ഏഴരപ്പൊന്നാനയുടെ നാട്ടിൽ...

Monday Apr 1, 2019

കോട്ടയം > ജനക്കൂട്ടത്തിൽനിന്ന‌് ജനക്കൂട്ടത്തിലേക്ക‌്.. കോട്ടയം മണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ഹൃദയത്തുടിപ്പ‌് ഏറ്റുവാങ്ങി എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ പര്യടനം തുടരുകയാണ‌്. എവിടെയും സ്വീകരണ കേന്ദ്രങ്ങളിൽ ഉത്സവ പ്രതീതി. മുത്തുക്കുടകളും വെടിക്കെട്ടും. സ‌്നേഹാഭിവാദനമേകാൻ സാധാരണക്കാർ. കോട്ടയത്തിന്റെ ജനകീയ നേതാവ‌് ജനഹൃദയങ്ങളിൽ കൂടുതൽ ഇടം നേടുകയാണ‌്.

ഞായറാഴ‌്ച ഏറ്റുമാനൂർ മണ്ഡലത്തിലായിരുന്നു പര്യടനം. പ്ര‌ളയം തകർത്തെറിഞ്ഞ കുമരകത്തിന്റെ മണ്ണിൽ അതിരാവിലെ പര്യടനത്തിന‌് ആരംഭം. അവധിദിവസത്തിന്റെ ആലസ്യമില്ലാതെ കർമനിരതരായ എൽഡിഎഫ‌് പ്രവർത്തകർ അതിരാവിലെ പ്രചാരണരംഗത്ത‌് സജീവമായി. ഒറ്റ ദിവസം കൊണ്ട‌് മറികടക്കേണ്ടത‌് 60–-ലേറെ സ്വീകരണ കേന്ദ്രങ്ങളാണ‌്. രാവിലെ എട്ടിനു തന്നെ പര്യടനമാരംഭിച്ചു. ആദ്യ സ്വീകരണം മഞ്ചാടിക്കരിയിൽ. സ‌്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ നിറഞ്ഞ സദസ്സിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി ബി ബിനു പര്യടനം ഉദ‌്ഘാടനം ചെയ‌്തു. മനോജ‌് കരീമഠം അധ്യക്ഷനായി. അഡ്വ. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ സംസാരിച്ചു‌. സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി കെ ഷാജി സ്വാഗതം പറഞ്ഞു.

കാലവർഷക്കെടുതിയിൽനിന്ന‌് കരകയറ്റാൻ നാടിനൊപ്പം നിന്ന‌് യത‌്നിച്ച വി എൻ വാസവനെ ജനങ്ങൾക്ക‌് മറക്കാനാവില്ല. ഓരോ സ്വീകരണ കേന്ദ്രത്തിലും ആ സ‌്നേഹം നിറഞ്ഞുനിന്നു. ഇടുങ്ങിയ പാതകളിലൂടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക‌് വിശ്രമമില്ലാതെ സഞ്ചരിച്ച സ്ഥാനാർഥിക്ക‌് തളരാത്ത ആവേശമായതും ആ സ‌്നേഹം തന്നെ. രണ്ടാം സ്വീകരണ കേന്ദ്രമായ ചീപ്പുങ്കലിൽ നാസിക‌് ഡോലും വെടിക്കെട്ടുമായിട്ടായിരുന്നു സ്വീകരണം. പിന്നീട‌് കുമരകം, തിരുവാർപ്പ‌്, അയ‌്മനം, ആർപ്പൂക്കര  പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിലേക്ക‌്. പ്രളയത്തിൽ ഒറ്റപ്പെട്ട തുരുത്തായി പോയ നിരവധി പ്രദേശങ്ങൾ. അവർ അന്ന‌് രക്ഷകനെ കണ്ടത‌് വി എൻ വാസവനിലാണ‌്. മെത്രാൻ കായലിന്റെ വീണ്ടെടുപ്പിനു പിന്നിലും ആ അധ്വാനം ജനം കണ്ടു.

സ‌്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തം അഭൂതപൂർവമായിരുന്നു‌. ബൈക്കുകളിൽ യുവാക്കൾ സ്ഥാനാർഥിക്ക‌് അകമ്പടിയേകി. സ‌്നേഹോപഹാരമായി കരിക്കിൻ കുലയും നെൽകറ്റയുമെല്ലാം സ്ഥാനാർഥിക്ക‌് നാട്ടുകാർ നൽകി. കുന്നപ്പള്ളിയിൽ കൊന്നപ്പൂവ‌് നൽകി സ്വീകരിച്ചു. ഇവിടെ 95 വയസുള്ള എമ്പറ വീട്ടിൽ പാപ്പി എന്ന അമ്മൂമ്മ സ്ഥാനാർഥിയെ മാലയണിയിക്കാൻ എത്തിയത‌് ആവേശക്കാഴ‌്ചയായി. ചെറുപ്പം മുതൽ കമ്യൂണിസ‌്റ്റ‌് പാർടി പ്രവർത്തകയായിരുന്നു. ഇന്നും മനസിലുണ്ട‌് വാർധക്യം ബാധിക്കാത്ത ആ വിപ്ലവവീര്യം.

