സ്‌നേഹക്കടലിൽ നീരാടി ഇന്നസെന്റ്

Monday Apr 1, 2019

കൊടുങ്ങല്ലൂർ > കടലാഴങ്ങളിൽ വലയെറിഞ്ഞ് പിടിച്ച ഇത്തിരി മീനുമായി അഴിമുഖം മുറിച്ചു കടന്ന് അബ്ദുൾ അസീസിന്റെ ‘തൗബ്ബ’ വള്ളം അഴീക്കോട് ജെട്ടിയിൽ വന്നണഞ്ഞു. കാര്യമായി മീനൊന്നും കിട്ടിയില്ലെന്ന നിരാശയോടെയാണ് വള്ളത്തിൽനിന്ന് മത്സ്യത്തൊഴിലാളികൾ കരയിലേക്ക് കയറിയത്. ഇവരുടെ മുഖത്തെ നിരാശാഭാവം പെട്ടെന്ന് മാഞ്ഞു. ഓരോ മുഖങ്ങളിലും പുഞ്ചിരിയുടെ പൂനിലാവ്പരന്നു. ദേ.... ഇന്നസെന്റ്.... കടലോളം സ്നേഹവുമായി അവർ ഇന്നസെന്റിനു ചുറ്റുംകൂടി.

മത്സ്യത്തൊഴിലാളികളുടെ തൊപ്പി ഇന്നസെന്റിനെ അണിയിച്ചു. രണ്ട് നെയ്മീനുകൾ ഇന്നസെന്റിനുനേരെ നീട്ടി. മീനും പിടിച്ച് മത്സ്യത്തൊഴിലാളികൾക്കൊപ്പം ഫോട്ടോയ‌്ക്ക് പോസ്ചെയ്തു. ഫോട്ടോയെടുത്തു കഴിഞ്ഞപ്പോൾ ചെറുചിരിയോടെ ഇന്നസെന്റ് പറഞ്ഞു ‘ഞാനും ഈ പണി ചെയ്തിട്ടുണ്ട്'. എല്ലാവരും ഇന്നസെന്റിന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി. നമ്മുടെ ഫാസിലിന്റെ സിനിമയിൽ അനിയത്തിപ്രാവിൽ.

മത്സ്യത്തൊഴിലാളികളുടെ ഊഷ്മളസ്നേഹം അനുഭവിച്ചറിഞ്ഞ് അഴീക്കോട് ജെട്ടിയിൽ ഒരുക്കിയ സ്വീകരണത്തിലേക്ക് സ്ഥാനാർഥിയെത്തി. രാവിലെ 7.30ന് കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഇന്നസെന്റിന്റെ പര്യടനം അഴീക്കോട് ജെട്ടിയിൽനിന്നാണ് തുടങ്ങിയത്. പര്യടനപരിപാടി ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

‘മരണം എന്റെ കിടപ്പുമുറിയുടെ വാതിക്കൽ വന്ന് മുട്ടിയിട്ടുണ്ട്. രണ്ടുവട്ടം ക്യാൻസർ വന്നപ്പോൾ ഇനി ജീവിച്ചിരിക്കില്ലെന്ന് പലരും കരുതി. ഞാൻ ക്യാൻസറിനെ അതിജീവിച്ചു. നിങ്ങളുടെയെല്ലാം സ്നേഹവും പ്രാർഥനയും മരുന്നുമെല്ലാമാണ് എന്നെ രക്ഷിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞു. വെള്ളിത്തിരയിലെ താരമാകുന്നതിനു മുമ്പ് കർണാടകത്തിലും ഗുജറാത്തിലുമെല്ലാം ജോലിക്കായി അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുകയെന്ന മോഹവുമായി മദ്രാസിലെത്തിയും കുറേനാൾ പട്ടിണി കിടന്നു. അങ്ങനെ അനുഭവങ്ങൾ ഒരുപാടുണ്ട്. മണ്ഡലത്തിൽ ഇനിയും ഒരുപാടുകാര്യങ്ങൾ ചെയ്യാനുണ്ട്. അതിനാണ് വോട്ട് ചോദിക്കുന്നത് .

