സ്‌കൂളുടെ രക്ഷകന് മിഠായിമാല; പി രാജീവിനെ സ്വീകരിക്കാൻ സ‌്കൂൾ വിദ്യാർഥികൾ കൂട്ടത്തോടെ
Monday Apr 1, 2019
തൃപ്പൂണിത്തുറ/ഉദയംപേരൂർ > മിഠായി കോർത്ത മാല പ്രിയനേതാവിനു ചാർത്തുമ്പോൾ, അടച്ചുപൂട്ടിപ്പോകാമായിരുന്ന തങ്ങളുടെ സ‌്കൂളിനെ ഇന്നത്തെ നിലയിലേക്കു വളർത്തിയതിന്റെ തുടക്കക്കാരനുള്ള അഭിനന്ദനം അറിയിക്കലായിരുന്നു വിദ്യാർഥികൾക്ക‌്. രാജ്യസഭാ എംപിയായിരിക്കെ സൻസദ് ആദർശ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി ഉദയംപേരൂർ പഞ്ചായത്തിനെ ഏറ്റെടുത്ത് വിവിധ വികസനപ്രവർത്തനങ്ങൾ രാജീവ‌് നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി ഉദയംപേരൂരിലെ അഞ്ചു സ‌്കൂളുകൾക്ക‌് ബസും നൽകി. ഉദയംപേരൂരിലെ സ്വീകരണകേന്ദ്രങ്ങളിൽ പി രാജീവിനെ സ്വീകരിക്കാൻ ഈ സ‌്കൂളുകളിലെ വിദ്യാർഥികൾ കൂട്ടത്തോടെയാണ‌് എത്തിയത‌്.
രണ്ടാംഘട്ട പരസ്യപ്രചാരണം ആരംഭിച്ച എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിൽ രാജകീയ വരവേൽപ്പാണ‌് ലഭിച്ചത‌്. രാവിലെ തെക്കൻ പറവൂർ അങ്ങാടിയിൽനിന്ന് പര്യടനം ആരംഭിച്ചു. എം സ്വരാജ‌് എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. മത്സ്യം നൽകിയും പനിനീർപ്പൂമാലകളും പച്ചക്കറി മാലകളും അണിയിച്ചും പൊന്നാടകൾ ചാർത്തിയും പടക്കം പൊട്ടിച്ചും പുഷ്പവൃഷ്ടിനടത്തിയുമാണ‌് ഉദയംപേരൂർ ജനത പ്രിയ നേതാവിനെ സ്വീകരിച്ചത‌്.
രക്തസാക്ഷി വിദ്യാധരന്റെ പേരിലുള്ള സ്മരണിക നൽകി മെക്കാവെളിയിൽ പ്രവർത്തകർ സ്വീകരിച്ചു. ചെറുത്തുനിൽപ്പിന്റെ വർത്തമാനങ്ങൾ എന്ന പേരിൽ രാജീവിന്റെ ലേഖനമടങ്ങിയതാണ് സ്മരണിക. മെക്കാവെളിയിൽ രഞ്ജിനി ജോർജും നിതിൻ എം എസും സ്ഥാനാർഥിക്ക് സമ്മാനിച്ചത് സ്വന്തമായി വരച്ച ഛായാചിത്രങ്ങളാണ്. ഗുരുവായൂർ മുൻ മേൽശാന്തി എഴീക്കോട് സതീശൻ നമ്പൂതിരിയുടെ വീട്ടുവളപ്പിലൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയശേഷം സ്ഥാനാർഥി വീട്ടിലെത്തി അദ്ദേഹത്തോട് സുഖവിവരങ്ങൾ ആരാഞ്ഞു. വ്യാഴാഴ്ച പനങ്ങാട് ചാത്തമ്മയിൽ ചെമ്മീൻകെട്ടിൽവീണ് മുങ്ങിമരിച്ച അശ്വിൻ ജയകുമാർ, ദിൽജിത്ത് ഷാജി എന്നീ വിദ്യാർഥികളുടെ വീട്ടിലെത്തി പി രാജീവും എം സ്വരാജും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഉദയംപേരൂരിലെ പൊതുപര്യടനത്തിനുശേഷം മരടിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ‌് ലഭിച്ചത‌്. ജൈവപച്ചക്കറികളും സ്വന്തമായി വിളയിച്ചെടുത്ത പഴവർഗങ്ങളും നൽകാത്ത സ്വീകരണകേന്ദ്രങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. മരടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം രാജീവ്, പനങ്ങാട് വിവിധ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തു.
അഭിമാനമാണ് രാജീവ് എന്ന് ആലേഖനം ചെയ‌്ത ടീ ഷർട്ട് അണിഞ്ഞ‌് ഡിവൈഎഫ്ഐ പ്രവർത്തകർ മരടിലും പനങ്ങാടും പൊതുപര്യടനത്തിൽ ഉടനീളം സ്ഥാനാർഥിയെ ഇരുചക്രവാഹനങ്ങളിൽ അനുഗമിച്ചു. ദേശീയ ബധിര കായിക മേളയിലെ സ്വർണമെഡൽ ജേതാവ് പവി ഷൈജു, രക്തസാക്ഷി എം ആർ വിദ്യാധരന്റെ സഹോദരി എം ആർ രാജമ്മ തുടങ്ങി നിരവധിപേർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ രാജീവിനെ സ്വീകരിക്കാനെത്തി.
