‘കേരളത്തിലെ ആഫ്രിക്ക’യല്ല–- ഹൈടെക‌് വയനാട‌്
Monday Apr 1, 2019
കൽപ്പറ്റ > എല്ലാ ഗ്രാമകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളേക്കാൾ മികച്ച സർക്കാർ ആശുപത്രികൾ. നൂറ‌് ശതമാനം ഹൈടെക്കായ വിദ്യാലയങ്ങൾ. അത്യാധുനിക റോഡുകൾ. ദാരിദ്ര്യമില്ലാത്ത ആദിവാസി കോളനികളിൽ വൃത്തിയും വെടിപ്പുമുള്ള മനോഹരമായ കൊച്ച‌് വീടുകൾ. ശുചിത്വമുള്ള തെരുവോരങ്ങളും ഗ്രാമങ്ങളും. നഗരവത‌്കരിക്കപ്പെട്ട ഗ്രാമങ്ങൾ. ദാരിദ്ര്യത്തിന്റെയോ പട്ടിണിയുടെയോ ദൈന്യമില്ലാത്ത ആത്മവിശ്വാസമുള്ള ആദിവാസികളും തൊഴിലാളികളും......ഇത‌് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ വയനാട‌്.
‘കേരളത്തിലെ ആഫ്രിക്ക’ എന്ന‌് മുമ്പ‌് ചരിത്രാന്വേഷകർ നിർവചിച്ച വയനാട‌് ഇന്ന‌് രാജ്യത്തെ ഏറ്റവും അധികം വികസനം എത്തിയ ജില്ല. ഇരുൾമൂടിയ വനാന്തരങ്ങളും വെളിച്ചമെത്താത്ത ഗ്രാമങ്ങളും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ദാരിദ്ര്യത്തുരുത്തുകളായ ആദിവാസി ഊരുകളും എല്ലാമായിരുന്നു പഴയ വയനാട‌്. എന്നാൽ, എൽഡിഎഫ‌് സർക്കാരുകളുടെ ഇച‌്ഛാശക്തിയിൽ ഈ പിന്നോക്ക നാട‌് വികസനത്തിന്റെ പൊൻവെളിച്ചത്തിലാണ‌്. വികസനം എത്തി നോക്കാത്ത വയനാടൻ ഗ്രാമങ്ങളെ ഹൈടെക് ഗ്രാമങ്ങളായി. പിണറായി വിജയൻ മന്ത്രിസഭ മൂന്ന‌് വർഷത്തിനകം നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ ഒരു ശതമാനം പോലും ഗാന്ധി കുടുംബം അമേഠിയിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. അമേഠിയിലെ കുഗ്രാമങ്ങൾ കണ്ട അനുഭവത്തിൽ വയനാട്ടിലെത്തുന്ന രാഹുലിനെ ഈ വികസന മാതൃക അത‌്ഭുതപ്പെടുത്തും എന്നതിൽ സംശയമില്ല.
കൂടുതൽ കാലം യുഡിഎഫിനെയാണ‌് വോട്ടർമാർ നിയമസഭയിലേക്കും ലോക‌്സഭയിലേക്കും അയച്ചത‌്. അതിന‌് പ്രതിഫലമായി വയനാട്ടുകാർക്ക‌് തിരികെ കിട്ടിയത‌് അവഗണന മാത്രം. എൽഡിഎഫ‌് ജനപ്രതിനിധികൾ നിയമസഭയിലെത്തിയ ശേഷമാണ‌് വയനാട്ടിലെ അവികസിത ഗ്രാമങ്ങളിൽ വികസനമെത്തിയത‌്.
കണ്ണൂർ, കോഴിക്കോട‌് ജില്ലകളുടെ ഭാഗമായിരുന്ന വയനാടിന‌് സ്വന്തമായി ഒരു ജില്ല വേണമെന്ന ആവശ്യം പോലും തടസ്സപ്പെടുത്തിയ പാരമ്പര്യമാണ‌് കോൺഗ്രസിനുള്ളത‌്. സിപിഐ എമ്മിലെ ചാത്തുണ്ണി മാസ‌്റ്റർ വയനാട‌് ജില്ല രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി നിയമസഭയിൽ ഉന്നയിച്ചപ്പോൾ ജില്ലയിലെ യുഡിഎഫ‌് എംഎൽഎമാർ എതിർത്തു. തുടർന്ന‌് 1980ലെ ഇ കെ നായനാർ മന്ത്രിസഭയാണ‌് ജില്ല രൂപീകരിച്ചത‌്. ജില്ല രൂപീകരണം മുതൽ ഇങ്ങോട്ട‌് വയനാട്ടിൽ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയത‌് എൽഡിഎഫ‌് സർക്കാരുകൾ.
വിദ്യാഭ്യാസ മേഖലയിൽ ചരിത്രനേട്ടം
കൽപ്പറ്റ ഗവ. കോളേജ‌്, മാനന്തവാടി ഗവ. കോളേജ‌്, മാനന്തവാടി എൻജിനിയറിംഗ‌് കോളേജ‌്, വെറ്ററിനറി സർവകലാശാല, കാർഷിക കോളേജ‌്, മീനങ്ങാടി പോളിടെക‌്നിക്ക‌്, മേപ്പാടി പോളി, കൽപ്പറ്റ ഐടിഐ, നെന്മേനി വനിത ഐടിഐ, വെള്ളമുണ്ട ഐടിഐ, പി കെ കാളൻ മെമോറിയൽ കോളേജ‌് ഓഫ‌് അപ്ലെഡ‌് സയൻസ‌്, ബത്തേരി ആർട‌്സ‌് കോളേജ‌്, ചെതലയം ട്രൈബൽ സ‌്റ്റഡി സെന്റർ തുടങ്ങിയ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എൽഡിഎഫ‌് സർക്കാരുകളുടെ സമ്മാനം. സംസ്ഥാനത്ത‌് ആദ്യമായി മുഴുവൻ സ‌്കൂളുകളും ഹൈടെക‌് ആയി മാറ്റിയ ജില്ല നടന്ന‌് കയറിയത‌് ആധുനികതയുടെ പടവുകളിലേക്ക‌്. മൂന്ന‌് സ‌്കൂളുകൾ അന്തരാഷ‌്ട്ര നിലവാരത്തിലേക്കുയർത്താനുള്ള നടപടികൾ പൂർത്തിയാകുന്നതോടെ വയനാട‌് വിദ്യാഭ്യാസ മേഖലയിൽ പുതുചരിതമെഴുതും.