തുടർന്ന് അഴീക്കോട് ലൈറ്റ് ഹൗസിനു സമീപത്തെ സ്വീകരണകേന്ദ്രത്തിലേക്ക്. ശ്രീനിയുടെ പീടികപ്പരിസരത്ത് എത്തുമ്പോൾ മത്സ്യത്തൊഴിലാളികളടക്കം വൻ ജനം വരവേറ്റു. വലിയവീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ 85 കഴിഞ്ഞ അവ്വുമ്മ ഇന്നസെന്റ് സഞ്ചരിച്ചിരുന്ന വാഹനത്തിന് കൈകാണിച്ചു. വാഹനം നിർത്തിയപ്പോൾ വടിയും കുത്തിപ്പിടിച്ച് അവ്വുമ്മ ഇന്നസെന്റിന്റെ കരംപിടിച്ചു. മോൻ ജയിച്ചുവരുന്നത് എനിക്ക് കാണണം. എട്ടാം ക്ലാസിൽ പഠിക്കുന്ന അമേഖ് തീർത്ത അരിവാൾ ചുറ്റിക നക്ഷത്രം ഇന്നസെന്റിന് സമ്മാനിച്ചു. വില്ലേടത്ത് പരേതനായ രവീന്ദ്രന്റെ ഭാര്യ കോമള മരിച്ചെന്ന വിവരമറിഞ്ഞ് മരണവീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. എറിയാട് പഞ്ചായത്തിലെ സിപിഐ എം അംഗം ബാബുവിന്റെ അമ്മയാണ്  കോമള.

തുടർന്ന് പിഎസ്എൻ കവലയ്ക്ക് സമീപത്തെ സ്വീകരണ കേന്ദ്രത്തിലേക്ക്. വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗവുമെല്ലാം സ്വീകരണകേന്ദ്രത്തിൽ ഉത്സവച്ഛായ പകർന്നു.  കൊന്നപ്പൂക്കളും റോസാപ്പൂക്കളുമെല്ലാം നൽകി ഹൃദ്യമായ സ്വീകരണം. എടവിലങ്ങ് ജനത, സെഞ്ചുറി മഹിളാ സമാജം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പി വെമ്പല്ലൂരിലെ പതിയാശേരിയിലേക്ക്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ കൂട്ടത്തോടെയാണ് സ്വീകരണകേന്ദ്രങ്ങളിലെത്തിയത്. പോഴങ്കാവ് ലക്ഷംവീട് കോളനി, ചാത്തു ബസാർ കോളനി, കേട്ടാടി ബസാർ, മതിൽമൂല എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കിഴക്കുംപുറത്തെത്തി.

മജീഷ്യൻ ബാബുലാൽ ഇന്നസെന്റിന്റെ പ്രചാരണ വാഹനത്തിൽ കയറി മാജിക്കിലൂടെ അന്തരീക്ഷത്തിൽനിന്ന് പൂവെടുത്ത് സ്ഥാനാർഥിക്ക് നൽകിയപ്പോൾ നിറഞ്ഞ കൈയടി. കാതിക്കോട് കഴിഞ്ഞ‌് വെയിലിന് ചൂടേറിത്തുടങ്ങി. ത്രിവേണിയിൽ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. പകൽ മൂന്നിന് പെരിഞ്ഞനം വിശ്വപ്രകാശിനി വായനശാലാ പരിസരത്തുനിന്ന് പര്യടനം തുടങ്ങി. ഇന്നസെന്റിന്റെ ചെറുമക്കളായ ഇരട്ടക്കുട്ടികൾ അന്നയും ജൂനിയർ ഇന്നസെന്റും ഉച്ചക്കുശേഷമുള്ള പര്യടനത്തിൽ ഒപ്പമുണ്ടായി. പഞ്ചാരവളവ് ഹോമിയോ ഡിസ‌്‌പെൻസറി, ചക്കരപ്പാടം കുന്ന്, കുൽദ്വീപ് വീട് പരിസരം, ഇല്ലത്തുപറമ്പൻ വീട് പരിസരം, ഗാർഡിയൻ ആശുപത്രി, വഞ്ചിപ്പുര, പഞ്ഞംപള്ളി, ചെന്ത്രാപ്പിന്നി സെന്റർ, ഹൽവ തെരുവ്, ഈസ്റ്റ് ചെന്ത്രാപ്പിന്നി, എടത്തിരുത്തി നാലാംവാർഡ്, ചൂലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പൈനൂരിൽ പര്യടനം സമാപിച്ചു.