പ്രിയ അനൗൺസറെ തേടി
പി വി രാമചന്ദ്രൻ
തൃപ്പൂണിത്തുറ
പോളിയോ ബാധിച്ച് കാലിന് ചലനശേഷിയില്ലാത്ത സലിം ഇടതുപക്ഷത്തിന്റെ ജില്ലയിലെ പ്രധാന അനൗൺസറായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം സ്വരാജിനുവേണ്ടിയും സലിം അനൗൺസ്‌മെന്റുമായി സജീവമായിരുന്നു.
മൈക്ക് കൈയിലെടുത്താൽ സലിമിനോളം ഊർജമുള്ള മറ്റൊരു വ്യക്തിയില്ലെന്ന് കൂടെയുള്ളവർ പറയും. ശാരീരിക അവശതകൾ കാരണം ഇക്കുറി സലിം രംഗത്തില്ലെങ്കിലും തന്നെ കാണാൻ പി രാജീവ് വീട്ടിലെത്തിയതിന്റെയും സുഖവിവരങ്ങൾ തിരക്കിയതിന്റെയും സന്തോഷം സലിം മറച്ചുവയ‌്ക്കുന്നില്ല.
പ്രതിസന്ധിഘട്ടത്തിൽ വഴിത്തിരിവായത‌് രാജീവിന്റെ ഇടപെടൽ: സാജു നവോദയ
ഉദയംപേരൂർ
ജനനായകൻ പി രാജീവിനെ സ്വീകരിക്കാൻ ജനപ്രിയതാരം സാജു നവോദയയും. തന്റെ ജന്മനാട്ടിലെ രാജീവിന്റെ പര്യടനവിവരം അറിഞ്ഞാണ് സാജു വിജയാശംസയുമായി വെട്ടിക്കാപ്പിള്ളിയിലെ സ്വീകരണകേന്ദ്രത്തിൽ എത്തിയത്. സാജുവിന്റെ വീടിനുസമീപത്ത് രാജീവിന് സ്വീകരണം ഒരുക്കിയിരുന്നെങ്കിലും അവിടേക്ക് എത്താൻ വൈകുമെന്ന് കരുതിയാണ് ഷൂട്ടിങ‌് തിരക്കിനിടയിൽ വിജയാശംസയുമായി വെട്ടിക്കാപ്പള്ളിയിലെത്തിയത‌്. സ്വീകരണകേന്ദ്രത്തിൽ എത്തിയ രാജീവിനെ സാജു ചുവന്ന ഷാൾ അണിയിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ വഴിത്തിരിവായത് പി രാജീവിന്റെ ഇടപെടലാണെന്നും രാഷ്ട്രീയത്തിനതീതമായി ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ വിജയം നാടിന് അനിവാര്യമാണെന്നും സാജു പറഞ്ഞു. രാജീവിന്റെ വിജയത്തിനുവേണ്ടി താനും തന്റെ കുടുംബവും കൂടെയുണ്ടാകുമെന്നും ആ വിജയമാഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരക്കിനിടയിലും സ്വീകരിക്കാനെത്തിയ സാജുവിനെ ചേർത്തുനിർത്തിയാണ് രാജീവ് സ്വീകരണത്തിനു നന്ദി പറഞ്ഞത്.
കനിവേകിയ കരങ്ങൾക്കൊപ്പം
കെ ആർ ബൈജു
ഉദയംപേരൂർ
തങ്ങൾക്ക‌് കനിവിന്റെ സ്നേഹവീടൊരുക്കാൻ നേതൃത്വം നൽകിയ ജനനേതാവിനെ വരവേൽക്കാൻ സലിലയും കുടുംബവും എത്തി. ഉദയംപേരൂർ പത്താംകുഴിയിൽ സലിലയും കുടുംബവുമാണ് എറണാകുളം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥി പി രാജീവിനെ സ്വീകരിക്കാൻ ഞായറാഴ‌്ച സ്വീകരണകേന്ദ്രത്തിലെത്തിയത്.
അസുഖബാധിതനായി ഭർത്താവ് ദിനേശൻ മരിച്ചശേഷം, തകർന്നുവീഴാറായ വീട്ടിൽ ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും തന്റെ മക്കൾക്കും ഒപ്പം കഴിയുകയായിരുന്നു സലില. സലിലയുടെയും കുടുംബത്തിന്റെയും ദുരിതകഥ ദേശാഭിമാനി വാർത്തയാക്കിയതിനെ തുടർന്നാണ് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കനിവ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത‌്. 2017 ഡിസംബറിൽ നിർമാണം ആരംഭിച്ച വീട് 2018 ജുലൈയിൽ പൂർത്തിയാക്കി. പി രാജീവാണ‌് വീടിന്റെ താക്കോൽ കൈമാറിയത്. ഭർത്താവിന്റെ വിയോഗത്തോടെ അരക്ഷിതരായ തങ്ങൾക്ക് സുരക്ഷിതഭവനം ഒരുക്കിയ രാജീവ‌് സ്ഥാനാർഥിയായി എന്നറിഞ്ഞതുമുതൽ ഏറെ സന്തോഷത്തിലായിരുന്നെന്നും ജനങ്ങളുടെ ദുരിതമറിയുന്ന രാജീവിനെപ്പോലുള്ളവരാണ‌് വിജയിക്കേണ്ടതെന്നും സലില പറഞ്ഞു.