ആരോഗ്യ മേഖല
150 ഓളം തസ‌്തികകളാണ‌് ആരോഗ്യ മേഖലയിൽ പുതുതായി പിണറായി സർക്കാർ സൃഷ‌്ടിച്ചത‌്. ജില്ല ആശുപത്രിയിൽ 60 ഡോക്ടർമാ രെ പുതുതായി നിയമിച്ചു. സ‌്പെഷ്യാലിറ്റി ക്ലിനിക്കുകളും തുടങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ആധുനീകരിച്ച ലാബ‌്, സിടി സ‌്കാൻ, എക‌്സ‌്–-റേ യൂണിറ്റ്, ബ്ലഡ് സെപ്പറേഷൻ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, എൻഐസിയു, ആംബുലൻസ് സർവീസ‌് തുടങ്ങിയ സേവനങ്ങളെല്ലാം ഒന്നിനൊന്ന‌് മെച്ചപ്പെട്ട‌് പ്രവർത്തിക്കുന്നു.
രക്തബാങ്കും 24 മണിക്കൂർ പ്രവർത്തിക്കുന്നു. കോസ‌്മറ്റോളജി, സൈക്യാട്രി, ജീവിത ശൈലി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളും ഒഫ്താൽമിക്ക് ഓപ്പറേഷൻ തിയറ്ററും മറ്റ‌് സ‌്പെഷ്യാലിറ്റി ക്ലിനിക്കുകൾക്കൊപ്പം പ്രവർത്തിക്കുന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ മാത്രം ഡോക്ടർമാർ ഉൾപ്പെടെ 53 തസ‌്തികകൾ സൃഷ‌്ടിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിലേക്ക‌് ആശുപത്രി പ്രവർത്തനം മാറ്റി. നാല‌് പിഎച്ച‌്സികൾ ആധുനിക സൗകര്യങ്ങളോടെയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
മെഡിക്കൽ കോേളജ‌്
2012ൽ യുഡിഎഫ‌് സർക്കാർ മെഡിക്കൽ കോളേജ‌് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടി എടുത്തില്ല. എൽഡിഎഫ‌് സർക്കാർ കിഫ‌്ബിയിൽ ഉൾപ്പെടുത്തി 625.38 കോടി രൂപക്ക‌് ഭരണാനുമതി നൽകി പ്രവർത്തി ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും പ്രളയത്തെ തുടർന്ന‌് നിർമാണാനുമതി നിഷേധിക്കപ്പെട്ടു. പുതിയ ഭൂമി കണ്ടെത്താൻ ബജറ്റിൽ അഞ്ച‌് കോടി രൂപ നീക്കി വെച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.
കാർബൺ ന്യൂട്രൽ വില്ലേജ‌് കോഫി പാർക്ക‌്
കാപ്പികർഷകരെ സഹായിക്കാൻ സർക്കാർകാർബൺ ന്യൂട്രൽ വില്ലേജ‌് കോഫി പാർക്ക‌് പദ്ധതി തുടങ്ങി കഴിഞ്ഞു. വാര്യാട‌് നൂറേക്കർ ഭൂമി ഏറ്റെടുത്ത‌് പാർക്ക‌് സ്ഥാപിക്കാൻ 150 കോടി രുപയാണ‌് ബജറ്റിൽ നീക്കിവെച്ചത‌്.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലയെ പൂകൃഷി, സുഗന്ധ നെൽകൃഷി മേഖലയായി പ്രഖ്യാപിച്ചു. ഫ്രൂട്ട‌് വില്ലേജ‌് പദ്ധതിയും നടപ്പാക്കുന്നു.
ആദിവാസി കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ സംസ്ഥാന സർകാർ ആവിഷ്കരിച്ച ഗോത്രബന്ധു പദ്ധതിയാണ് ആദിവാസി വികസനചരിത്രത്തിലെ നാഴികകല്ലാണ‌് .'മെന്റർ' അധ്യാപകർ എന്ന പേരിൽ 241 ആദിവാസി അധ്യാപകരെയാണ‌് നിയമിച്ചത‌്.
69 ആദിവാസികൾക്ക‌് നിയമനം
പൊലീസ്, എക്സൈസ് വകുപ്പിൽ പ്രത്യേക നിയമനം നൽകുന്നതിന്റെ ഭാഗമായി വയനാട്ടിൽ 69 ആദിവാസി യുവാക്കൾക്ക‌് നിയമനം നൽകി . ഏറ്റവും പിന്നോക്ക വിഭാഗമായ പണിയ, കാട്ട്നായക്ക വിഭാഗങ്ങളിലുള്ളവർക്കാണ് നിയമനം നൽകിയത്. സിവിൽ പൊലീസ് ഓഫീസർമാരായി വയനാട്ടിൽ 40 പുരുഷന്മാർക്കും 12 വനിതകൾക്കും നിയമനം ലഭിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായി രണ്ട് വനിതകൾ ഉൾപ്പെടെ 17 പേർക്ക് നിയമനം നൽകി.