ബിജെപിക്ക് അടിപതറുന്നു ; ആശങ്ക ഏറുന്നു
Thursday Apr 18, 2019
ന്യൂഡൽഹി
രണ്ടാംഘട്ടമായ വ്യാഴാഴ‌്ച 95 ലോക‌്സഭാ മണ്ഡലങ്ങളിലേക്കുകൂടി തെരഞ്ഞെടുപ്പ‌് നടക്കുമ്പോൾ ബിജെപിക്ക‌് ആശങ്ക ഏറുന്നു. യുപി, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷത്തെ സീറ്റുകൾ ഏറെയും നഷ്ടപ്പെടുമെന്നതാണ‌് ബിജെപി നേരിടുന്ന വെല്ലുവിളി. ഒന്നാംഘട്ടത്തിൽ 91 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി ലഭിക്കുമെന്നാണ‌് നേതൃത്വം വിലയിരുത്തിയിരിക്കുന്നത‌്. തുടർന്നാണ‌് വർഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളുമായി പ്രധാനമന്ത്രി മോഡിയും അമിത‌് ഷായും യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങിയത‌്. ഇക്കുറി ഉത്തരേന്ത്യയിലും പശ‌്ചിമേന്ത്യയിലും ബിജെപിക്ക‌് വലിയ തോതിൽ സീറ്റുകൾ നഷ്ടപ്പെടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ ദക്ഷിണേന്ത്യയിലോ നിന്ന‌് കൂടുതൽ സീറ്റുകൾ ലഭിക്കാനും വഴിയില്ല. ബിജെപിക്ക‌് വെല്ലുവിളിയായിരിക്കുന്നത‌് പ്രാദേശിക പാർടികളുടെ സഖ്യങ്ങളാണ‌്. 150 സീറ്റിലപ്പുറം പോകില്ലെന്നാണ‌് പല സംസ്ഥാനങ്ങളിൽനിന്നുമുള്ള വിലയിരുത്തൽ.
സംഘപരിവാറിന്റെ തേരിൽ വർഗീയപ്രചാരണം നടത്തിയും മോഹനവാഗ‌്ദാനങ്ങൾ നൽകിയുമാണ‌് നരേന്ദ്ര മോഡി 2014ൽ അധികാരത്തിലെത്തിയത‌്. 1984നുശേഷം ആദ്യമായി 2014ലാണ‌് ലോക‌്സഭയിൽ ഒറ്റക്കക്ഷിക്ക‌് കേവല ഭൂരിപക്ഷം ലഭിച്ചത‌്. 543ൽ ബിജെപിക്ക‌് മാത്രം 282 സീറ്റും എൻഡിഎക്ക‌് ആകെ 336 സീറ്റും ലഭിച്ചു. അധികാരത്തിന്റെ ലഹരിയിൽ ജനങ്ങളെ മറന്ന ബിജെപി ആദ്യ ആറു മാസം ചോദ്യംചെയ്യപ്പെടാത്ത ശക്തിയെന്ന നിലയിൽ പെരുമാറി. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുക്കുക കൂടി ചെയ‌്തതോടെ അമിത‌് ഷാ 50 വർഷത്തേക്ക‌് ബിജെപി തന്നെ ഇന്ത്യ ഭരിക്കുമെന്ന‌് പ്രഖ്യാപിച്ചു.
ഭൂമി ഏറ്റെടുക്കൽ നിയമം ഭേദഗതി ചെയ‌്ത‌് കോർപറേറ്റുകൾക്ക‌് അനുകൂലമായി ഓർഡിനൻസ‌് ഇറക്കിയതോടെ മോഡിയുടെയും ബിജെപിയുടെയും പടിയിറക്കത്തിനു തുടക്കമായി. 2015ൽ ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു. 2015നുശേഷം നടന്ന ലോക‌്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടു. കൈയിലുള്ള സീറ്റുകളും നഷ്ടപ്പെട്ടു തുടങ്ങി. 2018 അവസാനത്തോടെ ബിജെപിക്ക‌് കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ‌്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും സീറ്റുകൾ ലഭിക്കാൻ സഹായിച്ചത‌് ഘടക കക്ഷികളായിരുന്നു. എന്നാൽ, തെലുഗുദേശം, ജമ്മു കശ്മീരിലെ പിഡിപി, ആർഎൽഎസ‌്പി തുടങ്ങി പല കക്ഷികളും എൻഡിഎ വിട്ടു. ബിജെപി സഖ്യം അവസാനിപ്പിച്ച‌് യുപിയിൽ ഒറ്റയ‌്ക്കു മത്സരിക്കാൻ തീരുമാനിച്ചിരിക്കയാണ‌് എസ‌്ബിഎസ‌്പി.
