ഈ പ്രതിസന്ധിയിൽ ഇടതുപക്ഷത്ത് നിൽക്കുയല്ലാതെ മനുഷ്യരെ സ്‌നേഹിക്കുന്നവർക്ക് വേറെയൊന്നും ചെയ്യാനില്ല: എൻ ശശിധരൻ
Thursday Apr 18, 2019
പൊതുവിൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ അധികം താല്പര്യം കാണിക്കാത്ത ആളാണ് ഞാൻ. ഓരോരുത്തരും സ്വതന്ത്രമായി അവരുടെ വോട്ടവകാശം രേഖപ്പെടുത്തട്ടെ എന്ന കാഴ്ചപ്പാടാണ് എനിക്ക്. എന്നാൽ ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ ജയിച്ചേ പറ്റൂ എന്നു തോന്നുന്നത് കൊണ്ടാണ് ഈ അഭിപ്രായം പങ്കുവയ‌്ക്കുന്നത്.
കേരളത്തിൽ മുമ്പെങ്ങും ഇല്ലാത്തവിധത്തിൽ ഹിന്ദുത്വ തീവ്രവാദികൾ ഉൾപ്പെടെയുള്ള വലതുപക്ഷം ഇടതുപക്ഷത്തിനെതിരെ അടിസ്ഥാനരഹിത ആരോപണം ഉയർത്തുകയാണ്.
പ്രളയ കാലത്തും അതേത്തുടർന്നുള്ള സാമൂഹിക സാഹചര്യങ്ങളിലും മനുഷ്യപക്ഷത്തു നിലയുറപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മുൻ നിർത്തി ഹിന്ദുത്വ വർഗീയവാദികളും കോൺഗ്രസ്സും ഒത്തു ചേർന്ന് നടത്തിയ സമരാഭാസങ്ങളെപ്പോലെ അപഹാസ്യമായി കേരള ചരിത്രത്തിൽ മറ്റൊന്നില്ല. മാനവികതയിലും മനുഷ്യ സ്നേഹത്തിലും അടിയുറച്ചു നിൽക്കുന്ന ഏതൊരാൾക്കും ഇപ്പോൾ ഇടതുപക്ഷത്തോടോപ്പം ചേർന്ന് നിൽക്കാനേ സാധിക്കു.
ഫാസിസം അതിന്റെ കരാളരൂപങ്ങളിൽ നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയല്ലാതെ മനുഷ്യരെ സ്നേഹിക്കുന്നവർക്ക് വേറൊന്നും ചെയ്യാനില്ല.
ദേശീയ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർടികൾ അത്ര വലിയ ശക്തിയല്ല. എന്നാൽ നിലപാടുകൾകൊണ്ട് കമ്യൂണിസ്റ്റുകാർ പാർലമെന്റിനകത്തും പുറത്തും പലപ്പോഴും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഭരണകൂട നയങ്ങളെ സ്വാധീനിക്കാനും മാറ്റിക്കാനും കഴിഞ്ഞിട്ടുണ്ട്. പാർടിയുടെ സ്വാധീനമല്ല, നയങ്ങളാണ് പ്രധാനം. ഇവിടെ കോൺഗ്രസ്സിന്റെയും ബിജെപിയുടെയും സാമ്പത്തിക നയങ്ങളിൽ ഒരു മാറ്റവും ഇല്ല. ഇടതുപക്ഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉപ്പാണ്. ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പ്രബലരായ മാധ്യമ സ്ഥാപങ്ങളെ കൂട്ടുപിടിച്ചും അതിലെ പ്രവർത്തകരെ വിലയ‌്ക്കെടുത്തും അവർ ഈ ദൗത്യം നിറവേറ്റാൻ ശ്രമിക്കുന്നു. പൂർവ നിശ്ചിതമായ സർവേ ഫലങ്ങൾ അങ്ങനെയാണുണ്ടാവുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിക്കുകയാണ് ഈ രാഷ്ട്രത്തോട് ചെയ്യാൻ കഴിയുന്ന ധർമം.