാടന യോഗം ആരംഭിച്ചിരുന്നു. വരുമെന്നറിയിച്ചിരുന്നതിനും ഏതാനും മിനിറ്റുകൾക്കുമുമ്പേ കൈകൂപ്പി, നിറചിരിയോടെ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ‌് ജനങ്ങൾക്കിടയിലേക്ക്. ഓരോരുത്തരും കൈകളിൽ കരുതിയ പൂച്ചെണ്ടും പൂക്കുലയും ഏലയ‌്ക്കാ മാലയും മധുര ഫലങ്ങളെല്ലാം സ്നേഹോപഹാരങ്ങളായി സ്ഥാനാർഥിക്ക് നൽകി.
എല്ലാവരിൽനിന്നും സ്വീകരണം ഏറ്റുവാങ്ങവേ പ്രായമായ സ്ത്രീ തൊഴിലാളികളും വോട്ടർമാരും ജോയ്സിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. “നമ്മളിൽ മക്കളിൻ സെൽവൻ, മക്കളിൻ പതുകാവലൻ, മക്കളിൻ ജനപ്രതിനിധി എന്നിങ്ങനെ ഹൃദയത്തിന്റെ ഭാഷയിലായിരുന്നു ഓരോ തൊഴിലാളികളുടേയും പ്രതികരണം. തുടർന്ന‌് സ്ഥാനാർഥിയുടെ സംക്ഷിപ‌്തമായ ചെറിയ പ്രസംഗം. പ്രതിസന്ധി ഘട്ടത്തിലും പ്രതികൂലാവസ്ഥയിലും നമ്മൾ ഒറ്റക്കെട്ടായിനിന്ന‌് പ്രവർത്തിച്ചു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ ചെയ്യാനായി. സ്വീകരണ കേന്ദ്രങ്ങളിലും സമീപത്തുമായി നടക്കുന്ന വികസന പദ്ധതികളായ 381 കോടിയുടെ മൂന്നാർ–- പൂപ്പാറ–- ബോഡിമെട്ട് ഹൈവേ, ഹൈമാസ്റ്റ് ലൈറ്റുകൾ, പൂപ്പാറ–- രാജാക്കാട് റോഡ്, രാജാക്കാട്–-അടിവാരം റോഡ്, രാജകുമാരി–- സബ്ട്രഷറി റോഡ്, കല്ലാർകുട്ടി റോഡ്, സ്കൂൾ, കോളേജ് വികസന പദ്ധതികളെല്ലാം നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം വെളിപ്പെടുത്തുന്നതായിരുന്നു ചെറുപ്രസംഗം.
നിരവധിയായ തുടർവികസന പ്രവർത്തനങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്ക‌് പരിഹാരം കാണാനും ഒരവസരംകൂടി തരണമെന്നും അഭ്യർഥിക്കുന്നു. ആദ്യസ്വീകരണ കേന്ദ്രമായ പുതുകിന് സമാനമായ രീതിയിലായിരുന്നു കുംഭപ്പാറ, ഖജനപ്പാറ, രാജകുമാരി, കുരുവിള സിറ്റി, മുരിക്കിൻതൊട്ടി, പൂപ്പാറ, മൂലത്തറ, ആനയിറങ്ങൽ, പന്നിയാർ, തോണ്ടിമല എന്നിവിടങ്ങളിലെ സ്വീകരണം. പുതുകിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബൂത്ത് സെക്രട്ടറി എം എം വിശ്വംഭരൻ അധ്യക്ഷനായി. എം കെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഖജനാപ്പാറയിൽ രാജകീയ തൊപ്പി ശിരസിലണിയിച്ചായിരുന്നു സ്ഥാനാർഥിയെ സ്വീകരിച്ചത‌്.
