തീവ്രവാദ കൂട്ടുകെട്ട‌് : ലീഗ് കനത്തവില നൽകേണ്ടിവരും
Saturday Apr 6, 2019
അഭിമുഖം
പ്രൊഫ. എ പി അബ്ദുൾ വഹാബ് / പി വിജയൻ
മലപ്പുറം
തെരഞ്ഞെടുപ്പുവേളയിൽ മുസ്ലിംലീഗ് എക്കാലവും മതപരിവാർ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ‌് പ്രൊഫ. എ പി അബ്ദുൾ വഹാബ്. അതിന്റെ ഭാഗമാണ് എല്ലാതരം വർഗീയ- തീവ്രവാദ സംഘടനകളെയുംകൂട്ടി ഇടതുപക്ഷത്തെ നേരിടാൻ ശ്രമിക്കുന്നത്. എസ്ഡിപിഐ നേതാക്കളുമായി കൊണ്ടോട്ടിയിൽ എന്തിന് ചർച്ചനടത്തിയെന്ന് വെളിപ്പെടുത്താൻ ലീഗ് നേതാക്കൾ തയ്യാറാകണം.
തീവ്രവാദികളുടെ വോട്ട് ആവശ്യമില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറയുന്നത് പതിവ് വായ്ത്താരിമാത്രമാണ്. പിന്നെ എന്തിന് കുഞ്ഞാലിക്കുട്ടിയും മുഹമ്മദ് ബഷീറും എസ്ഡിപിഐയുമായി ചർച്ച നടത്തി? വർഗീയ- തീവ്രവാദ സംഘടനകളുമായുള്ള കൂട്ടുകെട്ടുണ്ടാക്കിയതിന് ഈ തെരഞ്ഞെടുപ്പിൽ ലീഗിന് കനത്തവില നൽകേണ്ടിവരും. ബിജെപിയുമായി ചേർന്ന് വോട്ട് മറിക്കലും ലീഗിന് പുത്തരിയല്ല. ബേപ്പൂരിലും വടകരയിലും നാമത് കണ്ടു.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് മണ്ടത്തരം
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ മണ്ടത്തരമാണ്. അപക്വമാണ് തീരുമാനം. ഇതിൽ ഏറെ സന്തോഷം ബിജെപിക്കാണ്. അമേഠിയിൽ പരാജയം സമ്മതിച്ചു എന്ന തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നത്. ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് നട്ടെല്ലില്ല.
നരേന്ദ്ര മോഡിയാകട്ടെ രാഹുലിന്റെ ഒളിച്ചോട്ടം വർഗീയവൽക്കരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽനിന്ന് മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടി എന്ന് മോഡി പ്രചരിപ്പിക്കുന്നു. ഫാസിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന ഇടതുപക്ഷത്തിനെതിരായാണ് വയനാട്ടിൽ രാഹുലിന്റെ മത്സരം. ബിജെപിയാണ് കോൺഗ്രസിന്റെ മുഖ്യശത്രുവെന്ന അവകാശവാദം ഇതോടെ പൊളിഞ്ഞു. വിദ്യാർഥിനേതാവായ കനയ്യകുമാറിന്റെ ആർജവംപോലും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുലിന് ഇല്ലാതെ പോയത് രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണ്.
കോൺഗ്രസും ബിജെപിയും വ്യത്യാസമില്ല
തെരഞ്ഞെടുപ്പിനുശേഷം മതേതര- ജനാധിപത്യ പാർടികളുടെ സർക്കാർ അധികാരത്തിൽ വരും. ബിജെപിക്കോ കോൺഗ്രസിനോ ഒറ്റയ്ക്ക് ഭൂരിപക്ഷംകിട്ടില്ല. കോൺഗ്രസിന് അംഗബലം മൂന്നക്കം തികയില്ല. ഇടതുപക്ഷം ഉൾപ്പെടെയുള്ള ജനാധിപത്യ - മതേതര പാർടികൾക്കാണ് വലിയ പങ്ക് വഹിക്കാനാകുക.
കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ വ്യത്യാസമില്ല. കോൺഗ്രസ് തുടങ്ങിവച്ച നവലിബറൽ സാമ്പത്തികനയങ്ങൾതന്നെയാണ് തീവ്രതയോടെ ബിജെപി നടപ്പാക്കുന്നത്. കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിയത് കോൺഗ്രസാണ്. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് ഗാട്ട് കരാർ ഒപ്പുവയ്ക്കൽ, ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ, ബാബ്റി മസ്ജിദ് തകർക്കൽ എന്നിവയുണ്ടായത്. ഇത് മൂന്നും രാജ്യത്തെ സാമൂഹ്യ- സമ്പദ്ഘടനയ‌്ക്ക് മാരക പ്രഹരമേൽപ്പിച്ചു. ഇതിന്റെ പ്രായോജകരായി ബിജെപി രംഗത്തുവന്നു.
ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണ്. കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേക്കേറുന്നതിൽ അത്ഭുതമില്ല. ഒരേ ചിന്താഗതിയും നിലപാടുമുള്ളവരാണ് രണ്ട് പാർടികളും.
പ്രതിപക്ഷ ഐക്യത്തിനെതിരെ
ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യം തകർക്കുന്നത് കോൺഗ്രസാണ്. ഡൽഹി, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതാണ് സംഭവിച്ചത്.
തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായാൽ കോൺഗ്രസ് എംപിമാർ മറുകണ്ടംചാടില്ല എന്നുറപ്പില്ല. കോൺഗ്രസുകാരെ വിശ്വസിച്ച് വിജയിപ്പിക്കാനാകില്ല. അവിടെയാണ് ഇടതുപക്ഷം പ്രസക്തമാകുന്നത്.2004ൽ കേരളത്തിൽ 20ൽ 18 ലോക‌്സഭാ സീറ്റും എൽഡിഎഫിന് ലഭിച്ചു. ഇത്തവണയും സമാനഫലം ആവർത്തിക്കുമെന്നുറപ്പാണ്. 2004ൽ സർവേകൾ യുഡിഎഫ് വിജയമാണ് പ്രവചിച്ചിരുന്നത്. എന്നാൽ, സംഭവിച്ചത് മറിച്ചാണെന്ന് മറക്കരുത്.ബിജെപിക്കും കോൺഗ്രസിനും എതിരെ യഥാർഥ ബദൽ ഇടതുപക്ഷമാണ്. ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ എൽഡിഎഫ് ഉയർത്തുന്ന ജനാധിപത്യ - മതേതര ബദൽ രാജ്യത്തിന് മാതൃകയാകുമെന്നും അബ‌്ദുൾ വഹാബ‌് പറഞ്ഞു.