ഉത്തർപ്രദേശിലും ബിഹാറിലും നിന്നുമായി 2014ൽ ബിജെപിക്ക് 93 സീറ്റാണ് ലഭിച്ചത്. ആകെയുള്ള സീറ്റ് 120. കഴിഞ്ഞതവണ ഗംഭീര വിജയം നേടിയ ഡൽഹി, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് വൻതോതിൽ സീറ്റുകൾ നഷ്ടപ്പെടും. മറ്റു ചില സംസ്ഥാനങ്ങളിൽ പുതുതായി സഖ്യകക്ഷികളെ കണ്ടെത്താനും അധിക സീറ്റുകൾ നേടാനുമുള്ള പദ്ധതിയും കാര്യമായി മുന്നോട്ടുപോയില്ല. ചില ചെറുകക്ഷികൾ അമർഷത്തോടെയാണ‌് ബിജെപിക്കൊപ്പം നിൽക്കുന്നത‌്. മോഡിയുടെയും ബിജെപിയുടെയും ഭാവി ശോഭനമല്ലെന്നു കണ്ടാൽ ഇവർ പുതിയ വഴികൾ തേടും. ഭാവി സഖ്യകക്ഷികളായി ബിജെപി കരുതിയിരുന്ന ബിജെഡി, തൃണമൂൽ കോൺഗ്രസ് എന്നിവയും അകന്നു.
കഴിഞ്ഞതവണ 71 സീറ്റ‌് ലഭിച്ച യുപിയിൽ ബിജെപിക്ക‌് ഇത്തവണ പകുതി സീറ്റുപോലും ലഭിക്കില്ലെന്ന‌് ഉറപ്പിച്ചുകഴിഞ്ഞു. എസ‌്പിയും ബിഎസ‌്പിയും വേവ്വറെ മത്സരിച്ചതുകൊണ്ടാണ‌് ബിജെപിക്ക‌് 2014ൽ നേട്ടം കൊയ്യാനായത‌്. എന്നാൽ, ഇക്കുറി ഇരു പാർടികളും ആർഎൽഡിയും സഖ്യമായതോടെ ബിജെപിക്ക‌് 50 സീറ്റുകളെങ്കിലും നഷ്ടപ്പെടും. ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള മുന്നണി എൻഡിഎക്ക‌് കാര്യമായ ക്ഷതമേൽപ്പിക്കും. ബിജെപി–-ജെഡിയു ബന്ധത്തിൽ വിള്ളൽ വീണുകഴിഞ്ഞു. മഹാരാഷ്ട്രയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ പരമാവധി സീറ്റ‌് നേടിയിരുന്നു–- 48ൽ 42. ജാർഖണ്ഡിൽ 14ൽ 12 സീറ്റ‌് നേടി. ഹിമാചൽപ്രദേശിൽ നാലിൽ നാലും. ഈ സീറ്റുകളിലും ബിജെപിക്ക‌് ഇത്തവണ നഷ്ടം സംഭവിക്കും.
ദക്ഷിണേന്ത്യയിൽ എത്തിനോക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ‌് ബിജെപി. 2014ൽ തമിഴ‌്നാട്ടിൽ ബിജെപിക്കും ഘടകകക്ഷിയായ പിഎംകെക്കും ഓരോ സീറ്റ‌് ലഭിച്ചിരുന്നു. ശക്തമായ മോഡിവിരുദ്ധ തരംഗം ആഞ്ഞടിക്കുന്ന തമിഴകത്ത‌് ഇത്തവണ ഈ സീറ്റുകൾ പോലും നിലനിർത്താൻ കഴിയില്ല. തെലുഗുദേശം വിട്ടുപോയതിനാൽ ആന്ധ്രപ്രദേശിലും സഖ്യകക്ഷിയില്ലാത്തതിനാൽ തെലങ്കാനയിലും ബിജെപിക്ക‌് പ്രതീക്ഷിക്കാൻ ഒന്നുമില്ല. കർണാടകത്തിൽ 28 സീറ്റിൽ 17ലും കഴിഞ്ഞതവണ ജയിച്ച ബിജെപിക്ക‌് ഇത്തവണ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യം വെല്ലുവിളിയാണ‌്. ഡൽഹി (ഏഴ‌്), ഗുജറാത്ത‌്(26) എന്നിവിടങ്ങളിൽ നേടിയ സമ്പൂർണവിജയം ബിജെപിക്ക‌് ഇത്തവണ ആവർത്തിക്കാൻ കഴിയില്ല. കേരളത്തിൽ വർഗീയത അഴിച്ചുവിട്ട‌് പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒറ്റ സീറ്റു പോലും ലഭിക്കില്ലെന്ന‌് ബിജെപി നേതൃത്വം വിലയിരുത്തിയിട്ടുണ്ട‌്.