അവിടെ പാലുകാച്ചൽ ഇവിടെ...
Saturday Apr 6, 2019
ദിനേശ് വർമ
ഇരട്ടിബലത്തിനുമുന്നിൽ അഭ്യാസം കൊണ്ട‌് കാര്യമൊന്നുമില്ലയെന്ന‌് നാട്ടിൻപുറത്തൊരു ചൊല്ലുണ്ട‌്. രാഹുൽ–-പ്രിയങ്ക നാടകങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയപ്പോഴാണ‌് ‘അഭ്യാസ’ ങ്ങളുടെ കാര്യം ഓർമ്മ വന്നത‌്. പണ്ടാണെങ്കിൽ മനോരമയും മറ്റും വച്ചുകാച്ചുന്ന ചിത്രവും അടിക്കുറിപ്പും പാവം വായനക്കാർ തൊണ്ട തൊടാതെ വിഴുങ്ങി അത‌്ഭുതം കൂറി ‘‘ശ്ശൊ’’ എന്നൊരു സീൽക്കാരവും മേമ്പൊടിക്ക‌് പല്ലി ചിലയ‌്ക്കുന്ന ശബ‌്ദവും പുറപ്പെടുവിച്ചേനെ. ഇന്ന‌് അതല്ല കഥ, വരമ്പത്ത‌് കൂലിയാ.
ഉത്തരേന്ത്യയിൽ നിന്ന‌് പടപേടിച്ച‌് വയനാടെത്തിയപ്പോഴേക്കും സംഗതി പന്തിയല്ലല്ലോ എന്ന‌് തോന്നിക്കാണും. അതോടെയാകും മനോരമ സ‌്റ്റൈലിൽ ഒരു ‘സിമ്പതി വേവി’ ന‌് പ്ലാൻ ചെയ‌്തത‌്. പക്ഷെ, ചീറ്റി. അപ്പോഴപ്പോഴേക്ക‌് പൂച്ച‌് പുറത്തായി. വയനാട്ടിൽ റോഡ‌്ഷോക്കിടെ മാധ്യമപ്രവർത്തകൻ വീണു, ഒരു സെക്കന്റിന്റെ പോലും വ്യത്യാസമില്ലാതെ പ്രിയ രാഹുലും പ്രിയ പ്രിയങ്കയും ചേർന്ന‌് സ‌്ട്രെച്ചറിൽ കേറ്റുന്നു, ഷൂപിടിക്കുന്നു..... പടമെടുക്കുന്നു.. കൈവിടുന്നു. അത്രമാത്രം പൊലീസും എസ‌്പിജിയും കോൺഗ്രസ‌് പ്രവർത്തകരും തിങ്ങിയ സ്ഥലത്താണിതെന്നോർക്കണം. മാത്രമോ, പന പോലെ നേതാക്കളെത്രയാ നിരന്നു നിന്നത‌്. ഇവർക്കാർക്കും കഴിയാത്ത ‘രക്ഷാ പ്രവർത്തനം’ രാഹുലിനും പ്രിയങ്കയ‌്ക്കും സാധിച്ചതെങ്ങനെ ? ( കഷ‌്ടായി ട്ടോളി, ആ പ്രളയ സമയത്തെങ്ങാനും ഇവരെ വരുത്തിയാൽ മതിയായിരുന്നു ) മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ പ്ലാനിങ‌്. നേരത്തെ സുരക്ഷ ലംഘിച്ച‌് റോഡ‌് സൈഡിൽ നിൽക്കുന്ന ചിലർക്ക‌് രാഹുൽ കൈകൊടുത്ത‌് ഓടിയെങ്കിലും അതത്ര ക്ലച്ച‌് പിടിച്ചില്ല. തുടർന്നാണ‌് പുതിയ നാടകങ്ങൾ.
മാധ്യമ പ്രവർത്തകൻ വീണു എന്നത‌് മാത്രമാണ‌് യഥാർഥമായി സംഭവിച്ചത‌്. ബാക്കിയൊക്കെ സംഭവിപ്പിച്ചതും. സോഷ്യൽ മീഡിയയിൽ സൂപ്പർഫാസ‌്റ്റായി ഓടുന്ന ഒരു വീഡിയോ മാത്രം കണ്ടാൽ മതി നാടക രചന അത്ര മോശമായിരുന്നില്ലെന്ന‌് അറിയാൻ. മാധ്യമപ്രവർത്തകന്റെ ഷൂ എടുത്ത‌് എസ‌്പിജി ഉദ്യോഗസ്ഥൻ പ്രിയങ്കയുടെ കയ്യിൽ കൊടുക്കുന്ന രംഗങ്ങൾ കാണാം. രാഹുൽ ജയൻ സ‌്റ്റൈലിൽ സ‌്ട്രെച്ചർ പിടിക്കുന്ന രംഗവും കൊള്ളാം. ക്യാമറാമാൻമാർ പെട്ടെന്നു തന്നെ ‘മിന്നി’ച്ചതിനാൽ നാടക രംഗത്തിനും അവസാന ബെല്ലടിച്ചു. ‘അവിടെ പാലു കാച്ചലും ഇവിടെ കല്യാണവും’ ഈ വയനാടൻ യാത്രയിൽ മാത്രമല്ല. കുറച്ചു നാളായി തുടങ്ങിയിട്ട‌്. വടക്കേ ഇന്ത്യയിൽ പ്രചാരണത്തിനു പോകുമ്പോൾ കൈയിലും കഴുത്തിലും ധാരാളം ചരടുകളും മാലയും ധരിച്ച‌്, യഥേഷ‌്ടം കുങ്കുമവും പൂശി നടക്കുന്നവർക്ക‌് വയനാട്ടിലേക്കുള്ള ഹെലിക്കോപ‌്ടറിൽ കയറിയാൽ ഇതൊന്നും വേണ്ട.
പക്ഷെ, അത്തരം കാര്യങ്ങളൊന്നും മറച്ചു വയ‌്ക്കാനാവാത്ത വിധം സോഷ്യൽ മീഡിയ കണ്ണ‌് തുറന്നിരിക്കുന്നുവെന്ന‌് മലയാളത്തിലെ മാധ്യമങ്ങളെങ്കിലും മനസിലാക്കണ്ടെ ? മനോരമയുടെ സർവെ തന്നെ ഉദാഹരണം. ഏത‌് ലോകത്ത‌് നോക്കിയാണ‌് സർവെ? ഒരു മണ്ഡലത്തിലെ ജനങ്ങളും ഇവര‌് പറഞ്ഞതുപോലെ അഭിപ്രായം പങ്കുവയ‌്ക്കുന്നതായി അറിവില്ല. ‘ഞങ്ങൾക്ക‌് ഇത്രയും സീറ്റോ?’ എന്ന‌് ചോദിച്ച‌് കോൺഗ്രസുകാരടക്കം രാത്രി ചിരിച്ച‌് മണ്ണ് കപ്പിയെന്നാണ‌് വാർത്ത.
വേറൊന്നും വേണ്ട അഞ്ച‌് കോടി എന്റെ ഓഫീസിൽ കൊടുത്തേരെ എന്ന‌് എം കെ രാഘവൻ എംപി പച്ചയ‌്ക്ക‌് പറയുന്ന വീഡിയോ പുറത്തു വന്നിട്ടും നമ്മുടെ മാധ്യമങ്ങൾക്ക‌് വാർത്തയായില്ല. പക്ഷെ, അദ്ദേഹം ഉച്ചയ‌്ക്ക‌് മോങ്ങിയപ്പോൾ ആദ്യവാർത്തയും തുടയ‌്ക്കാൻ ടൗവൽ ചാനൽ വകയും. പക്ഷെ, അവിടെയും സോഷ്യൽ മീഡിയ സത്യാവസ്ഥകൾ പുറത്തുകൊണ്ടു വരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആ എംപി യെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട‌്; ‘‘രാഘവോ.... രാജപ്പോ...’’