പീരുമേടിന്റെ നെറുകയിൽ
Wednesday Apr 17, 2019
ഏലപ്പാറ
തെരഞ്ഞെടുപ്പ് ഉത്സവത്തിൽ ജന പങ്കാളിത്തംകൊണ്ട് പുതു ചരിതമെഴുതി പീരുമേട് ജനത. വികസന നായകനെ വരവേല്ക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. കാർഷിക തോട്ടം ജനതയുടെ സമ്മിശ്ര ഭൂമികയായ പീരുമേടിന്റെ മനം കവർന്നാണ് ജോയ്സ് ജോർജ് മടങ്ങിയത്. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ അലകടലായി ഉയർന്ന ആവേശ തിര തള്ളലിൽ സ്വീകരണ കേന്ദ്രങ്ങൾ ജനനിബിഢമായി. വൈവിധ്യം നിറഞ്ഞ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണം മുതൽ പുഷ്പാലംകൃതമായ പരിസ്ഥിതി സൗഹൃദമായ സ്വീകരണം വരെ ഉൾപ്പെടുന്നതായിരുന്നു പീരുമേട്ടിലെ സ്വീകരണ രീതി.
ചൊവ്വാഴ്ചത്തെ പര്യടന പരിപാടിയോടെ പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പൊതു പര്യടനം അവസാനിക്കുകയാണ്. പരുമേടിന്റെ അതിർത്തി പ്രദേശമായ പെരുവന്താനത്ത് നിന്നായിരുന്നു പര്യടനത്തിൻറെ തുടക്കം. രാവിലെ 7ന് കേരളാ കോൺഗ്രസ് ചെയർമാൻ സ്കറിയ തോമസാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. പെരുവന്താനം, കൊക്കയാർ, പീരുമേട് ഏലപ്പാറ പഞ്ചായത്തുകളിലായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം.
വൈകിട്ട് 8ന് നാരകക്കുഴിയിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ ഇ എസ് ബിജിമോൾ എംഎൽഎ, ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോർഡ‌് ചെയർമാൻ പി എസ് രാജൻ, ആർ തിലകൻ, ജോസ് ഫിലിപ്പ്, ജോർജ് അഗസ്റ്റിൻ, ആൻറണി ആലഞ്ചേരി, കെ ടി ബിനു, എം ജെ വാവച്ചൻ, നിഷാന്ത് പി ചന്ദ്രൻ, വാഴൂർ സോമൻ, ജോസ് ഫിലിപ്പ്, മോളി ഡോമിനിക്ക് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു