ബാലഗോപാലിന്റെ മൂന്നാംഘട്ട പര്യടനം പൂർത്തിയായി
Wednesday Apr 17, 2019
കൊല്ലം
നാട്ടിടങ്ങളെ ഇളക്കിമറിച്ച് വിജയം സുനിശ്ചിതമാക്കി എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കി. വിഷുദിനത്തിൽ ചവറയിലായിരുന്നു പര്യടനം അവസാനിച്ചത്.
പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളുടെയും മുക്കിലും മൂലയിലുമെത്തി വോട്ടർമാരെ നേരിട്ട് കാണാനും വോട്ട‌് അഭ്യർഥിക്കാനും മൂന്നുഘട്ടമായി നടത്തിയ പര്യടനത്തിലൂടെ സ്ഥാനാർഥിക്ക് കഴിഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി, രാജ്യസഭാ അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ ജില്ലയിലെ സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് ഇടപെടുകയും നൂതന വികസന പദ്ധതികൾ ആവിഷ്കരിക്കുകയുംചെയ്ത് നാടിന്റെ ഹൃദയപക്ഷത്ത് എപ്പോഴുമുണ്ടായിരുന്ന സൗമ്യനായ നേതാവിന്റെ വിജയത്തിന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വ്യത്യസ്തങ്ങളായ പ്രചാരണവുമായി രംഗത്ത് സജീവമാണ്.
തുടക്കം മുതൽ സംഘടിപ്പിച്ച വ്യത്യസ്തവും ജനസൗഹൃദവുമായ പ്രചാരണ പരിപാടികളിലൂടെ ബഹുദൂരം മുന്നിലാണ് ബാലഗോപാൽ. നിലപാടിൽ ഉറച്ചുനിന്ന‌് വികസനവും രാഷ്ട്രീയവും രാജ്യത്തിന്റെ മതനിരപേക്ഷ ഭാവിയും ചർച്ചയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാലഗോപാൽ അർഥവത്താക്കിയപ്പോൾ പരാജയഭീതിയിൽ വർഗീയത പറഞ്ഞും ജില്ലാ ആശുപത്രിയിലെ രോഗികളുടെ അന്നംമുട്ടിച്ചും നിലവാരമില്ലാത്ത പ്രചാരണത്തിലേക്ക് അധഃപതിച്ച യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന്റെ തീവ്രമായ വർഗീയ വലതുപക്ഷ പ്രീണനം പൊതു സമൂഹത്തിൽ കൂടുതൽ അപഹാസ്യനാക്കി. പ്രേമചന്ദ്രന്റെ അവസരവാദവും സംഘപരിവാർ ചായ‌്‌വുമാണ് ഇന്ന് നാട്ടിലെ പ്രധാന ചർച്ചാവിഷയം.
മോഡിക്ക് കേരളത്തിൽ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ബൈപാസിന്റെ പേരിൽ അവസരമൊരുക്കിയതും ആർഎസ്എസ് പ്രവർത്തകർ പല സ്ഥലങ്ങളിലും പ്രേമചന്ദ്രനുവേണ്ടി സ്ക്വാഡ് ഇറങ്ങുന്നതും നാട്ടുകാരുടെ സംശയത്തെ ബലപ്പെടുത്തുന്നു. ഇതേ സമയം ബാലഗോപാലിന്റെ പ്രചാരണത്തെ കൂടുതൽ സർഗാത്മകമാക്കി വിദ്യാർഥി സ്ക്വാഡുകളും യുവജന സ്ക്വാഡുകളും സജീവമായി. പാരിപ്പള്ളി മെഡിക്കൽ കോളേജിന് പുതുജീവൻ നൽകാൻ ഇടപെട്ട നേതാവിനെ വിജയിപ്പിക്കാൻ കോളേജിൽ പ്രവേശനം ലഭിച്ച കശുവണ്ടിത്തൊഴിലാളികളുടെ മക്കളും തൊഴിലാളികളും സ്ക്വാഡിറങ്ങുന്നു.
പ്രളയജലത്തിൽ മുങ്ങിപ്പോയ ഒരു ജനതയ്‌ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കാൻ മുന്നിട്ടിറങ്ങിയ ബാലഗോപാലിന്റെ വിജയത്തിന് ആറന്മുളയിലെ പ്രളയദുരിതബാധിതരും കൊല്ലത്തെത്തി. നേഴ്സുമാരും വിവിധ വിഭാഗം തൊഴിലാളികളും ജനനേതാവിനെ വിജയിപ്പിക്കാൻ സജീവമായി രംഗത്തിറങ്ങി. മനസ്സുനിറഞ്ഞ നന്മയോടെ മനുഷ്യനും പ്രകൃതിക്കും കരുതലും കൈത്താങ്ങുമായ ബാലഗോപാലിനെ ഹൃദയത്തിലേറ്റിയ വോട്ടർമാർ വിജയം ഉറപ്പിച്ചുകഴിഞ്ഞു.