വരവേല്‍ക്കാന്‍ കുഞ്ഞു നിംഷാനയും
സി എസ‌് സുനിൽ
കയ്പമംഗലം
ഇന്നസെ ന്റ് എംപിയുടെ സഹായത്താൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നാലുവയസ്സുകാരി നിംഷാന നിറഞ്ഞ പുഞ്ചിരിയുമായി എത്തി,   എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റെിനെ  കാണാൻ.   തങ്ങളുടെ ജീവിതപ്രാരാബ്ധത്തിനിടെ, കൈത്താങ്ങായ ആ മനുഷ്യനെ നേരിൽ കണ്ട് വിജയാശംസ നേരാനാണ് നിംഷാന കുടുംബസമേതം എത്തിയത്.

കയ്പമംഗലം ഈസ്റ്റിലെ സ്വീകരണകേന്ദ്രത്തിലാണ് കുട്ടിയും കുടുംബവും ഇന്നസെന്റിനെ നേരിൽ കണ്ട് പൂച്ചെണ്ട് നൽകി വിജയംനേർന്നത്. കയ്പമംഗലം ഞാറക്കൽ പാടം ഷഫീക്ക് നിംഷിറ ദമ്പതികളുടെ മകളാണ് നിംഷാന. ഈ പെൺകുഞ്ഞിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കുടുംബം ബുദ്ധിമുട്ടുന്നതിനിടെയാണ് ഒരു ദൈവദൂതനെപോലെ ഇന്നസെന്റ് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കുട്ടിയുടെ ദുരിതം അറിഞ്ഞയുടൻ ചികിത്സയ്ക്ക് ആവശ്യമായ 3.20ലക്ഷം രൂപ നൽകി. ഏഷ്യാനെറ്റ് ചാനലിലെ 'നിങ്ങൾക്കുമാകാം കോടീശ്വര’നിൽ പങ്കെടുത്ത് ഇന്നസെന്റ് കരസ്ഥമാക്കിയ തുകയിൽനിന്ന് പകുതിയാണ് നിംഷാനയുടെ ചികിത്സയ്ക്ക് കൈമാറിയത്. കൂടാതെ, മറ്റൊരാൾക്കും ചികിത്സാ സഹായമായി ചാനലിൽനിന്ന് കിട്ടിയ പണം കൈമാറിയിരുന്നു.

പള്ളിനട ക്യൂൻമേരി കോൺവെന്റിൽ എൽകെജി വിദ്യാർഥിയാണ് ഇപ്പോൾ നിംഷാന. സ്വീകരണകേന്ദ്രത്തിൽ എത്തിയ കുഞ്ഞ് കുടുംബസമേതം ഇന്നസെന്റിന്റെ തുറന്ന വാഹനത്തിൽ കയറി. വളരെ സന്തോഷത്തോടെ ഇന്നസെന്റിന് പൂച്ചെണ്ട് സമ്മാനിച്ചു. കുഞ്ഞിന്റെ സ്നേഹസമ്മാനം സ്വീകരിച്ചശേഷം, ഇന്നസെന്റ് തിരികെ നിംഷാനയുടെ കൈയിൽത്തന്നെ തിരിച്ചേൽപ്പിച്ചു. ഇതും സ്വീകരിച്ച് നന്ദി പറഞ്ഞാണ് കുടുംബം പ്രചാരണവാഹനത്തിൽനിന്ന് ഇറങ്ങിയത്.

