സമഗ്രവികസനം വെറുംവാക്കല്ലെന്നതിന്റെ തെളിവുകളാണ് എൽഡിഎഫിന്റെ അനുകൂലസ്ഥിതിക്ക് അടിസ്ഥാനം: ആർ ബാലകൃഷ്‌ണപിള്ള

Thursday Apr 18, 2019
ജയൻ ഇടയ്‌ക്കാട്‌

കൊല്ലം > ക്രൂരമായ ഭരണമാണ് അഞ്ചുവർഷം ഇന്ത്യ കണ്ടത്. ചരിത്രം നരേന്ദ്ര മോഡിയെ ക്രൂരനായ ഭരണാധികാരിയെന്ന് വിളിക്കുമ്പോൾ സത്യം തിരിച്ചറിഞ്ഞതിന്റെ സംതൃപ്തിയാകും രാജ്യത്തെ ജനങ്ങൾക്ക്...  പാർലമെന്റിലും നിയമസഭയിലും ഭരണപക്ഷത്തും പ്രതിപക്ഷനിരയിലുമായി ആറു പതിറ്റാണ്ടോളം പ്രവർത്തനപാരമ്പര്യമുള്ള കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയുടെ വാക്കുകളിലറിയുന്നത് അനുഭവങ്ങളുടെ ഉൾക്കാഴ്ച.  23ന് കേരളത്തിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്രഭരണത്തിന്റെ വിലയിരുത്തലും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ബാലകൃഷ്ണപിള്ള ദേശാഭിമാനിയുമായി പങ്കുവച്ചു. കേന്ദ്രഭരണത്തിനൊപ്പം സംസ്ഥാന ഭരണത്തിന്റെയും വിലയിരുത്തൽ ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. കേന്ദ്ര സർക്കാരിന്റെ ക്രൂരനടപടികൾക്കുമേൽ കേരളത്തിന്റെ കാരുണ്യകരം വിജയിക്കുന്ന കാഴ്ച ഇനി നമ്മൾ കാണും.

രാഷ്ട്രീയസ്ഥിതി എൽഡിഎഫിന് അനുകൂലമോ. എന്തുകൊണ്ട്?

നാടിന്റെ സമഗ്രവികസനം വെറുംവാക്കല്ലെന്നതിന്റെ തെളിവുകളാണ് അനുകൂലസ്ഥിതിക്ക് അടിസ്ഥാനം. 1200 രൂപ പെൻഷൻ മുടങ്ങാതെ വാങ്ങുന്നവർക്ക് മറക്കാനാകുമോ എൽഡിഎഫ് സർക്കാരിനെ. പത്തരമാറ്റിൽ മിന്നുന്ന സ‌്കൂളുകളുടെ മുഖംകണ്ടിട്ട് ഏത് അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമാണ് നന്ദി പറയാത്തത്. കൂടെപ്പിറപ്പുകളോടുള്ള  കരുതൽ  സർക്കാരിന്റെ ഓരോ പ്രവൃത്തികളിലും വ്യക്തം. അഴിമതി  ലവലേശമില്ലാത്തതും ആയിരം ദിനംകൊണ്ട് ഇത്രയും വികസനം സാധ്യമാക്കിയതുമായ സർക്കാർ എന്ന ഖ്യാതി പിണറായി വിജയന‌്  സ്വന്തം. ഇതാണ് വിലയിരുത്തലിന് അടിസ്ഥാനമാക്കുന്നതെങ്കിൽ കേരളത്തിലെ 20 സീറ്റിലും എൽഡിഎഫ് വിജയിക്കും. പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയർത്തിയ ഇച്ഛാശക്തി മാത്രംമതി സമ്പൂർണവിജയത്തിന്റെ പകിട്ടിന്. ജോലി ചെയ്തതിന്റെ  കൂലി തൊഴിലുറപ്പു തൊഴിലാളികൾക്ക് നിഷേധിക്കുന്ന കേന്ദ്രത്തിന്റെ ക്രൂരത ഇതിനിടെ നമ്മൾ കാണാതിരിക്കരുത്. എത്രമാത്രം പ്രതിഷേധം ഉയർന്നതിനുശേഷമാണ‌് ഇപ്പോൾ കൂലികുടിശ്ശിക അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.

