അഞ്ചിലും തോറ്റിട്ട‌് വയനാട്ടിലേക്ക‌്

Monday Apr 1, 2019


ന്യൂഡൽഹി > അമേഠിയിൽനിന്ന‌് ഓടിയൊളിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾക്ക‌് മുഖ്യകാരണം 2017ലെ ഉത്തർപ്രദേശ‌് നിയമസഭാ തെരഞ്ഞെടുപ്പ‌് ഫലം. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുലിന്റെ ഭൂരിപക്ഷം 3.70 ലക്ഷത്തിൽനിന്ന‌് 1.07 ലക്ഷമായി കുത്തനെ ഇടിഞ്ഞിരുന്നു. മൂന്ന‌് വർഷത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലെ അഞ്ച‌് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ‌് പിന്നോക്കം പോയി. വോട്ടുനിലയിലും വലിയ കുറവ‌് വന്നു.

അഞ്ച‌് നിയമസഭാ മണ്ഡലത്തിലായി കോൺഗ്രസ‌് സ്ഥാനാർഥികൾക്ക‌് ആകെ ലഭിച്ചത‌് 2,37,216 വോട്ടാണ‌്. ബിജെപി സ്ഥാനാർഥികൾക്കാകട്ടെ 3,46,234 വോട്ട‌്. കോൺഗ്രസിനേക്കാൾ 1.09 ലക്ഷം വോട്ട‌് ബിജെപിക്ക‌് അധികമായി ലഭിച്ചു. മൂന്ന‌് മണ്ഡലത്തിൽ എസ‌്പിയുടെ പിന്തുണ കോൺഗ്രസിന‌് ലഭിച്ചിരുന്നു. എന്നിട്ടും വോട്ടുനിലയിൽ വലിയ കുറവുണ്ടായി.

തിലോയ‌്, സലോൺ, ജഗ‌്ദിഷ‌്പുർ, ഗൗരിഗഞ്ച‌്, അമേഠി എന്നിങ്ങനെ അഞ്ച‌് നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്നതാണ‌് ലോക‌്സഭാ മണ്ഡലം. 2017ൽ അഞ്ചിലും തോറ്റ കോൺഗ്രസിന‌് എസ‌്പി പിന്തുണയുണ്ടായിട്ടും മൂന്നിടത്ത‌ുമാത്രമേ രണ്ടാമതെത്താനായുള്ളൂ. തിലോയ‌് മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തേക്ക‌് പിന്തള്ളപ്പെട്ട കോൺഗ്രസ‌് അമേഠി നിയമസഭാ മണ്ഡലത്തിൽ നാലാംസ്ഥാനത്തായി. തിലോയിൽ ബിജെപിയുടെ മായങ്കേശ്വർ സിങ‌് 96,119 വോട്ടോടെ ജയിച്ചപ്പോൾ ബിഎസ‌്പിയുടെ മുഹമ്മദ‌് സൗദ‌് 52,072 വോട്ടോടെ രണ്ടാമതെത്തി. കോൺഗ്രസിന്റെ വിനോദ‌് മിശ്ര 35,837 വോട്ടോടെ മൂന്നാമതായി.

അമേഠി നിയമസഭാ മണ്ഡലത്തിലാണ‌് കോൺഗ്രസിന‌് കനത്ത തിരിച്ചടിയേറ്റത‌്. ഇവിടെ ബിജെപിയുടെ ഗരിമ സിങ‌് 64,226 വോട്ടോടെ വിജയിച്ചപ്പോൾ എസ‌്പിയുടെ ഗായത്രി പ്രസാദ‌് 59,161 വോട്ടോടെ രണ്ടാമതും ബിഎസ‌്പിയുടെ രാംജി 30,175 വോട്ടോടെ മൂന്നാമതുമെത്തി. നാലാമതായി പോയ കോൺഗ്രസ‌് സ്ഥാനാർഥി അമീത്ത സിങ്ങിന‌് 20,291 വോട്ടുമാത്രമാണ‌് നേടാനായത‌്. മുതിർന്ന കോൺഗ്രസ‌് നേതാവും നെഹ‌്റു കുടുംബത്തിന്റെ അടുപ്പക്കാരനുമായ സഞ‌്ജയ‌് സിങ്ങിന്റെ ഭാര്യയായ അമീത്ത സിങ‌് രണ്ടുവട്ടം അമേഠി എംഎൽഎയായിരുന്നു.