പ്രചാരണത്തിന് പേരക്കുട്ടികളും
കയ്പമംഗലം
മധ്യവേനലവധിക്ക് സ‌്കൂൾ പൂട്ടിയതിനാൽ അപ്പാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരട്ടപ്പേരക്കുട്ടികളായ എട്ടാം ക്ലാസുകാർ അന്നയും ഇന്നസെന്റും കൂടി. പേരക്കുട്ടികൾ തുറന്ന ജീപ്പിലാണ് യാത്ര തുടങ്ങിയതെങ്കിലും അൽപ്പം കഴിഞ്ഞതോടെ, ഇരുവരും വാഹനത്തിൽനിന്ന്  ഇറങ്ങി നാട്ടുകാരോട‌് അപ്പാപ്പനുവേണ്ടി വോട്ടഭ്യർഥിച്ചു. 80 ലക്ഷം രൂപ ചെലവാക്കി നടപ്പാക്കിയ കയ്പമംഗലം കടലായിക്കുളം കുടിവെള്ള പദ്ധതി ഉൾപ്പെടെ എംപി ഫണ്ടിൽനിന്നു മാത്രം മൂന്നുകോടിയോളം രൂപയുടെ വികസന പദ്ധതികൾ ഈ പ്രദേശത്ത് നടപ്പാക്കിയിട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. ഇങ്ങനെ  നാടിന്റെ പ്രത്യേക ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റിയതുകൊണ്ടാണ് എംപി ഫണ്ട് 100ശതമാനം വിനിയോഗിക്കാനായത്. ഈ വികസനത്തുടർച്ചയ്ക്കാണ്  വോട്ടു ചോദിക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

 

ടെക‌്നോളജി സെന്റർ ഭാവിക്ക‌് മുതൽക്കൂട്ട്‌
മഞ‌്ജു കുട്ടികൃഷ‌്ണൻ
കൊച്ചി
വികസനം ഭാവിയെക്കൂടി മുന്നിൽ കണ്ടുള്ളതാകണമെന്നും യുവാക്കൾക്ക‌് കൂടുതൽ പരിഗണന കിട്ടണമെന്നും ആഗ്രഹിക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ തയ്യാറുള്ള എംപിയാണോ നിങ്ങൾക്കുള്ളത‌്? ഈ ചോദ്യത്തിന‌് ചാലക്കുടിക്കാർക്കുള്ള  ഉത്തരം അതെയെന്ന‌ുമാത്രമാണ‌്. ഇന്നസെന്റ‌ുതന്നെ വീണ്ടും മണ്ഡലത്തെ പ്രതിനിധാനംചെയ‌്ത‌് പാർലമെന്റിലെത്തണമെന്ന‌് ചാലക്കുടിയിലെ വോട്ടർമാർ ആഗ്രഹിക്കുന്നതും അതുകൊണ്ടുതന്നെ. കേരളത്തിലേക്ക‌് ആദ്യമായി അനുവദിച്ചുകിട്ടിയ കേന്ദ്ര ടെക‌്നോളജി സെന്റർമുതൽ എംപി ഫണ്ടുപയോഗിച്ച‌് നടപ്പാക്കിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിലുൾപ്പെടെ കാണാം ഇന്നസെന്റിന്റെ ദീർഘവീക്ഷണവും വികസനകാഴ‌്ചപ്പാടും. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ ടെക‌്നോളജി സെന്റർ ഏതാനും മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാവുകയാണ‌്. അങ്കമാലിയിലെ ഇൻകെൽ ക്യാമ്പസിൽ കേന്ദ്ര ടെക‌്നോളജി സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.

