കോയമ്പത്തൂരിനെ തിരിച്ചെടുക്കാൻ സിപിഐ എം
Thursday Apr 11, 2019
ഇ എൻ അജയകുമാർ
കോയമ്പത്തൂർ > വ്യവസായ നഗരത്തിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണി. മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഐ എം നേതാവ് പി ആർ നടരാജൻ പ്രചാരണരംഗത്ത‌് ഏറെ മുന്നിലാണ‌്. ‘തിരൻ മികു കോവൈ, അതുവേ നം തേവൈ’ (കഴിവുള്ള കോയമ്പത്തൂർ, അതാണ‌് നമ്മുടെ ആവശ്യം) എന്ന മുദ്രാവാക്യമുയർത്തി റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചുള്ള പ്രചാരണത്തിന് വൻ ജനപങ്കാളിത്തമാണ‌്. കോയമ്പത്തൂരിനെ തകർക്കാൻ വർഗീയശക്തികളെ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ‌് മണ്ഡലത്തിലെങ്ങും.
വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി വോട്ടഭ്യർഥിക്കുന്നതോടൊപ്പം വാഹനപ്രചാരണജാഥകളും എങ്ങും സജീവമാണ‌്. നഗര–--ഗ്രാമ വ്യത്യാസമില്ലാതെ വൻ സ്വീകരണമാണ‌് സ്ഥാനാർഥിക്ക‌് ലഭിക്കുന്നത‌്. തൊഴിലാളികളുടെയും സ‌്ത്രീകളുടെയും പങ്കാളിത്തവും ശ്രദ്ധേയമാണ‌്. ഡിഎംകെയുടെയും സിപിഐ എമ്മിന്റെയും സ്വാധീനമേഖലയാണ‌് കോയമ്പത്തൂർ. നഗരത്തിലെ വ്യവസായങ്ങളുടെ തകർച്ചയ‌്ക്ക‌് കാരണക്കാരായ മോഡി സർക്കാരിനും അവരെ പിന്തുണയ‌്ക്കുന്ന എഐഎഡിഎംകെക്കും എതിരെ ജനങ്ങളിൽ ഉണ്ടായിരിക്കുന്ന ശക്തമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന‌് പി ആർ നടരാജൻ പറഞ്ഞു.
ജിഎസ‌്ടി നടപ്പാക്കിയതിലൂടെ ദക്ഷിണേന്ത്യയുടെ മാഞ്ചസ‌്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂരിൽ ചെറുകിട, കുടിൽ വ്യവസായങ്ങൾ പാടെ തകർന്നു. അരലക്ഷത്തോളം സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. രണ്ടരലക്ഷം പേർ തൊഴിൽ രഹിതരായി. സംസ്ഥാന സർക്കാർ തൊഴിലും വ്യവസായവും സംരക്ഷിക്കാൻ ഒന്നും ചെയ‌്തില്ല. പകരം മോഡി സർക്കാരിന്റെ എല്ലാ നടപടികൾക്കും കൂട്ടുനിൽക്കുകയായിരുന്നു.
തുണിമിൽ നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കർമപദ്ധതികളുമായാണ‌് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിടുന്നത‌്. നഗരത്തിന്റെ സമഗ്രവികസനത്തിന‌് ഉതകുന്ന മണ്ഡലതല തെരഞ്ഞെടുപ്പ‌് മാനിഫെസ‌്റ്റോയും പുറത്തിറക്കി. ചെറുകിട കമ്പനികളെ വാറ്റ‌് നികുതിയിൽനിന്നും ഒഴിവാക്കും, ഇഎസ‌്ഐ സർട്ടിഫിക്കറ്റ‌് ലഭിക്കാൻ പ്രത്യേക ഓഫീസ‌് സ്ഥാപിക്കും, സർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ മോട്ടോർ പമ്പുസെറ്റുകൾ ചെറുകിട–-കുടിൽ വ്യവസായ യൂണിറ്റുകളിൽനിന്ന‌് വാങ്ങണമെന്ന നിയമം കൊണ്ടുവരാൻ സമ്മർദം ചെലുത്തും തുടങ്ങിയ ഉറപ്പാണ‌് ജനങ്ങൾക്ക‌് മുന്നണി നൽകുന്നത‌്. ഇത്തരത്തിൽ നിരവധി പദ്ധതികളും കോയമ്പത്തൂർ നേരിടുന്ന പ്രശ‌്നങ്ങളും ഉയർത്തിയാണ‌് സിപിഐ എം സ്ഥാനാർഥി പി ആർ നടരാജൻ വോട്ടർമാരെ കാണുന്നത‌്. എതിരാളിയായ ബിജെപിയിലെ സി പി രാധാകൃഷ‌്ണൻ രണ്ടു കോടി രൂപയുടെ അഴിമതി കേസിൽ ഉൾപ്പെട്ടത‌് വൻ ചർച്ചയായിട്ടുണ്ട‌്. ടി ടി വി ദിനകരന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഘടിത വിഭാഗം മത്സരിക്കുന്നതും പി ആർ നടരാജന‌് തുണയാകും.