മതനിരപേക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടോ?

മതനിരപേക്ഷ മുന്നണി തെരഞ്ഞെടുപ്പിനു മുമ്പ‌് കേന്ദ്രത്തിൽ യാഥാർഥ്യമാകേണ്ടതായിരുന്നു. കോൺഗ്രസിന്റെ പിടിവാശി ഈ നീക്കം പരാജയപ്പെടുത്തി. ഇതിന് ഉത്തരവാദി കോൺഗ്രസാണ്. വിശാലനയമാണ് കോൺഗ്രസ് സ്വീകരിക്കേണ്ടത്. കേന്ദ്ര ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രക്ഷോഭം ഏകോപിപ്പിക്കാൻ നേതൃത്വം കൊടുക്കേണ്ടിയിരുന്ന കോൺഗ്രസ് അത് ചെയ്തില്ല. മുൻകൈയെടുക്കേണ്ട കോൺഗ്രസ് മൂക്കിനു താഴെയുള്ള ഡൽഹിയിൽ പോലും മുഖംതിരിച്ചു. ഇനി എങ്ങനെ കോൺഗ്രസ് ഇത് സാധ്യമാക്കും.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തെ എങ്ങനെ ബാധിക്കും?

കേരളത്തിൽ എൽഡിഎഫ് മുന്നേറ്റത്തെ ചെറുക്കാൻ രാഹുലിനാകില്ല. അമേഠിയിൽ തോൽക്കുമെന്ന ഭയമാണ് രാഹുലിനെ വയനാട്ടിൽ എത്താൻ പ്രേരിപ്പിച്ചത്. എന്നാൽ, കേരളം ശക്തമായ രാഷ്ട്രീയബോധമുള്ള നാടാണെന്ന് തെരഞ്ഞെടുപ്പു കഴിയുമ്പോൾ രാഹുൽ തിരിച്ചറിയും.

തെരഞ്ഞെടുപ്പ് സർവേകളെ എങ്ങനെ വിലയിരുത്തുന്നു?

ശുദ്ധ അസംബന്ധമാണ് രണ്ട് ചാനൽ മത്സരിച്ച് സംപ്രേഷണം നടത്തിയ സർവേ ഫലം. യുഡിഎഫിലെ ഘടക കക്ഷികളെപ്പോലെയാണ‌് ഇവർ. ഇടതുപക്ഷത്തെ ഏറ്റവുമധികം ശല്യപ്പെടുത്തുന്നത് ഇത്തരം ചില ചാനലുകളും പത്രങ്ങളുമാണ്. രണ്ട‌് ദൃശ്യമാധ്യമങ്ങൾ പറഞ്ഞ ഫലങ്ങൾ പരസ്പരവിരുദ്ധമാണ്.  ഇവർ വിശ്വാസ്യത ഇല്ലാതാക്കുന്നു. രണ്ടരക്കോടി വോട്ടർമാരുള്ള കേരളത്തിൽ 5000 പേരുടെ അഭിപ്രായം കേട്ടിട്ട് ഫലം പ്രവചിക്കുന്നത് ശരിയല്ല. അപാര തൊലിക്കട്ടിയുള്ളവർക്കു മാത്രം ചെയ്യാനാകുന്ന പ്രവൃത്തിയാണിത്. ഗ്രാമപ്രദേശങ്ങളിൽ പണിയെടുക്കുന്ന തൊഴിലുറപ്പു തൊഴിലാളികളുടെ അഭിപ്രായം സർവേയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ  ഫലം വിപരീതമാകുമായിരുന്നുവെന്ന തിരിച്ചറിവുണ്ടാകണം സർവേക്കാർക്ക്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