സ്‌നേഹനിർഭരം
Wednesday Apr 17, 2019
കുന്നിക്കോട് > ജ്വലിക്കുന്ന മീനച്ചൂടിനെയും അവഗണിച്ചാണ് കുന്നിക്കോട് പുളിമുക്കിലെ സ്വീകരണകേന്ദ്രത്തിൽ ചൊവാഴ്ച പകൽ രണ്ടോടെ ഗ്രാമവാസികളും വ്യാപാരികളും തടിച്ചുകൂടിയത്. തങ്ങളുടെ പ്രിയ സാരഥിയെ ഒരുനോക്ക് കാണാനും ഹാരം അണിയിക്കാനുമുള്ള ആവേശത്തിലായിരുന്നവർ. പുഞ്ചിരിയോടെ എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറുമെത്തി. കിരീടം ചാർത്തിയും കാഴ്ചക്കുല നൽകിയും രക്തഹാരമണിയിച്ചും നാടിന്റെ സാരഥിക്ക‌് അവർ സ്വീകരണം നൽകി. ഇതിനിടെ ആരംപുന്നയിലെ കശുവണ്ടിത്തൊഴിലാളികൾക്ക‌് ചിറ്റയത്തെ കാണണമെന്ന ആഗ്രഹം സിപിഐ എം ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം സഫലമാക്കി.
സ്ഥാനാർഥിക്ക‌് സ‌്നേഹനിർഭരമായ വരവേൽപ്പാണ‌് കശുവണ്ടിത്തൊഴിലാളികൾ നൽകിയത‌്. ചെണ്ടമേളത്തിന്റെയും മുത്തുക്കുടയേന്തിയ ബാലികമാരുടെയും അകമ്പടിയിലായിരുന്നു കൂരാംകോട് പ്രദേശത്തെ സ്വീകരണം. റിട്ട. ഹെഡ്മാസ്റ്റർ മാധവൻസാർ അരിവാൾ നെൽക്കതിർ പതിച്ച കിരീടം ചിറ്റയത്തെ അണിയിച്ചു. ജമന്തിപ്പൂക്കളും പനിനീർ റോസാപ്പൂക്കളാലും കെട്ടിയൊരുക്കിയ മാലകൾ അണിയിച്ചാണ് ഗ്രാമീണർ ചിറ്റയത്തെ സ്നേഹോഷ്മളമായി വരവേറ്റത്.
രാജേഷിന്റെയും പ്രിയയുടെയും ഏകമകൻ ഒന്നര വയസ്സുകാരൻ ജെയ്ൻ അമ്മയുടെ ഒക്കത്തിരുന്ന് റോസാപുഷ‌്പം നൽകി ചിറ്റയത്തെ സ്വീകരിച്ചു. മീയാത്തിക്കുന്ന്, കല്ലൂർകോണം, കാവൽപ്പുരയിൽ എത്തിയതോടെ മീനച്ചൂടിന് അറുതിവരുത്തി വേനൽമഴ പെയ്തിറങ്ങി. വെയിലിന് ഒപ്പം മഴയും കൂടിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമായി. കിടങ്ങയിൽ ക്ഷേത്രം, പഞ്ചായത്ത് കരയോഗം, കരിനാകോട്, ശാസ്ത്രി ജങ‌്ഷൻ തുടങ്ങിയ സ്വീകരണ പോയിന്റുകളിലെല്ലാം മഴയെ അവഗണിച്ച് ഗ്രാമീണർ തങ്ങളിലൊരുവനെ സ്വീകരിക്കാൻ കാത്തുനിന്നു. തുടർന്ന് 18 കേന്ദ്രത്തിലെയും സ്വീകരണ പര്യടനം കഴിഞ്ഞ് കുരീപ്പള്ളിയിൽ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ മൂന്നാംഘട്ട പര്യടനം പൂർത്തിയാകുകയായിരുന്നു.
സി പി എം ജില്ലാ കമ്മിറ്റിഅംഗം ആർ സഹദേവൻ, ബി അജയകുമാർ, ജി ആർ രാജീവൻ, എസ് മുഹമ്മദ് അസ്ലം, എസ് വേണുഗോപാൽ, ബി ഷാജഹാൻ, എച്ച് രാജീവൻ, ആർ രാജഗോപാലൻനായർ, ചക്കുവരയ‌്ക്കൽ കുറുപ്പ്, വേണു ജി നായർ, മീരാപിള്ള, എം റഹിംകുട്ടി, നെടുവണ്ണൂർ സുനിൽ, നവാസ്, ഷാനവാസ് ഖാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.