സൂക്ഷ്മ-–-ചെറുകിട-–-ഇടത്തരം സാങ്കേതികസംരംഭങ്ങൾക്ക് സാങ്കേതികപിന്തുണയും നൈപുണ്യ വികസന പരിശീലനവും നൽകുന്നതാണ് ടെക‌്നോളജി സെന്റർ. നമ്മുടെ നാട്ടിൽ ചെറുകിടവ്യവസായ സംരംഭങ്ങൾ നടത്തുന്നവർക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയും സംരംഭങ്ങൾക്ക‌് സർവവിധ പിന്തുണയും നൽകാൻ ഈ കേന്ദ്രത്തിനു കഴിയും. മികച്ച സാങ്കേതിക വിദഗ്ധരെയും തൊഴിലാളികളെയും വാർത്തെടുക്കുന്ന പരിശീലനകേന്ദ്രംകൂടിയായി ഇത‌് മാറും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷ്മ-–-ചെറുകിട-–-ഇടത്തരം സാങ്കേതികസംരംഭ മന്ത്രാലയത്തിനുകീഴിൽ 18 ടെക‌്നോളജി സെന്ററുകളാണ‌് പ്രവർത്തിക്കുന്നത‌്. 15 കേന്ദ്രങ്ങൾ പുതുതായി തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഒന്ന് കേരളത്തിനുവേണ്ടി അനുവദിപ്പിച്ചെടുക്കാൻ മുന്നിട്ടിറങ്ങിയത‌് ഇന്നസെന്റാണ‌്. സ്ഥലം ഏറ്റെടുക്കലായിരുന്നു ആദ്യകടമ്പ. അതിന‌് വ്യവസായവകുപ്പിനുകീഴിൽ കെഎസ‌്ഐഡിസി തയ്യാറാവുകയും സ്ഥലം അങ്കമാലി ടെൽക്കിനുസമീപം ഇൻകെലിന്റെ പ്രദേശത്തുനിന്ന‌് അനുവദിക്കുകയും ചെയ‌്തതോടെ ആ കടമ്പ കടന്നുകിട്ടി. രൂപരേഖ നൽകുകയും വിശദമായ പദ്ധതിറിപ്പോർട്ട‌് നൽകുകയും ചെയ‌്തതോടെ പദ്ധതി യാഥാർഥ്യമായി.

ആകെ 200 കോടി രൂപയാണ‌് ടെക‌്നോളജി സെന്ററിന‌് ചെലവ‌് പ്രതീക്ഷിക്കുന്നത‌്. ഇതിൽ 130 കോടി രൂപ ആദ്യഘട്ടത്തിൽ ചെലവഴിക്കും.  67 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്ക് ടെൻഡർ ക്ഷണിച്ച‌് ടാറ്റാ കൺസൾട്ടൻസിയുടെ മേൽനോട്ടത്തിൽ നിർമാണപ്രവൃത്തികളും തുടങ്ങി. മാസങ്ങൾക്കുള്ളിൽ കേന്ദ്ര എംഎസ‌്എംഇ ടെക‌്നോളജി സെന്റർ പ്രവർത്തനസജ്ജമാകും. - മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജിഡിപിയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇന്ത്യയിലെ സൂക്ഷ്മ–-ചെറുകിട–-ഇടത്തരം മേഖലയ്ക്ക് വൻ വളർച്ചസാധ്യതകളാണ് നിലവിലുള്ളത‌്. ബിടെക‌്, പോളിടെക‌്നിക‌്, ഐടിഐ വിദ്യാർഥികൾക്ക‌് അവരുടെ നൈപുണ്യവികസനത്തിന‌് അനന്തസാധ്യതകളും ടെക‌്നോളജി സെന്റർ തുറന്നിടുന്നു. നിർമാണമേഖലയിൽ സാങ്കേതിക വ്യവസായ സംരംഭങ്ങൾക്ക‌് ടെക‌്നോളജി സെന്റർ സാങ്കേതികവിദ്യയും സഹായവും നൽകും.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