തീരം ഉറപ്പിച്ച്‌ സി ദിവാകരൻ

Wednesday Apr 17, 2019

കോവളം 
ഇരമ്പിയാർത്ത‌് ആവേശക്കടൽ ... നാടിന്റെ സ്വന്തം സ്ഥാനാർഥിയായ സി ദിവാകരനെ വരവേൽക്കാൻ തീരദേശമൊന്നായി എത്തി. തങ്ങൾക്കും നാടിനുമൊപ്പം നിൽക്കുന്നത‌് ഇടതുപക്ഷം മാത്രമാണെന്ന‌ തിരിച്ചറിവുമായി വൻ ജനാവലിയാണ‌് എൽഡിഎഫ‌് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത‌്. കോവളം മണ്ഡലത്തിലെ  തീരദേശ മത്സ്യത്തൊഴിലാളി  ഗ്രാമങ്ങളിൽ സി ദിവാകരന് സ്നേഹോഷ്മള വരവേൽപ്പാണ‌് അവർ നൽകിയത‌്. ചരിത്രവിജയം നൽകുമെന്ന ഉറപ്പാണ‌് അവർ സി ദിവാകരന‌് നൽകിയത‌്. വിഴിഞ്ഞംമുതൽ പൂവാർവരെയുള്ള ഇരുനൂറിലധികം കേന്ദ്രങ്ങളിലാണ‌് അദ്ദേഹം പര്യടനം നടത്തിയത‌്.  ചുട്ടുപൊള്ളുന്ന മേടച്ചൂട‌് അവഗണിച്ച‌് കുടുംബസമേതം സ്വീകരണകേന്ദ്രങ്ങളിൽ എത്തിയവരായിരുന്നു ഭൂരിപക്ഷവും. വമ്പൻ ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്ഥാനാർഥി  സ്വീകരണകേന്ദ്രങ്ങളിൽ എത്തുമ്പോൾ ആവേശപൂർവം അദ്ദേഹത്തിന് അഭിവാദ്യങ്ങളർപ്പിച്ച് സ്വീകരണം നൽകുന്ന വനിതാ മത്സ്യത്തൊഴിലാളികളുടെ വൻകൂട്ടമായിരുന്നു തീരദേശമാകെ കണ്ടത്. 
 
വിഴിഞ്ഞം മതിപ്പുറത്ത് ചൊവ്വാഴ്ചത്തെ പര്യടന ഉദ്ഘാടനവേദി തന്നെ വേറിട്ട അനുഭവമായി മാറി. അബ്ദുൽ റഹ്‌മാൻ, സുധീർ, കബീർ എന്നീ മത്സ്യത്തൊഴിലാളികൾ തങ്ങൾ പിടിച്ചുകൊണ്ടുവന്ന ചൂരമത്സ്യങ്ങൾ നൽകിയാണ‌് സ്ഥാനാർഥിയെ സ്വീകരിച്ചത്. വിജയാശംസ  നേർന്ന് ആഹ്ലാദത്തോടെയാണ് സി ദിവാകരനെ തീരദേശവാസികൾ  യാത്രയാക്കിയത്. സി ദിവാകരന്റെ വിജയം ഉറപ്പാക്കാൻ തങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന‌് അവർ പ്രഖ്യാപിച്ചു. കള്ളപ്രചാരണങ്ങൾ വിലപ്പോവില്ലെന്ന‌് അവർ പറഞ്ഞു. 
 
      ഉച്ചവരെ എരിപൊരികൊള്ളുന്ന വെയിലത്തായിരുന്നു ജനം കാത്തുനിന്നതെങ്കിൽ ഉച്ചയ്ക്കുശേഷം പെട്ടെന്ന് പെയ്തിറങ്ങിയ വേനൽ മഴയത്തായിരുന്നു തീരദേശവാസികൾ സി ദിവാകരനെ കാത്തുനിന്നത്. പൂവാർ മേഖലയിൽ ശക്തിയായി പെയ്ത മഴയത്തായിരുന്നു സ്ഥാനാർഥി പര്യടനം. വിഴിഞ്ഞം ഗോദവർമ റോഡ്, കുരിശ്ശടിക്ക്, കരുമ്പള്ളിക്കര, തുലവിള തുടങ്ങിയ മത്സ്യമേഖലയിൽ വനിതാ മത്സ്യത്തൊഴിലാളികളുടെ വൻകൂട്ടങ്ങൾ കാണാമായിരുന്നു. മുക്കോല, നെല്ലിക്കുന്ന്, പനവിള തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സ്ഥാനാർഥി കിടാരക്കുഴിയിലേക്ക് നീങ്ങുമ്പോൾ കിടാരക്കുഴി ചന്ദനമാരിയമ്മൻ ക്ഷേത്രത്തിൽ സമൂഹസദ്യ നടക്കുകയായിരുന്നു. സമൂഹസദ്യക്കിടയിലേക്ക് വിശ്വാസികൾ സ്ഥാനാർഥിയെ ക്ഷണിച്ച്, സ്വീകരിച്ച് വിജയാശംസ  നേർന്നു.
 
ഏഷ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ കരുങ്കുളത്തും അടിമലത്തുറയിലും പുല്ലുവിളയിലും കൊച്ചുതുറയിലും  പുതിയതുറയിലുമെല്ലാം തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ വൻകൂട്ടമുണ്ടായിരുന്നു. മുൻകാലങ്ങളിലില്ലാത്ത ജനക്കൂട്ടം നേതാക്കളെപ്പോലും വിസ്മയിപ്പിച്ചു.  ഓഖിദുരന്തത്തിൽപ്പെട്ടവർക്ക‌് നൽകിയ 20 ലക്ഷത്തിന്റെ നഷ്ടപരിഹാര പാക്കേജും സ്ഥലവും വീടും സ്വന്തമാക്കാൻ 10 ലക്ഷംരൂപ വീതം നൽകിയതും  ദുരന്തനിവാരണസേനയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയതും പഞ്ഞമാസ ആനുകൂല്യം 4500 രൂപയായി വർധിപ്പിച്ചതും മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിന്റെയുമെല്ലാം പ്രതിഫലനങ്ങളായിരുന്നു തീരദേശമേഖലകളിലെല്ലാം കാണാൻ കഴിഞ്ഞത്. കല്ലിംഗവിളാകം, ശൂലംകുടി, പരണിയം, പാമ്പുകാല, അരുമാനൂർ, പൂവാർ, ഇ എം എസ് കോളനി തുടങ്ങി അമ്പതിലേറെ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അടിമലത്തുറ എ കെ ജി ജങ‌്ഷനിൽ പര്യടനം അവസാനിക്കുമ്പോൾ രാത്രി  വൈകിയിരുന്നു.
 
   വിഴിഞ്ഞം മതിപ്പുറത്തു നടന്ന പര്യടനസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. യു സുധീർ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി രാജേന്ദ്രകുമാർ, അഡ്വ. പി എസ് ഹരികുമാർ,  വെങ്ങാനൂർ ബ്രൈറ്റ്,  ഡോ. എ  നീലലോഹിതദാസ്, ജമീല പ്രകാശം,  ജി ആർ അനിൽ, വി സുധാകരൻ, കരുങ്കുളം വിജയകുമാർ, വിഴിഞ്ഞം ജയകുമാർ, മുക്കോല ജി പ്രഭാകരൻ, ഇ കെന്നഡി, അഡ്വ. പയറുംമൂട‌് തങ്കപ്പ ൻ, അഡ്വ. അജിത്,  ആവാടുതുറ ശശി, ലോയിഡ്, അഡ്വ. ചന്ദ്രൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 
 

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