എൽഡിഎഫ‌് സർക്കാരിന്റെ നിശ‌്ചയദാർഢ്യത്തിൽ ജീവൻ വീണ്ടെടുക്കുന്ന കാർഷിക മേഖലകളിലൂടെയുള്ള പര്യടനം നാടിന‌് ഒരു ഓർമപ്പെടുത്തലായിരുന്നു. നിർണായക ഘട്ടങ്ങളില നാടിനെ ഉപേക്ഷിച്ച‌് പോകാതെ ഒപ്പം നിൽക്കാൻ എൽഡിഎഫിനു മാത്രമേ സാധിക്കൂ എന്ന‌്. പര്യടനം കണ്ടംചിറയിൽ സമാപിച്ചു.

സ്ഥാനാർഥിക്കൊപ്പം അഡ്വ. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ, സിപിഐ എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ‌. കെ അനിൽകുമാർ, പി ജെ വർഗീസ‌്, കെ എൻ രവി,  എം എസ‌് സാനു, അയ‌്മനം ബാബു, വി ജയപ്രകാശ‌്, ഏരിയ സെക്രട്ടറി ബി ശശികുമാർ,  മറ്റ‌് എൽഡിഎഫ‌് നേതാക്കളായ മഹേഷ‌്ചന്ദ്രൻ, ഇ എസ‌് ബിജു, കെ കെ ഹരിക്കുട്ടൻ, സി ടി രാജേഷ‌്, ജി അജയ‌്, റിജേഷ‌് കെ ബാബു, കെ വി ബിന്ദു, എ എം ബിന്നു, രാജീവ‌് നെല്ലിക്കുന്നേൽ, ഷാജിമോൻ, സി വി ചെറിയാൻ, ജയിംസ‌് കുര്യൻ, സാലി ജോർജ‌്, എ പി സലിമോൻ, പി കെ ആനന്ദക്കുട്ടൻ, പി ജി ഗോപി  തുടങ്ങിയവർ  സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

നാടിന്റെ  അമരക്കാരന്‌ പങ്കായം
കോട്ടയം
കുമരകത്തിനടുത്ത‌് നാഷ‌്ണാന്തറയിലെ സ്വീകരണത്തിന‌് വലിയ ജനക്കൂട്ടമെത്തിയിരുന്നു. സ്ഥാനാർഥി വി എൻ വാസവനെ ഹർഷാരവത്തോടെ ജനം എതിരേറ്റു. കൗതുകമുള്ള ഒരു സമ്മാനം അവിടെ വാസവന‌് ലഭിച്ചു‌. ഒരു പങ്കായം.

പഴയ കാലത്തെ മത്സരവള്ളങ്ങളുടെ അമരക്കാരൻ നികർത്തിൽ എൻ എൻ കരുണാകരനാണ‌് സ്ഥാനാർഥിക്ക‌്  തുഴ സമ്മാനമായി നൽകിയത‌്. പ്രളയത്തിൽ നാടിന്റെ രക്ഷകനായി പ്രവർത്തിച്ച വി എൻ വാസവനുള്ള സ‌്നേഹസമ്മാനമായിരുന്നു അത‌്. വള്ളംകളിയുടെ നാടിന്റെ സംസ‌്കാരത്തിന്റെ കൂടി പ്രതീകമായ തുഴയിൽ ഇങ്ങനെ എഴുതിയിരുന്നു –- “അക്ഷരനഗരത്തിന്റെ കാവൽക്കാരന‌്’..

