അതിജീവനത്തിന്റെ പൊൻകണി
Tuesday Apr 2, 2019
പറവൂർ > മണ്ണിനോടും പച്ചപ്പിനോടുമുള്ള സ്നേഹവും കരുതലും ഏപ്രിൽ ഒന്നിന്റെ സന്ദേശമാക്കി വൃക്ഷത്തൈ നട്ടാണ് എറണാകുളം പാർലമെന്റ‌് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പി രാജീവ് പറവൂർ നിയമസഭാ മണ്ഡലത്തിൽ തിങ്കളാഴ‌്ചത്തെ പര്യടനം തുടങ്ങിയത്. മഞ്ഞാലിക്കടുത്ത് തേലത്തുരുത്തിൽ ചിന്താ ആർട്സിന്റെ സ്ഥലത്ത് വഴിയോരത്ത് മാവിൻതൈ നട്ട പി രാജീവ്, മാവിന്റെ പരിപാലന ചുമതല ക്ലബ‌് സെക്രട്ടറി സതീഷിനെ ഏൽപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയെ നമ്മൾ അഭിമുഖീകരിക്കുമ്പോൾ പ്രകൃതിയെ പരമാവധി സംരക്ഷിച്ചു മാത്രമേ ഭൂമിയെ വാസയോഗ്യമായി നിലനിർത്താൻ കഴിയൂവെന്ന് രാജീവ് പറഞ്ഞു. ഏപ്രിൽ ഫൂൾ മാറ്റിവച്ച് ഈ ദിവസം മരങ്ങൾ നട്ടാൽ ഭാവിയിൽ ഏപ്രിൽ കൂളാക്കി മാറ്റാമെന്നും രാജീവ് ചൂണ്ടിക്കാട്ടി.
പുത്തൻവേലിക്കര പഞ്ചായത്തിലെ കിഴക്കൻ മേഖലയുടെ കാർഷിക സമൃദ്ധിയിലൂടെ പര്യടനം നടത്തിയ രാജീവിന് വിഷുമാസത്തുടക്കത്തിൽ കണിക്കൊന്നപ്പൂക്കളും പഴവർഗങ്ങളും പച്ചക്കറികളും കൊണ്ട് നാട്ടുകാർ സമൃദ്ധമായ കണിയൊരുക്കി. ഓരോ സ്വീകരണ കേന്ദ്രത്തിലും പഴവർഗങ്ങളും ഫലവർഗങ്ങളും പച്ചക്കറികളും സ്നേഹപുഷ്പങ്ങളും നൽകാൻ മത്സരമായിരുന്നു. ചെണ്ടമേളവും ഡോളും ചെങ്കൊടികളും ചെങ്കുടകളും ചുവന്ന ബലൂണുകളും വെടിക്കെട്ടുമായി ഓരോ സ്വീകരണവും ജനം ഉത്സവമാക്കി.
തുരുത്തിപ്പുറം പുൽപ്പാർക്ക് ചുവന്ന പരവതാനി വിരിച്ചും കൊടിതോരണങ്ങളും ചുവന്ന ബലൂണുകളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും കൊണ്ട് അലങ്കരിച്ചും ചുവപ്പു കോട്ടയാക്കി മാറ്റി. രാജീവിന്റെ ചിത്രം പതിച്ച ചുവന്ന ടി ഷർട്ടണിഞ്ഞ നൂറോളം യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ രാജീവിനെ സ്വീകരിച്ചാനയിച്ചു. തുരുത്തൂരിലെ സ്വീകരണകേന്ദ്രത്തിൽ പ്രൈമറി ക്ലാസിൽ മേലഡൂർ സ്‌കൂളിൽ ഒരു ബെഞ്ചിലിരുന്ന് പഠിച്ച ലിജോ എന്ന തൊഴിലാളി രാജീവിനെക്കണ്ട് ഓർമ പുതുക്കാൻ എത്തി. എളന്തിക്കര ചൗക്കക്കടവിൽ പുഴയിൽ മുങ്ങിമരിച്ച മകന്റെ ദുഃഖത്തിലായിരുന്ന സുന്ദരന്റെ കുടുംബത്തെ രാജീവ് വീട്ടിലെത്തി ആശ്വസിപ്പിച്ചു.
വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നത്തെത്തിയ രാജീവിനെ കാവടിയുടെ അകമ്പടിയോടെ നാണയപ്പറയും ഇല്ലിത്തൈയും ചെടികളും ഫലവർഗങ്ങളും നൽകിയാണ് വരവേറ്റത്. ഏകമകൻ റോബിൻ വാഹനാപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിൽ കഴിയുന്ന എം ബി ദിവാകരന്റെ വീട്ടിലെത്തിയ രാജീവ് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. ഇടയ‌്ക്ക് വഴിയിൽ തുറന്ന വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ കൊച്ചുമിടുക്കി വേദോപദേശ പാഠപുസ്തകത്തിന്റെ താളിൽ പി രാജീവിന്റെ ആശംസ എഴുതി വാങ്ങി. മാല്യങ്കര എസ്എൻഎം കോളേജിൽ വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും സന്ദർശിക്കാനും ഇതിനിടയിൽ സമയം കണ്ടെത്തി.
ഉച്ചയ‌്ക്ക് ശേഷം പറവൂർ മണ്ഡലത്തിൽ വടക്കേക്കരയിൽനിന്ന് ആരംഭിച്ച പര്യടനത്തിന്റെ ആദ്യ കേന്ദ്രത്തിലെ സ്വീകരണയോഗം എസ് ശർമ എംഎൽഎ ഉദ്ഘാടനംചെയ്തു. വാവക്കാട് സ്വീകരണകേന്ദ്രത്തിൽ വെണ്ണലപ്പറമ്പിൽ ലീല മുത്തശ്ശി പാളനിറയെ കപ്പലണ്ടിയുമായാണ‌് സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നത‌്. മൂത്തകുന്നം എസ്എൻഎം സ്‌കൂളിനടുത്ത് കപ്പലണ്ടിയും മിട്ടായിയും വിൽക്കുകയാണ് ലീലമുത്തശ്ശി. മുറവൻ തുരുത്തിൽ കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അജിത്കുമാർ പി രാജീവിന് കെഎസ്ആർടിസി ബസിന്റെ മാതൃക സമ്മാനിച്ചു. വടക്കേക്കരയിൽ രാജീവിന്റെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും ആലേഖനം ചെയ്ത ടി ഷർട്ട് അണിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു. ചേന്ദമംഗലം വലിയപല്ലംതുരുത്തിൽ നാട്ടുകാർ രാജീവിനെ സ്വീകരിച്ചത് ചേക്കുട്ടിപ്പാവകൾ കൊരുത്ത‌് നിർമിച്ച മാലകൾ അണിയിച്ചാണ്.