സ‌്കൂളുകളിലെ ചിറ്റയം സിഗ‌്നേച്ചർ
Saturday Apr 6, 2019
ചെങ്ങന്നൂർ
ചിറ്റയം ഗോപകുമാർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടാൽ മാവേലിക്കര ലോക‌്സഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾക്കും നല്ലകാലം തെളിയുമെന്നുറപ്പ‌്. വികസനപ്രവർത്തനങ്ങളുടെ ജേതാവായി അറിയപ്പെടുന്ന ചിറ്റയം പൊതുവിദ്യാലയങ്ങളോടും പ്രത്യേക താൽപ്പര്യമെടുക്കുന്നതായി അടൂർ മണ്ഡലം സന്ദർശിച്ച ആർക്കും ബോധ്യമാകും. എംഎൽഎ ഫണ്ട‌് നേരിട്ട‌് നൽകിയും ആസ‌്തിവികസന ഫണ്ട‌് കൈമാറിയും സർക്കാരിൽനിന്ന‌് കൂടുതൽ തുക സമാഹരിച്ചും സ‌്കൂൾവികസനത്തിൽ ചിറ്റയം ‘ഇഫക‌്ട‌്’ അടൂരിൽ എവിടെയും കാണാനാകും.
എന്താണ‌് പൊതുവിദ്യാലയങ്ങളോട‌് ഇത്രയേറെ സ‌്നേഹമെന്ന‌് ചിറ്റയത്തോട‌് ചോദിച്ചാൽ അദ്ദേഹം പറയും. ‘തന്റെ സ‌്കൂൾകാല അനുഭവങ്ങളാണ‌് ഭാവിതലമുറയ‌്ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നൽകണമെന്ന‌് ആഗ്രഹിക്കുന്നത‌് ’. കിലോമീറ്ററുകൾ നടന്ന‌് സ‌്കൂളിൽ പഠിക്കാൻ പോയതിന്റെ അനുഭവമുള്ളതുകൊണ്ട‌് അടൂരിൽ ഏത‌് സ‌്കൂളുകാർ ആവശ്യപ്പെട്ടാലും കുട്ടികൾക്ക‌് സഞ്ചരിക്കാൻ ബസ‌് വാങ്ങാനുള്ള പണം എംഎൽഎ ഫണ്ടിൽനിന്ന‌് നൽകും. ഇതിനകം 15 സർക്കാർ വിദ്യാലയങ്ങളിലാണ‌് എംഎൽഎ ഫണ്ട‌് ഉപയോഗിച്ച‌് സ‌്കൂൾ ബസ‌് വാങ്ങിയത‌്. 1.56 കോടി രൂപ ഇതിനായി ചെലവഴിച്ചു.
മികവിന്റെ കേന്ദ്രമായി സ‌്കൂളുകളെ മാറ്റാനും ചിറ്റയത്തിന്റെ കൈയൊപ്പുണ്ട‌്. ബ്ലാക്ക‌് ബോർഡില്ലാത്ത സ‌്കൂളുകളാണ‌് അടൂരിലേറെയും. ടച്ച‌്സ‌്ക്രീനോടുകൂടിയ ഡിജിറ്റൽ ബോർഡുകളാണ‌് പകരമുള്ള സംവിധാനം. സമ്പൂർണമായി ഡിജിറ്റലൈസ‌് ചെയ‌്ത സംസ്ഥാനത്തെ ആദ്യ സ‌്കൂൾ കൂടിയാണ‌് ചൂരക്കോട് ഗവ. എൽപിഎസ്. 84 ലക്ഷം രൂപ ചെലവഴിച്ച‌് ഇതിനകം 24 എൽപി സ്‌കൂളുകൾ സ്‌മാർട്ട് സ്‌കൂളുകളാക്കി മാറ്റിയെടുത്തു. അടൂർ ഗവ. ബോയ‌്സ‌്എച്ച്‌എസ്‌എസ് മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന‌് 8.85 കോടിയാണ‌് അനുവദിച്ചത‌്. ഒരുമണ്ഡലത്തിലെ ഒരുസ‌്കൂൾ അന്താരാഷ‌്ട്ര നിലവാരത്തിലെത്തിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത‌്. അഞ്ചുകോടിയാണ‌് പദ്ധതിവിഹിതമെങ്കിലും ചിറ്റയം കൂടുതൽ തുക വകയിരുത്തിയാണ‌് ഈ സ‌്കൂളിനെ പ്രത്യേകമായി പരിഗണിച്ചത‌്. സ‌്കൂളുകളുടെ അടിസ്ഥാനസൗകര്യവികസനമാണ‌് ചിറ്റയത്തിന്റെ മറ്റൊരു സ്വപ‌്നപദ്ധതി.
പന്തളം തോട്ടക്കോണം ഗവ. എച്ച്‌എസ് (3 കോടി), പെരിങ്ങനോട് തൃച്ചേന്ദമംഗലം എച്ച്‌എസ് (3 കോടി), അടൂർ ഗവ. ജിഎച്ച്‌എസ് (3 കോടി), കിഴക്കുപുറം ഗവ. എച്ച്‌എസ് (3 കോടി), കൊടുമൺ ഈസ്‌റ്റ് ഗവ. എൽപിഎസ് (25 ലക്ഷം), അറന്തക്കുളങ്ങര ഗവ. എൽപിഎസ്﹣-ഓപ്പൺ ഓഡിറ്റോറിയം (14 ലക്ഷം), പള്ളിക്കൽ ഗവ. എൽപിഎസ് (25 ലക്ഷം), പന്തളം തെക്കേക്കര ഗവ. എൽപിഎസ് (15 ലക്ഷം), ഗവ. പോളിടെക്‌നിക് ഓഡിറ്റോറിയം (10 ലക്ഷം), പള്ളിക്കൽ തോട്ടുവ ഗവ. എൽപിഎസ് (25 ലക്ഷം), ഏഴംകുളം ഇളംഗമംഗലം ഗവ. എൽപിഎസ് (25 ലക്ഷം), തെങ്ങമം ഗവ. എച്ച്‌എസ് സ്‌കൂൾ (ഒരുകോടി), ചൂരക്കോട് ഗവ. എൽപിഎസ് (50 ലക്ഷം), പൂഴിക്കാട് ഗവ. യുപിഎസ് (ഒരുകോടി), അറന്തക്കുളങ്ങര ഗവ. എൽപിഎസ് (85 ലക്ഷം), പഴകുളംഗവ. എൽപിഎസ് (54 ലക്ഷം), ഇളംഗമംഗലം ഗവ. എൽപിഎസ് (96.12 ലക്ഷം), അറുകോലിക്കൽ ഗവ. എൽപിഎസ് (65 ലക്ഷം)എന്നീ സ‌്കൂളുകൾക്കാണ‌് മുൻവർഷങ്ങളിൽ സഹായമനുവദിച്ചത‌്. വിഎച്ച്‌എസ്‌എസ് വടക്കടത്ത്‌കോവ്, ചൂരക്കോട് എൽപിഎസ്, തോട്ടക്കോണം എൽപിഎസ‌്, മങ്ങാരം ഗവ. യുപിഎസ് എന്നീ സ‌്കൂളുകൾക്കായി 60 ലക്ഷം രൂപയുടെ പ്രത്യേകവികസന പദ്ധതിക്കും പണമനുവദിച്ചു.