അമേഠിയെ കുളമാക്കി ചുരം കയറുന്നു ; രാഹുൽ ഗാന്ധിയിൽ ഇനിയും പ്രതീക്ഷയർപ്പിക്കാനില്ലെന്ന‌് അമേഠിയിലെ യുവതലമുറ
Monday Apr 1, 2019
ന്യൂഡൽഹി > നെഹ‌്റു കുടുംബത്തിന്റെ പ്രതാപംമാത്രം മുൻനിർത്തി വോട്ടുചെയ്യുന്ന കാലം മാറിയെന്ന‌് അമേഠിയിലെ പഴയ തലമുറ. 2004 മുതൽ 2019 വരെ തങ്ങളെ പ്രതിനിധാനംചെയ‌്ത രാഹുൽ ഗാന്ധിയിൽ ഇനിയും പ്രതീക്ഷയർപ്പിക്കാനില്ലെന്ന‌് യുവതലമുറ. നാല‌് പതിറ്റാണ്ടോളം നെഹ‌്റു കുടുംബത്തിലെ പ്രമുഖർ പ്രതിനിധാനം ചെയ‌്തിട്ടും അടിസ്ഥാനസൗകര്യങ്ങൾക്കുള്ള ഭാഗ്യം പോലുമില്ലാത്ത അമേഠിയിലെ ജനത വോട്ടിലൂടെ പ്രതികരിക്കുമെന്ന ഭീതിയെ തുടർന്നാണ‌് രാഹുൽ ഗാന്ധി തെക്കേഇന്ത്യയിൽ ‘സുരക്ഷിത’മണ്ഡലം തേടുന്നത‌്.2009ൽ രാഹുലിന്റെ ഭൂരിപക്ഷം 3.90 ലക്ഷം വോട്ടായിരുന്നു. 2014ൽ ഇത‌് 1.07 ലക്ഷമായി കുത്തനെ ഇടിഞ്ഞു. ഇതോടെതന്നെ ചിത്രം വ്യക്തമായിരുന്നു. 2014ൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം -18 തവണ മാത്രമാണ‌് രാഹുൽ അമേഠിയിലെത്തിയത‌്. ഒരോതവണ സന്ദർശിക്കുമ്പോഴും ‘അടുത്ത 10–-15 വർഷത്തിനുള്ളിൽ അമേഠിയെ കാലിഫോർണിയയുടെയും സിംഗപ്പുരിന്റെയും നിലവാരത്തിലേക്ക‌് ഉയർത്തുമെന്ന‌് അവകാശപ്പെടും’.
ഗൃഹസന്ദർശനങ്ങളും സംവാദങ്ങളും മാധ്യമങ്ങളിൽ വാർത്തയാക്കും. ഇതിനപ്പുറം ജനപ്രതിനിധിയെന്ന നിലയിൽ ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ‌് വോട്ടർമാരുടെ ആക്ഷേപം. 2009ൽ രാഹുലിന്റെ സഹോദരി പ്രിയങ്ക അമേഠി സന്ദർശിച്ചപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട‌് കണ്ട‌് കണ്ണീരണിഞ്ഞു. തന്റെ കുടുംബത്തിലെ കഴിവുറ്റ നേതാക്കൾ പ്രതിനിധാനം ചെയ‌്തിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മണ്ഡലം ഏറെ പിന്നിലാണെന്ന‌് അവർ തുറന്നു സമ്മതിച്ചു. പ്രിയങ്കയുടെ സന്ദർശനം കഴിഞ്ഞ‌് 10 വർഷം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
അമേഠിയിലെ വികസനമുരടിപ്പ‌് പരിഹരിക്കാൻ ഒന്നുംചെയ്യാത്ത രാഹുലിനുവേണ്ടി ഇക്കുറിയും വോട്ട‌് പാഴാക്കരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ‌് ബിജെപിയുടെ പ്രചാരണം. 2019 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേഠിയിലെ കോർവയിൽ എകെ–-203 തോക്ക‌് നിർമാണ യൂണിറ്റ‌് ഉദ‌്ഘാടനംചെയ‌്തിരുന്നു. 2007ൽ സമാനമായ പദ്ധതിക്കുവേണ്ടി രാഹുൽ തന്നെ കോർവയിൽ ശിലാസ്ഥാപനം നടത്തിയെങ്കിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല.
2019 ജനുവരിയിൽ അമേഠിയിലെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് തുടക്കംകുറിക്കാൻ ഗൗരീഗഞ‌്ജിൽ എത്തിയ രാഹുലിന‌് വലിയ പ്രതിഷേധം നേരിടേണ്ടിവന്നു. രാജീവ‌് ഗാന്ധി എംപിയായിരുന്ന കാലയളവിൽ സാമ്രാട്ട‌് സൈക്കിൾ ഫാക്ടറിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകണമെന്ന‌് ആവശ്യപ്പെട്ടാണ‌് കർഷകർ രംഗത്തെത്തിയത‌്. പദ്ധതിക്കായി ഏറ്റെടുത്ത 65.57 ഏക്കർ രാജീവ‌്ഗാന്ധി ചാരിറ്റബിൾ ട്രസ‌്റ്റ‌് വളഞ്ഞവഴിക്ക‌് സ്വന്തമാക്കിയെന്നാണ‌് ആക്ഷേപം. വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കക്ഷിരാഷ്ട്രീയത്തിനുമപ്പുറം അമേഠിയിലെ ജനങ്ങൾ ചർച്ചചെയ്യുന്നുണ്ട‌്.
അമേഠിയിൽ സ‌്മൃതി ഇറാനി തന്നെയാകും രാഹുലിനെ നേരിടുകയെന്ന‌് വളരെ നേരത്തെ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവർ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദീപാവലി സമ്മാനമായി അമേഠിയിലെ സ‌്ത്രീകൾക്ക‌് തന്റെയും നരേന്ദ്ര മോഡിയുടെയും വർണചിത്രങ്ങൾ പതിച്ച 15,000 സിൽക്ക‌് സാരികൾ വിതരണം ചെയ‌്തത‌് വാർത്തയായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ‌്ഘാടനച്ചടങ്ങുകളിൽ മുടങ്ങാതെ പങ്കെടുക്കാനും അവർ സമയം കണ്ടെത്തി. ഗൗരിഗഞ‌്ജിൽ താമസിച്ച‌് തെരഞ്ഞെടുപ്പ‌് പ്രചാരണത്തിലും സജീവമായിട്ടുണ്ട‌്. ഈ സാഹചര്യത്തിലാണ‌് അമേഠിക്ക‌് പുറമേ മറ്റൊരു മണ്ഡലംകൂടി തേടാൻ രാഹുൽഗാന്ധി നിർബന്ധിതനായത‌്.