അടിയന്തരാവസ്ഥയ‌്ക്ക‌ുശേഷം 1977ൽ സഞ‌്ജയ‌് ഗാന്ധിയാണ‌് നെഹ‌്റു കുടുംബത്തെ പ്രതിനിധാനംചെയ‌്ത‌് അമേഠിയിൽ ആദ്യമായി മത്സരിക്കാനെത്തിയത‌്. കന്നിയങ്കത്തിൽ സഞ‌്ജയ‌് ഗാന്ധി ജനതാ പാർടിയുടെ രവീന്ദ്രപ്രതാപ‌് സിങ്ങിനോട‌് മുക്കാൽ ലക്ഷം വോട്ടുകൾക്ക‌് തോറ്റു. എന്നാൽ, 1980ൽ സഞ‌്ജയ‌് ഗാന്ധി മണ്ഡലം തിരിച്ചുപിടിച്ചു. രവീന്ദ്രപ്രതാപ‌് സിങ്ങിനെ 1.28 ലക്ഷം വോട്ടിനാണ‌് സഞ‌്ജയ‌് തോൽപ്പിച്ചത‌്. സഞ‌്ജയിന്റെ മരണത്തോടെ 1981ലെ ഉപതെരഞ്ഞെടുപ്പിൽ രാജീവ‌് ഗാന്ധി അമേഠിയിൽ സ്ഥാനാർഥിയായി. ലോക‌്ദളിന്റെ ശരത‌് യാദവിനെ 2.37 ലക്ഷം വോട്ടിന‌് രാജീവ‌് തോൽപ്പിച്ചു. 1984, 89, 91 തെരഞ്ഞെടുപ്പുകളിലും രാജീവ‌് ഗാന്ധി വലിയ ഭൂരിപക്ഷത്തിൽ അമേഠിയിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ സഞ‌്ജയിന്റെ വിധവ മേനക ഗാന്ധിയെയാണ‌് രാജീവ‌് തോൽപ്പിച്ചത‌്. സ്വതന്ത്രയായി മത്സരിച്ച മേനക 3.14 ലക്ഷം വോട്ടിന‌് തോറ്റു.

1991ൽ രാജീവ‌് ഗാന്ധിയുടെ മരണത്തോടെ നെഹ‌്റു കുടുംബം തൽക്കാലത്തേക്ക‌് അമേഠിയിൽനിന്ന‌് മാറി. ഉപതെരഞ്ഞെടുപ്പിൽ സതീശ‌് ശർമ കോൺഗ്രസ‌് സ്ഥാനാർഥിയായി ജയിച്ചു. 96ലും വിജയം ആവർത്തിച്ച ശർമ എന്നാൽ 1998ൽ കോൺഗ്രസിൽനിന്ന‌് കൂറുമാറി ബിജെപി പാളയത്തിലെത്തിയ സഞ‌്ജയ‌് സിങ്ങിനോട‌് തോറ്റു. കോൺഗ്രസ‌് അധ്യക്ഷപദവി ഏറ്റെടുത്ത‌് രാഷ്ട്രീയപ്രവേശം നടത്തിയ സോണിയ ഗാന്ധി 1999ൽ സഞ‌്ജയ‌് സിങ്ങിനെ മൂന്നുലക്ഷം വോട്ടിന‌് തോൽപ്പിച്ചു. 2004ൽ സോണിയ റായ‌്ബറേലിയിലേക്ക‌് മാറിയതോടെ രാഹുൽ അമേഠിയിൽ എത്തി. തുടർന്ന‌് മൂന്ന‌് തെരഞ്ഞെടുപ്പ‌് വിജയം. അമേഠിയിൽ കോൺഗ്രസ‌് നിലവിൽ തീർത്തും പരുങ്ങലിലാണ‌്. എസ‌്പിയും ബിഎസ‌്പിയും പിന്തുണയ‌്ക്കുമെന്ന വിശ്വാസത്തിലാണ‌് പ്രതീക്ഷകളത്രയും.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