പൂപ്പാറയിൽ ജോയ്സ‌് ജോർജിന്റെ ചിത്രം മുദ്രണം ചെയ്ത ടീ ഷർട്ട് ധരിച്ച 100 യുവാക്കൾ വരവേറ്റത് വേറിട്ടതായി.അവർക്കൊപ്പം സ്ഥാനാർഥി ടൗണിൽ വോട്ടുതേടി. തുടർന്ന് ശാന്തൻപാറയിലും സേനാപതി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും ഊഷ്മള വരവേൽപ്പ് നൽകി. ഉടുമ്പൻചോലയിൽ നൂറ്കണക്കിന് തൊഴിലാളികളും ഇതര വിഭാഗങ്ങളുംചേർന്ന് പൂത്താലമേറ്റ് സ്ഥാനാർഥിക്ക് വിജയാശംസ നൽകി. പാറത്തോട്ടിലെയും സമാപനകേന്ദ്രമായ മാവടിയിലെയും വൻ ജനസഞ്ചയം എൽഡിഎഫ‌് സ്ഥാനാർഥിയുടെ വിജയവിളംബരമായി. ചിട്ടയോടും കൃത്യ സമയക്രമം പാലിച്ചുമാണ് ഒരു കേന്ദ്രത്തിൽനിന്നും മറ്റൊരു കേന്ദ്രത്തിലേക്കുള്ള സ്ഥാനാർഥി പര്യടനം.
പാർലമെന്റ‌് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവർക്ക‌് പുറമെ ഉടുമ്പൻചോല മണ്ഡലം ഭാരവാഹികളായ പി എൻ വിജയൻ, വി എൻ മോഹനൻ, സി യു ജോയി, എം കെ ജോസഫ്, വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, എൻ പി സുനിൽകുമാർ, ജോസ് വെട്ടംപ്ലാക്കൽ, പ്രിൻസ് മാത്യു, കെ സി ആലീസ്, സഖറിയാസ് പുരയിടം, ടി എം കമലം, സതി കഞ്ഞുമോൻ, സനൽകുമാർ മംഗലശേരി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
മുന്നേറ്റമായി വികസന നായകന്റെ പര്യടനം
സജി തടത്തിൽ
ചെറുതോണി
മണ്ഡലത്തിന്റെ മുക്കിലും മൂലയിലുംവരെ ഹൈറേഞ്ച‌് സംരക്ഷണസമിതി പിന്തുണയ‌്ക്കുന്ന എൽഡിഎഫ‌് സ്വതന്ത്ര സ്ഥാനാർഥിയുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പുവരുത്തിയുള്ള പര്യടനം ആവേശകരമായ മുന്നേറ്റമായി. ലക്ഷക്കണക്കിന് വോട്ടർമാരെ നേരിട്ടുകണ്ട് പിന്തുണ അഭ്യർഥിച്ചു. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചും പ്രചാരണം ആരംഭിച്ചും നാമനിർദേശം നൽകിയും തെരഞ്ഞെടുപ്പുരംഗത്തെ മേൽക്കൈ എൽഡിഎഫും ജോയ്സ് ജോർജും നിലനിർത്തി. പുതുതായി എൽഡിഎഫിൽ അംഗങ്ങളായ ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികളുടെ ശക്തിയും ജോയ‌്സ‌് ജോർജിന്റെ വിജയത്തിന‌് കരുത്തേത്താവുകയാണ്.
അടിത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തിയാണ് എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എതിരാളികൾ നഗരങ്ങളിൽ ഒതുങ്ങുമ്പോൾ ഗ്രാമഹൃദയങ്ങളിൽ ജോയ‌്സിനായി ഉണർന്നിരിക്കുന്നു. പട്ടയ നിഷേധത്തിന്റെയും കുടിയിറക്കൽ ഭീഷണിയുടെയും കിരാത നാളുകളിൽ ജനങ്ങൾക്കൊപ്പം ജോയ‌്സും എൽഡിഎഫ‌് സർക്കാരും നടത്തിയ പോരാട്ടങ്ങൾ അവർക്ക‌് മറക്കാനാവില്ല. ഏലംകൃഷി പ്രകൃതിയുടെ അന്തകനാണെന്ന‌് പറഞ്ഞ ഗാഡ‌്ഗിൽ– -കസ‌്തൂരിരംഗൻ റിപ്പോർട്ടുകളെയും ജനങ്ങൾ മറന്നിട്ടില്ല. 2013 നവംബർ 13ലെ ഉത്തരവിലൂടെ നിരോധനങ്ങൾ ഏർപ്പെടുത്തിയതും കസ‌്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിന് എതിരുനിന്നതും കോൺഗ്രസാണ‌്. മന്ത്രിയും എംപിയും ജില്ലയിൽനിന്ന് ഉണ്ടായതോടെ നാട്ടിലുണ്ടായ പുരോഗതിയും ജനങ്ങളുടെ ഐക്യവുമാണ് ഗ്രാമങ്ങളിൽ ചർച്ചയാകുന്നത്.
