ഇത് വലിയ കപ്പിത്താൻ; വെറും വാക്കല്ല
Thursday Apr 11, 2019
എം കെ പത്മകുമാർ
തിരുവനന്തപുരം > നിറചിരിയോടെ കൈ വീശിക്കാണിച്ച‌് വെള്ളറടയിലെ വേദിയിലേക്കു നടന്നുനീങ്ങി. പൂച്ചെണ്ടും കൊന്നപ്പൂക്കളും നൽകി കുട്ടികൾ വരവേറ്റു. ഒരു കൊച്ചുമിടുക്കൻ കൊടുത്തത‌് കിന്റർ ജോയി മിഠായി. ചിരിയോടെ അതും സ്വീകരിച്ചു. എന്നിട്ട‌് ആ മധുരം അവനു തന്നെ തിരിച്ചുനൽകി. ഇരട്ടിമാധുര്യത്തോടെ അവൻ മടങ്ങി...
ഇത‌് പിണറായി വിജയൻ. ജനങ്ങൾക്ക‌് അവരുടെ ആവശ്യം മനസ്സിലാക്കി ഇരട്ടി മാധുര്യം നൽകുന്ന ‘റിയൽ ഹീറോ’. അത‌് ഭരണമായാലും സമരമായാലും ധൈര്യമായാലും ...
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തെ നയിക്കുന്ന പടനായകൻ. പിണറായി വിജയന്റെ ചൊവ്വാഴ‌്ചത്തെ പ്രചാരണപരിപാടികൾ തുടങ്ങിയത‌് വെള്ളറടയിലെ പൊതുയോഗത്തോടെ. മാറുമറയ‌്ക്കൽ കലാപമടക്കം ചരിത്രസമരങ്ങൾ വിളഞ്ഞ മണ്ണ‌്. രാവിലെ പത്തിന‌് യോഗസ്ഥലമായ ജെഎം ഓഡിറ്റോറിയത്തിൽ. അവിടമാകെ നേരത്തെ തന്നെ നിറഞ്ഞിരുന്നു. പന്തലിൽ ഇരിപ്പിടം കിട്ടാത്തവർക്ക‌് മതിൽ പൊളിച്ച‌് സമീപത്തെ പറമ്പിൽ സ്ഥലമൊരുക്കി. തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ‌് പൊതുയോഗമാണ‌് വേദി.
സദസ്സ‌് നിശ്ശബ്ദം. ‘സഖാക്കളെ, സഹോദരി സഹോദരന്മാരെ...’ പിണറായി പറഞ്ഞു തുടങ്ങി. കേന്ദ്ര നയവൈകല്യങ്ങൾ, വർഗീയഭ്രാന്ത‌്, കോൺഗ്രസിന്റെ ബിജെപി പ്രണയം, കേരള സർക്കാരിന്റെ വികസനമുന്നേറ്റം, പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധത... എല്ലാം വിവരിച്ച‌് സി ദിവാകരനു വേണ്ടി വോട്ടഭ്യർഥിച്ച‌് നിർത്തി. ലളിത ഭാഷ, കൃത്യമായ വിവരങ്ങൾ, സൂക്ഷ‌്മതയോടെയുള്ള പ്രയോഗങ്ങൾ...
‘‘നമ്മുടെ വിദ്യാലയങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി എന്താ? ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്നു ലക്ഷത്തി നാൽപ്പത്തൊന്നായിരത്തിലേറെ കുട്ടികളല്ലേ പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേർന്നത‌്...’’ മൈക്കിലൂടെ ഈ വാക്കുകൾ ഒഴുകി എത്തിയപ്പോൾ മഞ്ചവിളാകം തൃപ്പലവൂർ നന്ദനം വീട്ടിൽ അഭിമന്യുവിന്റെ നെഞ്ചൊന്നു വിരിഞ്ഞു. ശിരസ്സൊന്നുയർന്നു. മാരായമുട്ടം ഗവ. എച്ച‌്എസ‌്എസിൽ ധന്യ ടീച്ചറുടെ ഒമ്പതാം തരത്തിലെ ഹൈടെക‌് ക്ലാസ‌് റും അവനോർത്തു. പിന്നെ കൈയിലുള്ള ചെങ്കൊടി വീശി. വല്ല്യേട്ടന്മാർക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയതാണ‌് അഭിമന്യു. മടങ്ങാനൊരുങ്ങവെ പിണറായിയോടൊപ്പം സെൽഫി എടുക്കാൻ കുട്ടികൾ. നിറഞ്ഞ ചിരിയോടെ അവർക്കൊപ്പം രണ്ടു മിനിറ്റ‌്. തുടർന്ന‌് നേരെ ഓഫീസിലേക്ക‌്. അവിടെ സന്ദർശകരെ സ്വീകരിച്ചു. പിന്നെ ഉച്ചഭക്ഷണം.
അസുഖബാധിതനായ ഇന്റലിജൻസ‌് എഡിജിപി വിനോദ‌്കുമാറിനെ എസ‌് കെ ആശുപത്രിയിൽ സന്ദർശിച്ചു. ശേഷം അടുത്ത യോഗസ്ഥലത്തേക്ക‌്.
തീരഗ്രാമമായ മണമ്പൂർ നാലുമുക്കിൽ എത്തുമ്പോൾ കൃത്യം നാലുമണി. ഉശിരൻ യൗവനങ്ങളുടെ കരുത്തൻ മുദ്രാവാക്യങ്ങൾ. കേൾക്കാൻ എത്തിയവരിൽ ഭൂരിഭാഗവും സ‌്ത്രീകൾ. കടുത്ത മീനച്ചൂട‌് അവരെ അസ്വസ്ഥരാക്കുന്നില്ല. അവരുടെ മുന്നിൽ നിൽക്കുന്നത‌് ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനത്തിന്റെ തലയെടുപ്പുള്ള മുഖ്യമന്ത്രി. മാത്രമോ? അവരുടെ സ്വന്തം സഖാവ‌്, സഹയോദ്ധാവ‌്, അവരിലൊരാൾ.
എ സമ്പത്തിനു വേണ്ടി വോട്ട‌് അഭ്യർഥിച്ചപ്പോൾ നിലയ‌്ക്കാത്ത കൈയടി. ഇനി ലക്ഷ്യം വർക്കല. ശിവഗിരി മഠത്തിന‌് വിളിപ്പാടകലെയുള്ള മുനിസിപ്പൽ പാർക്ക‌് മൈതാനത്ത‌് എത്തുമ്പോൾ വാച്ചിൽ മണിയഞ്ച‌്. പാർക്കിന‌് പുറത്തു വച്ച വലിയ ടി വി സ‌്ക്രീനിനു മുന്നിലും വൻ ജനക്കൂട്ടം. മുഖ്യമന്ത്രി എത്തിയപ്പോൾ തിരക്ക‌് നിയന്ത്രിക്കാൻ പൊലീസ‌് പാടുപെട്ടു. വാക്കുകളൊഴുകി. സദസ്സ‌് പ്രഭാഷകനൊപ്പം യാത്ര തുടങ്ങി. പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പര്യായമാണ‌് അവർക്ക‌് പിണറായി എന്ന ദേശനാമം. യോഗശേഷം സിപിഐ എം വർക്കല ഏരിയ കമ്മിറ്റി ഓഫീസിൽ അൽപ്പസമയം. തുടർന്ന‌് നേരെ കല്ലറയിലേക്ക‌്. ബ്രിട്ടീഷുകാർക്കെതിരായ ഐതിഹാസിക സമരം നയിച്ച ഭൂപ്രദേശം നവകേരളത്തിന്റെ അമരക്കാരനെ ആവേശത്തോടെ വരവേറ്റു. ബസ‌്സ‌്റ്റാൻഡിനു സമീപമായിരുന്നു യോഗസ്ഥലം. ഇരുട്ട‌് വീണുതുടങ്ങി. പെയ്യാൻ മടിച്ചുനിൽക്കുന്ന ആകാശം. ഇടയ‌്ക്ക‌് ഒറ്റപ്പെട്ട മിന്നൽ. അകമ്പടിയായി ഇടിയും. ചെറു കാറ്റുപോലെ തുടങ്ങിയ പ്രസംഗം കൊടുങ്കാറ്റായി സമാപിച്ചു. കൈയടിക്കു വേണ്ടിയുള്ള പഞ്ച‌് ഡയലോഗുകളുടെ കൃത്രിമത്വമില്ല. പകരം കാര്യങ്ങൾ നേരെ പറയുക. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ച‌് പറയുമ്പോഴാണ‌് കൈയടി ഉയരുന്നത‌്. കാരണം അവർക്കറിയാം പറയുന്നത‌് വെറും വാക്കല്ലെന്ന‌്. ഇവിടെ ഒന്നും നടക്കില്ല എന്ന നിരാശയിൽനിന്ന‌്, ചിലതെല്ലാം നടക്കുമെന്ന‌് പ്രവൃത്തിയിലൂടെ തെളിയിച്ച ഭരണാധികാരിയുടെ വാക്കുകളിൽ ആർക്കും സംശയമില്ല. അവർ ഉറപ്പിച്ചുപറയുന്നതും ഒറ്റക്കാര്യം; ഈ വലിയ കപ്പിത്താന‌് വെറുംവാക്കില്ല. പ്രസംഗം കഴിഞ്ഞപ്പോൾ ചാറ്റൽ മഴ തുടങ്ങി. ഉറച്ച തീരുമാനത്തോടെ വീടുകളിലേക്ക‌് അവർ മടങ്ങി.
ഒന്നിന‌് ചാലക്കുടിയിൽനിന്നാണ‌് പിണറായിയുടെ പര്യടനത്തിനു തുടക്കംകുറിച്ചത‌്. പി രാജീവ‌് മത്സരിക്കുന്ന എറണാകുളം മണ്ഡലത്തെ ഇളക്കിമറിച്ച‌് തിങ്കളാഴ‌്ച അർധരാത്രിയോടെയാണ‌് അദ്ദേഹം തിരുവനന്തപുരത്ത‌് എത്തിയത‌്. വ്യാഴാഴ‌്ച വയനാട്ടിലാണ‌് ആദ്യ പൊതുയോഗം. എതിരാളികളുടെ കടന്നാക്രമണങ്ങളിൽ പതറാതെ ജനനായകന്റെ യാത്ര തുടരുകയാണ‌്... ജനങ്ങൾ കാത്തിരിക്കുകയാണ‌്...പിണറായിയെ കാണാൻ, കേൾക്കാൻ...