യുഡിഎഫ‌് മെലിഞ്ഞ ദശാബ്ദം
Monday Apr 1, 2019
കൽപ്പറ്റ > വയനാട‌് യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം ഊതിവീർപ്പിച്ച ബലൂൺ മാത്രം. ഒരുതരത്തിലും യുഡിഎഫിന്റെ കുത്തകയല്ലാത്ത മണ്ഡലത്തിന‌് അങ്ങനെയൊരു പേര‌് ചാർത്തുന്നതിൽ മാധ്യമങ്ങളും മത്സരിക്കുകയാണ‌്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ യുഡിഎഫിന്റെ ഗ്രാഫ‌് കുത്തനെ താഴ‌്ന്നതായ കണക്കുകളും വസ‌്തുതകളും മറച്ചാണ‌് ദേശീയ തലത്തിൽ പോലും ശ്രദ്ധ നേടുന്ന തരത്തിൽ വയനാടിനെ അമേഠിയോട‌് ഉപമിക്കുന്നതിൽ മാധ്യമങ്ങളും കോൺഗ്രസ‌് നേതാക്കൾക്കൊപ്പം മത്സരിക്കുന്നത‌്. ഒരുതരത്തിലും യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമല്ല വയനാട‌് എന്നത‌് പകൽ പോലെ വ്യക്തം.
വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറിന് വൈത്തിരി ചുണ്ടേലിൽ നൽകിയ സ്വീകരണം
2009നുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ‌് വോട്ടുകളിൽ വന്ന വൻ ഇടിവാണ‌് ഇതിന‌് തെളിവ‌്. 2009ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം ഐ ഷാനവാസ‌് വിജയിച്ചത‌് 1,53,439 വോട്ടിനാണ‌്. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് ഭൂരിപക്ഷം 19,503 ആയി കുറഞ്ഞത‌് മണ്ഡലത്തിൽ ഈ മുന്നണിക്ക‌് സംഭവിച്ച ശൈഥില്യം വ്യക്തമാക്കുന്നു.
മണ്ഡലത്തിലെ അഞ്ചു നഗരസഭയിൽ നാലിലും എൽഡിഎഫ‌് ഭരിക്കുമ്പോൾ ഒന്നു മാത്രമാണ‌് യുഡിഎഫിന‌്. 50 പഞ്ചായത്തിൽ 29ലും എൽഡിഎഫ‌് ഭരണമാണ‌്. 2014ലെ തെരഞ്ഞെടുപ്പുസമയത്ത‌് മണ്ഡലത്തിൽ ഏഴും യുഡിഎഫ‌് എംഎൽഎമാരായിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരും മണ്ഡലത്തിലുണ്ടായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു മണ്ഡലം എൽഡിഎഫ‌് പിടിച്ചെടുത്തു. 2014ൽ യുഡിഎഫിന്റെ ഭാഗമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ ലോക‌്താന്ത്രിക‌് ജനതാദൾ, സി കെ ജാനുവിന്റെ ജനാധിപത്യ രാഷ‌്ട്രീയ സഭ, ആർഎസ‌്പിയിലെ ഒരു വിഭാഗം എന്നീ കക്ഷികളും എൽഡിഎഫിന്റെ ഭാഗമാണ‌്. 2019ലെ ഈ രാഷ‌്ട്രീയ ചിത്രം മറച്ചാണ‌് കോൺഗ്രസും ചില മാധ്യമങ്ങളും വയനാട‌് യുഡിഎഫ‌് കോട്ടയാണെന്ന‌് പ്രചരിപ്പിക്കുന്നത‌്.
പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും ശക്തമായ രാഷ‌്ട്രീയ നിലപാടുകളും എൽഡിഎഫിന് അനുകൂലമാകും. കർഷകരും ആദിവാസികളും തൊഴിലാളികളുമാണ‌് മണ്ഡലത്തിലെ വോട്ടർമാരിൽ ഏറെയും. ഈ വിഭാഗങ്ങൾക്കായി ഉമ്മൻചാണ്ടി സർക്കാരോ അതിനുമുമ്പ‌് ഭരിച്ച കോൺഗ്രസ‌് സർക്കാരുകളോ ഒന്നും ചെയ്തില്ല. കേന്ദ്രത്തിലെ ബിജെപി–-കോൺഗ്രസ‌് സർക്കാരുകളുടെ തെറ്റായ നയങ്ങൾ കാർഷിക–-ആദിവാസി മേഖലകളെ പൂർണമായും തകർത്തു. കോൺഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവികാരമാണ‌് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചത‌്. എൽഡിഎഫ‌് സർക്കാർ നടത്തുന്ന ഹൈടെക‌് പ്രവർത്തനങ്ങൾ മലയോര ഗ്രാമങ്ങളിൽ വികസനമെത്തിച്ചു. വിവിധ പദ്ധതികളിലായി ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഗുണഫലം അനുഭവിക്കുന്നവരും ഇപ്പോൾ എൽഡിഎഫിന‌് അനുകൂലമാണ‌്.
2009നുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ‌് വോട്ടുകൾ കുറഞ്ഞുവരുന്നതായി കണക്കുകൾ തെളിയിക്കുന്നു. 2009ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 4,10,703 വോട്ടാണ‌് എം ഐ ഷാനവാസിന‌് ലഭിച്ചത‌്. 2014 ൽ ഇത‌് 3,77,035 ആയി കുറഞ്ഞു. അതേസമയം, 2009ൽ എൽഡിഎഫിന‌് 2,47,264 വോട്ടാണ‌് ലഭിച്ചത‌്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് ലഭിച്ച വോട്ട‌് 4,54,381 ആയി വർധിച്ചു. മണ്ഡലത്തിന്റെ രാഷ‌്ട്രീയ സ്വഭാവം മാറിയതിന‌് ഈ കണക്കുതന്നെ തെളിവ‌്.