ഏലമലക്കാടുകളെ വനമാക്കാൻ ഗൂഢാലോചന നടത്തിയ മുൻ എംപി പി ടി തോമസിന്റെ ശിഷ്യനെ സ്ഥാനാർഥിയാക്കി ആക്രമണം അഴിച്ചുവിട്ടാലും കുടിയേറ്റ ജനതയുടെ ഇച്ഛാശക്തിയെ തോൽപ്പിക്കാനാവില്ല. ഹൈറേഞ്ച‌് സംരക്ഷണസമിതി അംഗങ്ങളെയും കർഷകരെയും കോൺഗ്രസ‌് ഗുണ്ടകൾ ആക്രമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാണ‌്.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും എംപിയെന്ന നിലയിൽ ജോയ്സ് ജോർജ് നടപ്പിലാക്കിയ 4750 കോടിയുടെ വികസന പ്രവർത്തനങ്ങളും ജനങ്ങൾ അനുഭവിച്ചറിഞ്ഞതാണ‌്. എൽഡിഎഫിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ ചിട്ടയായി മുന്നേറുന്നു. പാർലമെന്റ‌്,- അസംബ്ലി മണ്ഡലം കൺവൻഷനുകളും മേഖലാ കൺവൻഷനുകളും ബൂത്ത് കൺവൻഷനുകളും പൂർത്തിയാക്കി. കുടുംബയോഗങ്ങളും വീടുകയറിയുള്ള സ‌്ക്വാഡ‌് പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങൾതന്നെ വീണ്ടും തെരഞ്ഞെടുക്കുമ്പോൾ ഡൽഹിയിൽ ഒരു മതേതര സർക്കാർ ഉണ്ടാക്കാനായിരിക്കും വിനിയോഗിക്കുകയെന്ന‌് വോട്ടർമാരെ ഓർമപ്പെടുത്തിയാണ് ജോയ്സ് ജോർജ് മുന്നേറുന്നത്.
സ്വീകരിക്കാൻ ഡിസിസി അംഗത്തിന്റെ അമ്മയും
ഉടുമ്പൻചോല
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ‌് സ്ഥാനാർഥി ജോയ്സ് ജോർജിനെ സ്വീകരിക്കാനും വിജയാശംസകൾ നേരാനും കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം സുനിലിന്റെ അമ്മ ഭാർഗവി എത്തിയത് ആവേശമായി. ഞായറാഴ്ച പകൽ 10.30ന് എസ്റ്റേറ്റ് പൂപ്പാറയിലെ സ്വീകരണ യോഗത്തിലാണ് ഭാർഗവി എത്തിയത്.
മുരിക്കിൻതൊട്ടിയിലെ സ്വീകരണത്തിനുശേഷം തുറന്ന വാഹനത്തിൽ ജോയ്സ് എസ്റ്റേറ്റ് പൂപ്പാറയിലേക്ക് എത്തുമ്പോൾ തോട്ടം തൊഴിലാളികൾക്കും മറ്റ് സമ്മതിദായകർക്കും ഒപ്പം പൂച്ചെണ്ടുമായി ഭാർഗവി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വാഹനത്തിൽനിന്നും ഇറങ്ങിയ ജോയ്സിന് പൂച്ചെണ്ട് നൽകി തലയിൽ കൈതൊട്ട് വിജയം നേർന്നു. ഒരിക്കൽകൂടി വലിയ വിജയം ഉണ്ടാവുമെന്ന് പറഞ്ഞ് ഭാർഗവി അനുഗ്രഹിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് ജോയ‌്സിനെ സ്വീകരിക്കാനെത്തുന്നത്.