രാജസ്ഥാനിൽ സ്ഥാനാർഥിത്വം പാളി കോൺഗ്രസ‌് ; തോറ്റവർക്ക‌് വീണ്ടും സീറ്റ‌്
Thursday Apr 18, 2019
ന്യൂഡൽഹി
രാജസ്ഥാനിൽ നിയമസഭാതെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാക്കാൻ കഴിയാതെ കോൺഗ്രസ‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റിൽ ഒരെണ്ണം പോലും നേടാൻ കോൺഗ്രസിന‌് സാധിച്ചിരുന്നില്ല. ഇക്കുറി പകുതി സീറ്റെങ്കിലും ജയിക്കുമെന്ന അവകാശവാദത്തോടെയാണ‌് പ്രചാരണം തുടങ്ങിയത‌്. എന്നാൽ, സ്ഥാനാർഥിപ്പട്ടികയിലെ കുഴപ്പങ്ങളും നേതൃത്വത്തിന്റെ ആശയക്കുഴപ്പവും മാറിമറിയുന്ന സാമുദായിക സമവാക്യങ്ങളും കോൺഗ്രസിന്റെ സാധ്യതകൾക്ക‌് മങ്ങലേൽപ്പിച്ചു.
അനുയോജ്യരായ സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാത്തതാണ‌് രാജസ്ഥാനിൽ കോൺഗ്രസ‌് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുതിർന്ന നേതാക്കളിൽ പലരും നിയമസഭാതെരഞ്ഞെടുപ്പിൽ ജയിച്ച‌് മന്ത്രിമാരായി. ബുദ്ധിമുട്ടി മത്സരിച്ച‌് ഡൽഹിയിൽ പോയതുകൊണ്ട‌് കാര്യമായ നേട്ടമൊന്നുമില്ലെന്ന ധാരണ സംസ്ഥാന നേതാക്കൾക്കിടയിൽ പ്രബലമാണ‌്. നിലവിൽ കോൺഗ്രസിന‌് അധികാരമുള്ള സംസ്ഥാനം വിട്ട‌് ഡൽഹിയിലേക്ക‌് ചേക്കേറുന്നത‌് മണ്ടത്തരമാകുമെന്നും നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ ജനസ്വാധീനമില്ലാത്ത പുതുമുഖങ്ങൾക്ക‌് സീറ്റ‌് നൽകേണ്ടി വന്നു.
‘തോറ്റവർക്ക‌് വീണ്ടും സീറ്റ‌് ’
നിയമസഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അഞ്ചുപേരെ ലോക‌്സഭയിലേക്ക‌് മത്സരിപ്പിക്കുന്നത‌് കോൺഗ്രസിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. ചില സ്ഥാനാർഥികളെ ജനങ്ങൾക്ക‌് മുഖപരിചയം പോലുമില്ല. ജയ‌്പുരിൽ ജ്യോതി ഖണ്ഡേവാലിനെയും നഗൗറിൽ ജ്യോതി മിർദയെയും പ്രാദേശിക നേതൃത്വം അംഗീകരിച്ചിട്ടില്ല. എംപിയായി തെരഞ്ഞെടുക്കപ്പെട്ടാൽ അഞ്ചുകോടിക്ക‌് ടെൻഡർ നൽകാമെന്ന‌് ജ്യോതി ഖണ്ഡേവാൽ ഉറപ്പുനൽകുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പാർടിക്ക‌് വലിയ നാണക്കേടാണുണ്ടാക്കിയത‌്.
മാറിമറിഞ്ഞ സാമുദായിക സമവാക്യങ്ങൾ
അജ‌്മീർ, ജോധ‌്പുർ, ബാർമെർ, പാലി മണ്ഡലങ്ങളിലെ ജാട്ട‌് വിഭാഗക്കാർക്കിടയിൽ ആർഎൽപിയുടെയും ഹനുമാൻ ബെനിവാളിന്റെയും സ്വാധീനം ഗുണകരമാകുമെന്നാണ‌് ബിജെപിയുടെ കണക്കുകൂട്ടൽ. ആർഎൽപിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ‌് ആത്മാർഥത കാട്ടിയില്ല. മുഖ്യമന്ത്രി അശോക‌് ഗെലോട്ടിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ‌് ഹനുമാൻ ബെനിവാൾ ബിജെപി പാളയത്തിലേക്ക‌് ചേക്കേറിയത‌്. ഏഴ് സീറ്റ‌് നൽകണമെന്ന ആവശ്യം കോൺഗ്രസ‌് തള്ളിയതിനെത്തുടർന്നാണ‌് സഖ്യത്തിനുള്ള വഴി അടഞ്ഞതെന്ന‌് ആർഎൽപി വൃത്തങ്ങൾ പ്രതികരിച്ചു.
ആർഎൽപിയുടെ പിന്തുണയ‌്ക്ക‌് പുറമേ ഗുജ്ജർ നേതാവ‌് കിരോരി സിങ‌് ബെയിൻസ‌്‌ല അടുത്തിടെ ബിജെപിയിലേക്ക‌് തിരിച്ചുപോയി. 12 ശതമാനം വരുന്ന ജാട്ട‌് വിഭാഗത്തിന്റെയും ഒമ്പത‌് ശതമാനത്തോളമുള്ള ഗുജ്ജർ വിഭാഗത്തിന്റെയും വോട്ടുകൾ ഏത‌് പാർടിക്കായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഫലമെന്നാണ‌് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിയമസഭാതെരഞ്ഞെടുപ്പിൽ ഈ രണ്ട‌് വിഭാഗങ്ങളും കോൺഗ്രസിന‌് ഒപ്പമായിരുന്നു. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ‌് നേതാവുമായ സച്ചിൻ പൈലറ്റിന്റെ ഇടപെടലുകളാണ‌് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജ്ജർ വിഭാഗത്തെ അനുകൂലമായ നിലപാട‌് സ്വീകരിക്കാൻ പ്രേരിപ്പിച്ചത‌്. എന്നാൽ, തെരഞ്ഞെടുപ്പ‌് ജയത്തിനുപിന്നാലെ സച്ചിൻ പൈലറ്റിനെ പിന്തള്ളി കോൺഗ്രസ‌് അശോക‌്ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി. കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസവഞ്ചനയാണിതെന്ന‌് ഗുജ്ജർ നേതാക്കൾ പ്രതികരിച്ചു.
പുൽവാമയും ബാലാകോട്ടും
സംസ്ഥാനത്തുനിന്നുള്ള അഞ്ച‌് ജവാൻമാർ പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായി. പുൽവാമയിലും ബാലാകോട്ടിലും കേന്ദ്രീകരിച്ചാണ‌് ബിജെപിയുടെ പ്രചാരണം മുന്നേറുന്നത‌്. ഇതിനെ മറികടക്കുന്ന രീതിയിൽ പ്രചാരണം സംഘടിപ്പിക്കാൻ പരിമിതികൾ ഉണ്ടെന്നതാണ‌് കോൺഗ്രസിന്റെ ബലഹീനത. നാലാംഘട്ടത്തിൽ ഏപ്രിൽ 29ന‌് 13 മണ്ഡലത്തിലും ആറാംഘട്ടത്തിൽ മെയ‌് ആറിന‌് 12 മണ്ഡലത്തിലുമാണ‌് വോട്ടെടുപ്പ‌്.