കൊട്ടിക്കയറുന്ന തൃശ്ശൂർ
Friday Apr 5, 2019
സി എ പ്രേമചന്ദ്രൻ
തൃശൂർ > തൃശൂർ പൂരത്തിന് ഒരു കൂട്ടരുടെ അമിട്ട് വിരിഞ്ഞ് അടുത്തത് വൈകിയാൽ തൃശൂർക്കാര് വിളിച്ചുപറയും ‘ചോപ്പമിട്ട് കലക്കീട്ട്', ‘നിങ്ങടെ വല്ലതും നടക്ക്വോ ഗഡീ...' തൃശൂർ ലോക‌്സഭാ മണ്ഡലത്തിന്റെ നിലവിലെ സ്ഥിതി അതാണ‌്. എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ‌് നേരത്തേ രംഗത്തിറങ്ങി മൂന്ന് റൗണ്ട് പര്യടനം പൂർത്തിയാക്കി. ചേരിപ്പോരിനൊടുവിലാണ് കോൺഗ്രസ് സ്ഥാനാർഥിയായത‌്. തർക്കങ്ങൾക്കൊടുവിൽ എൻഡിഎ സ്ഥാനാർഥി വന്നു, ദേ പോയി. ഒടുവിൽ പത്രിക സമർപ്പണത്തിന് മണിക്കൂറുകൾമാത്രം ബാക്കി നിൽക്കെ ബിജെപിയുടെ അഭിനയം തീർന്നില്ല.
ഇതൊക്കെയാണെങ്കിലും മതങ്ങൾ മറന്ന് മനുഷ്യരൊന്നാകുന്നതാണ് പൂരനാട്. വി ടിയും എം ആർ ബിയും പ്രേംജിയും ഇ എം എസുമുൾപ്പെടെ നവോത്ഥാന പോരാട്ടങ്ങളാൽ വഴിവിളക്കായിമാറി. ഗുരുവായൂർ ക്ഷേത്രനഗരിയിൽ ഇന്നും എ കെ ജിയുടെയും കൃഷ്ണപിള്ളയുടെയും പോരാട്ടസ്മരണകളിരമ്പുന്നു. കുട്ടംകുളം സമരഭൂമിയും ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സർദാറിന്റെ മണ്ണും മണ്ഡലത്തിന്റെ ഭാഗങ്ങളാണ്. 78 ലോകരാഷ്ട്രങ്ങളിൽ സഞ്ചരിച്ച അനുഭവപാഠങ്ങളുള്ള എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ‌് ജനമനസ്സ‌് കീഴടക്കി പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ. ഏഷ്യയിലെ ആദ്യ ഗവ. ആയുർവേദ സ്പോർട്സ് ആശുപത്രി, വിജ്ഞാൻപാർക്ക് തുടങ്ങി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനക്കുതിപ്പുകൾ ജനമനസ്സിലുണ്ട‌്.
കഴിഞ്ഞതവണ എൽഡിഎഫിലെ സി എൻ ജയദേവനാണ് വിജയിച്ചത്. എംപി ഫണ്ടുപയോഗിച്ച് അദ്ദേഹം നടത്തിയ വികസനപ്രവൃത്തികളും ഒല്ലൂർ എംഎൽഎ ആയിരിക്കെ രാജാജി നടപ്പാക്കിയ പുത്തൂർ സുവോളജിക്കൽ പാർക്കുൾപ്പെടെയുള്ള വികസനങ്ങളും തിളങ്ങിനിൽക്കുന്നു. വി എം സുധീരന്റെ അരുമശിഷ്യനായ ടി എൻ പ്രതാപനാണ‌് മറ്റ‌് പ്രബലരായ എ–-ഐ ഗ്രൂപ്പുകളെയും പിന്തള്ളി സീറ്റ‌് തരപ്പെടുത്തിയത‌്. ഡിസിസി പ്രസിഡന്റുമായ പ്രതാപൻ നാട്ടികയിൽനിന്നും കൊടുങ്ങല്ലൂരിൽനിന്നും നിയമസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട‌്. 2016ൽ മത്സരിക്കാൻ വിസമ്മതിച്ചത‌് പരാജയഭീതിമൂലമാണെന്ന‌് അക്കാലത്തുതന്നെ ആക്ഷേപമുയർന്നിരുന്നു.
തൃശൂരിൽ ബിജെപി ശക്തികേന്ദ്രമാണെന്നവകാശപ്പെട്ടിട്ടും ഘടകകക്ഷിയായ ബിഡിജെഎസിനാണ് ആദ്യം സീറ്റ് നൽകിയത്. തർക്കങ്ങൾക്കൊടുവിൽ ഏറെ വൈകി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർഥിയായി രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതോടെ തൃശൂർ കൈയൊഴിഞ്ഞ് തുഷാർ ചുരംകയറാൻ തീരുമാനിച്ചു. ബിജെപി ഗ്രൂപ്പുതർക്കം രൂക്ഷമായതോടെ ഒടുവിൽ നടൻ സുരേഷ് ഗോപിയെ നിർബന്ധിപ്പിച്ച് മത്സരത്തിനിറക്കി.