"അൻപുമകന‌്' നെഞ്ചേറ്റിയ സ്വീകരണം

Wednesday Apr 17, 2019

ചാലക്കുടി

തോട്ടം തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന മലക്കപ്പാറയിലെ ജനസമൂഹം അവരുടെ നെഞ്ചേറ്റിയാണ‌് ഇന്നസെന്റിനെ സ്വീകരിച്ചത‌്. 
തോട്ടം മേഖല ചുവപ്പണിഞ്ഞ‌് കഴിഞ്ഞിരിക്കുന്നു.  ഓരോ കേന്ദ്രത്തിലും തൊഴിലാളികൾ കുടുംബസമേതമാണ‌് പ്രിയ സ്ഥാനാർഥിയെ വരവേൽക്കാനെത്തിയത‌്. തമിഴ‌് സംസാരിക്കുന്നവർ അധികമുള്ള ഇവിടെ തമിഴിൽ സംസാരിച്ച‌് ഇന്നസെന്റ‌് അവരുടെ കൈയ്യടിനേടി. ‘അൻപാർന്ന തോട്ടം തൊഴിലാളി മക്കളേ’ എന്നാരംഭിക്കുന്ന പ്രസംഗം നീണ്ട കരഘോഷത്തോടെയാണ‌് തോട്ടം തൊഴിലാളികൾ സ്വീകരിച്ചത‌്. മലക്കപ്പാറയിലേക്കുള്ള ടൂറിസം റോഡിന്റെ വികസനം, ആദിവാസി കോളനികളിലേക്കുള്ള റോഡുകൾ, കുടിവെള്ളപദ്ധതി, കോളനികളുടെ വൈദ്യുതീകരണം ഇങ്ങനെ കഴിഞ്ഞ അഞ്ച‌്കൊല്ലം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നിരത്തി ഇടതുപക്ഷം എങ്ങനെയാണ‌് ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും കാര്യത്തിൽ കരുതലോടെ പ്രവർത്തിച്ചത‌് എന്ന‌് അദ്ദേഹം വിശദീകരിച്ചു.
ഇനിയും നടപ്പിലാക്കേണ്ട വികസന  പദ്ധതികളെ സംബന്ധിച്ചും ഇന്നസെന്റ‌് സൂചിപ്പിച്ചു. വന്യജീവി ആക്രമണം നേരിടാൻ സത്വര നടപടികൾ ആവശ്യമാണ‌്. ഇതിന‌് ശക്തമായ ഇടപെടൽ നടത്തും. തോട്ടം തൊഴിലാളികളുടെ ഭൂമിയുടെയും വീടിന്റെയും  പ്രശ‌്നത്തിൽ ഇടതുപക്ഷ സർക്കാർ വലിയ ഇടപെടലാണ‌് നടത്തുന്നത‌്. 
തോട്ടം മേഖലയിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ‌്തത മനസ്സിലാക്കി ഹെൽത്ത‌്   സബ‌്സന്റർ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട‌്. അതിന്റ സൗകര്യങ്ങൾ വർധിപ്പിക്കും. കുടിവെള്ള പ്രശ‌്നത്തിന‌് ശാശ്വത പരിഹാരം കാണും. കൃത്യമായ വികസന സങ്കൽപ്പം മുന്നോട്ടുവച്ചാണ‌് സംസാരിച്ചത‌്.
പത്തടിപ്പാലം സെന്ററിലെ അടിച്ചിൽതൊട്ടി മുതുവകോളനി നിവാസികളുടെ സ്വീകരണകേന്ദ്രത്തിൽ നിന്നാണ‌്  രാവിലെ പര്യടനം ആരംഭിച്ചത‌്. മലക്കപ്പാറ തോട്ടം മേഖലയിലെ...റോപ്പ‌്മട്ടം, കടമട്ടം, കീഴ‌്പെരട്ട‌് , നടുപെരട്ട‌്, മയിലാടുംപാറ  സെന്ററുകളിലെ   സ്വീകരണശേഷം ഉച്ചകഴിഞ്ഞ‌് ആദിവാസി കേന്ദ്രങ്ങളിലെ പെരുംമ്പാറ, തവളക്കുഴിപ്പാറ, വാച്ച‌്മരം, പുളിയിലപ്പാറ, ഷോളയാർ, പുകയിലപ്പാറ, വാഴച്ചാൽ എന്നീ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട‌് അതിരപ്പിള്ളി പഞ്ചായത്തിലെ അതിരപ്പിള്ളി, കണ്ണൻകുഴി, വെറ്റിലപ്പാറ, എന്നിവിടങ്ങളിലെ സ്വീകരണത്തിന‌്ശേഷം അരൂർമൂഴിയിൽ സമാപിച്ചു. 
ബി ഡി ദേവസി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഗിരിജാ വല്ലഭൻ, സിപിഐ മണ്ഡലം സെക്രട്ടറി പി എം വിജയൻ, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം ജോസ‌് പൈനാടത്ത‌് എന്നിവരും ഒപ്പമുണ്ടായിരുന്നു. എ ബി പ്രേമദാസ‌്, അഡ്വ. ബിജു വാഴക്കാല, ടി പി ജോണി, തങ്കമ്മ വർഗീസ‌്, കെ കെ റിജേഷ‌്, കെ എസ‌് സുനിൽകുമാർ, കെ കെ സന്തോഷ‌്, കെ കെ ശ്യാമളൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

 


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