‘വരണം വാസവൻ’  പ്രകാശനം ഇന്ന‌്
പുതുപ്പള്ളി
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് വേണ്ടി തയ്യാറാക്കിയ പ്രചാരണ വീഡിയോ ‘വരണം വാസവൻ’  പ്രകാശനം തിങ്കളാഴ്ച നടക്കും. രാവിലെ 10 ന് കോട്ടയം എൽഡി എഫ്  പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസിലാണ് പ്രകാശനവും പ്രദർശനവും. പ്രശസ്ത സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയത്.  സംവിധായകൻ രാജേഷ് കണ്ണങ്കര ആണ് ചിത്രീകരണം മേൽനോട്ടം നിർവഹിച്ചിരിക്കുന്നത്. വിമാനം സിനിമയുടെ സംവിധായകനായ പ്രദീപ് നായർ പോസ്റ്റ് പ്രൊഡക്ഷൻ  നിർവഹിച്ചിരിക്കുന്നു.  ദേശീയ അവാർഡ് ജേതാവ്  നിഖിൽ എസ് പ്രവീൺ ആണ് ക്യാമറ.  മികച്ച ഗാന രചയിതാവിനുളള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഹരി നാരയണനാണ് ഗാന രചയിതാവ്. എബി ആൽവിനാണ് സംഗീതസംവിധായകൻ. ആൽബിയാണ് എഡിറ്റർ.

പാലം വലിച്ച‌് എംഎൽഎ
അരുൺ തിരുമാറാടി
പിറവം
മണ്ഡലത്തിന്റെ വികസന മുരടിപ്പിന‌് നേർസാക്ഷ്യമായി രാമമംഗലം കോരങ്കടവ‌് പാലവും എക‌്സൈസ‌് കടവ‌് പാലവും. എംഎൽഎയുടെ അനാസ്ഥയിൽ ഇവയുടെ നിർമാണ പ്രവർത്തനങ്ങൾ സ‌്തംഭനാവസ്ഥയിലായി.  ഇതിന്റെ പേരിൽ എംഎൽഎയ‌്ക്കെതിരെ ജനരോഷവും ശക‌്തമാണ‌്.

കുന്നത്തുനാട്, പിറവം മണ്ഡലങ്ങളെ  ബന്ധിപ്പിക്കുന്ന കോരങ്കടവ് പാലത്തിന്റെ ജോലികൾ 2010ലാണ് ആരംഭിച്ചത്.  ഇരുകരകളിലെയും ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായിരുന്ന പാലത്തിന്റെ നിർമാണം എംഎൽഎമാരായിരുന്ന എം ജെ ജേക്കബിന്റെയും എം എം മോനായിയുടെയും ശ്രമഫലമായാണ‌് ആരംഭിച്ചത്. എന്നാൽ, കരാറുകാരൻ ഇടയ‌്ക്ക‌്‌ പണി ഉപേക്ഷിച്ചുപോയി. തുടർന്ന് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎയും മന്ത്രിയുമായ  അനൂപ് ജേക്കബ്  കരാറുകാരനെ ഒഴിവാക്കാനോ  റീടെൻഡർ ചെയ്ത് നിർമാണം തുടരാനോ  ശ്രമിച്ചില്ല. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം  നിർമാണം പുനരാരംഭിക്കുന്നതിനായി കോരങ്കടവ് പ്രദേശത്ത് ഭൂമി വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരത്തുക നൽകി. കുന്നത്തുനാട് കറുകപ്പിള്ളി ഭാഗത്ത് കൃഷിഭൂമി ഒഴികെ സ്ഥലം വിട്ടുനൽകിയവർക്കും പണം നൽകി. എൽഡിഎഫ് പ്രതിനിധികൾ പൊതുമരാമത്ത്, ധനകാര്യ മന്ത്രിമാരെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി പൂർത്തിയാക്കാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. രാഷ‌്ട്രീയ പ്രേരിതമായാണ‌്‌ എംഎൽഎ അഞ്ചുവർഷക്കാലം പദ്ധതിയോട് മുഖംതിരിച്ചുനിന്നത‌്. ഭാഗികമായി പൂർത്തീകരിച്ച മൂന്ന് തൂണുകൾ എംഎൽഎയുടെ അവഗണനയുടെ പ്രതീകമായി മൂവാറ്റുപുഴയാറിൽ കാണാം.

ഇതിനു സമാനമാണ‌് പിറവം എക്സൈസ് കടവ് പാലവും. പിറവത്തെ തിരക്ക് ഒഴിവാക്കാനുള്ള മാർഗമാണിത‌്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വോട്ട്  നേടാനായി യുഡിഎഫ‌ും എംഎൽഎയും  പാലം നിർമാണത്തിന‌്  സർക്കാർ അനുമതി ലഭിച്ചതായി കള്ളപ്രചാരണം അഴിച്ചുവിട്ടു.  തെരഞ്ഞെടുപ്പു കഴിഞ്ഞ‌് പാലം ചർച്ചാ വിഷയമായപ്പോൾ എംഎൽഎ മൗനം പാലിക്കുകയായിരുന്നു. പിറവത്തിന്റെ വികസനത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം അനുവദിക്കണമെന്ന് സിപിഐ എം സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