ബാലഗോപാലിനെ ഹൃദയത്തോട് ചേർത്ത് കേരള സൈന്യം
Saturday Apr 6, 2019
ചവറ
കെ എൻ ബാലഗോപാലിനെ ഹൃദയത്തോടു ചേർത്ത് കേരള സൈന്യം. വെള്ളിയാഴ്ച പുലർച്ചെ 5.30ന് നിറപുഞ്ചിരിയുമായി ശക്തികുളങ്ങര ഫിഷിങ് ഹാർബറിലെത്തിയ സ്ഥാനാർഥിയെ മത്സ്യത്തൊഴിലാളി സ്ത്രീകൾ മാലയിട്ടു സ്വീകരിച്ചു.
തങ്ങൾക്ക് അംഗീകാരവും ജീവിതത്തിന് പുതിയ മാനവും സമ്മാനിച്ച എൽഡിഎഫ് സർക്കാരിനോടുള്ള സ്നേഹവായ്പായിരുന്നു മത്സ്യത്തൊഴിലാളികൾക്ക്. പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ എൻ ബാലഗോപാൽ ഹാർബറിലെത്തിയെന്ന് അറിഞ്ഞതോടെ മത്സ്യം വാങ്ങാനെത്തിയവരും തൊഴിലാളികളും സ്ഥാനാർഥിയുടെ കൈപിടിച്ച് വിജയാശംസകൾ നേർന്നു. മത്സ്യത്തൊഴിലാളികളോടൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞും ഏറെ നേരം ഹാർബറിൽ ചെലവഴിച്ച കെ എൻ ബാലഗോപാൽ ശക്തികുളങ്ങര ബസ് സ്റ്റാൻഡിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുമായി വോട്ട് അ ഭ്യർഥിച്ച് രാവിലെ 7.30ന് കൊല്ലത്തേക്കു മടങ്ങി. സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരൻ, എൻ വിജയൻപിള്ള എംഎൽഎ, ഐ ഷി ഹാബ്, വി രാജ്കുമാർ, എസ് ജയൻ, ആർ രാജേഷ്, മത്യാസ് അഗസ്റ്റിൻ, ടോംസൺ ഗിൽബർട്ട്, ജാക്സൻ വിൻസന്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു.