ഇങ്ങനെ സന്മനസുള്ളവർ ജയിച്ചുവരണം, പാവപ്പെട്ടവരോട് കാരുണ്യമുള്ളവർ; ഇന്നസെന്റിന് എല്ലാ വിജയാശംസകളും നേരുന്നു
Friday Apr 5, 2019
പി വി ബിമല്‍കുമാര്‍
കൊടുങ്ങല്ലൂർ
ഓരോ ഡയാലിസിസും ചെലവില്ലാതെ കഴിഞ്ഞുപോകുമ്പോൾ ആശ്വാസം ചെറുതല്ല. ഇന്നസെന്റിനോടാണ് ഇതിന് നന്ദിപറയേണ്ടത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നസെന്റ് ഡയാലിസ് യൂണിറ്റ് സ്ഥാപിച്ചില്ലായിരുന്നുവെങ്കിൽ....
പുല്ലൂറ്റ് സ്വദേശിയായ ഇളയേടത്ത് ഭാസ്കരൻ വിതുമ്പിക്കൊണ്ട് നിർത്തി. പിന്നെ പറഞ്ഞു.
ഇങ്ങനെ സന്മനസ്സുള്ളവർ ജയിച്ചുവരണം. പാവപ്പെട്ടവരോട് കാരുണ്യമുള്ളവർ. ഇന്നസെന്റിന് എല്ലാ വിജയാശംസകളും നേരുന്നു–-
വൃക്കരോഗിയായ ഭാസ്കരൻ പറഞ്ഞുനിർത്തി.
അകമ്പടി വാഹനത്തിൽ ഇന്നസെന്റ് കൈവീശി കടന്നുപോയപ്പോൾ ഭാസ്കരൻ കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ചരിത്രനഗരമായ കൊടുങ്ങല്ലൂരിന്റെ ഹൃദയഭൂമിയിൽ വ്യാഴാഴ്ചയാണ‌് ഇന്നസെന്റ് പര്യടനം നടത്തിയത്. ഭരണിമഹോത്സവത്തിന്റെ ആരവങ്ങളുയരുന്ന കുരുംബക്കാവിനെ വലം ചുറ്റി പര്യടന വാഹനമെത്തിയപ്പോൾ ദൂരദേശങ്ങളിലെ തറകളിൽനിന്ന് കൊടുങ്ങല്ലൂർക്കാവ് പൂകാനെത്തിയ സ്ത്രീകളടക്കമുള്ളവർ ഇന്നസെന്റിനെ അഭിവാദ്യം ചെയ്തു.
കൃഷ്ണന്‍കോട്ടയിലെ പര്യടനത്തിനിടെ കുഞ്ഞിനെ ലാളിക്കുന്ന ഇന്നസെന്റ്
ചെമ്പട്ടണിഞ്ഞ കൊടുങ്ങല്ലൂർക്കാവിന്റെ അഭിവാദ്യമേറ്റുവാങ്ങിയായിരുന്നു പര്യടനം. റാട്ട് യന്ത്രങ്ങളുടെ താളത്തിൽ കയർപിരി തൊഴിലാളികളുടെയും കർഷകരുടെയും അനുഗ്രഹങ്ങളേറ്റുവാങ്ങി നാരായണമംഗലം കോഴിക്കുളങ്ങരയിൽനിന്നാണ‌് ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിന്റെ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തുറന്ന വാഹനത്തിലുള്ള രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായത്. പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു.
കണിക്കൊന്നപ്പൂക്കളും മാമ്പഴങ്ങളും നൽകിയായിരുന്നു ആദ്യ സ്വീകരണം. ഇവിടെനിന്നുള്ള ഒരു എംപിയും ഇതുവരെ ചെയ്യാത്ത വികസനമാണ് ഞാൻ നടത്തിയത്. നാടിന്റെ വികസനത്തുടർച്ചയ‌്ക്ക‌് എനിക്ക് വോട്ടുചെയ്യണമെന്ന് ഇന്നസെന്റ് പറഞ്ഞു നിർത്തിയപ്പോൾ നിലയ്ക്കാത്ത കൈയടി. കോഴിക്കുളങ്ങരയിൽനിന്ന് ചാപ്പാറയിലേക്ക്. തുടർന്ന് നാലുകണ്ടത്തേക്ക്. നാലുകണ്ടത്തിലെത്തിയപ്പോൾ മാലപ്പടക്കം പൊട്ടിച്ച് സ്വീകരണം. തുടർന്ന് കൊടുങ്ങല്ലൂർ ബൈപാസ് മുറിച്ചു കടന്ന് ആലേച്ചു പറമ്പിലേക്ക്. ഇവിടെ പ്ലക്കാർഡുമേന്തി കുട്ടികളടക്കമുള്ളവർ സ്ഥാനാർഥിയെ വരവേറ്റു. കാത്തോളിപ്പറമ്പിൽ സ്വീകരണംകഴിഞ്ഞ് പടന്നയിലേക്ക്. എൽത്തുരുത്ത്, കോട്ടപ്പുറം കോട്ട എന്നിവിടങ്ങളിൽ വൻ വരവേൽപ്പ്. ഇവിടെനിന്ന് കൃഷ്ണൻകോട്ടയിലേക്ക്. ചെന്തുരുത്തി, പ്ലാവിൻമുറി, കുരുവിലശേരി, തിരുമുക്കുളം, കുണ്ടൂർ എന്നിവിടങ്ങളിലും സ്വീകരണം.
ഉച്ചതിരിഞ്ഞ് വാളൂർ, മേലഡൂർ, ആലത്തൂർ, കോട്ടമുറി, അമ്പഴക്കാട്, ഗുരുതിപ്പാല, മാരേക്കാട്, വടമ, കരിങ്ങോൾ ചിറ, മാണിയംകാവ്, കോവിലകത്ത് കുന്ന്, നെടുങ്ങാണത്തുകുന്ന്, കടലായി സമത, താണിയത്ത്കുന്ന്, പൈങ്ങോട് മഹിളസമാജം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോണത്തുകുന്നിൽ സമാപിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ, അമ്പാടി വേണു, എം രാജേഷ്, നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, കെ വി വസന്തകുമാർ, സി ആർ പുരുഷോത്തമൻ, അഡ്വ. സി പി രമേശൻ, ടി കെ ഉണ്ണികൃഷ്ണൻ, ഡേവിസ് പാറേക്കാട്ട്, ജോർജ് നെല്ലിശേരി, കെ സി വർഗീസ്, ജോഷി, കെ എസ് കൈസാബ്, പി പി സുഭാഷ്, രതീഷ്, ഇ ജെ ഹീര, ഇ എ നവാസ്, ബിജു കണ്ടകൈ, ബിജു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.