യാദവപ്പോരിൽ മധേപുര ആർക്കൊപ്പം

Saturday Apr 20, 2019

പട‌്ന
കിഴക്കൻ ബിഹാറിലെ യാദവക്കോട്ടയായ മധേപുരയിൽ നാലു തവണ എംപിയായിരുന്ന എൽജെഡി നേതാവ‌് ശരത‌് യാദവ‌് ഇത്തവണ ആർജെഡിയുടെ സ്ഥാനാർഥിയായി അങ്കത്തിനിറങ്ങിയിരിക്കുന്നു. എവിടെനിന്നും സ്വന്തമായി ജയിച്ചുകയറാനാകില്ലെന്ന ബോധ്യത്തിലാണ‌് ഒടുവിൽ ദീർഘനാൾ ശത്രുപക്ഷത്തായിരുന്ന ലാലുപ്രസാദ‌് യാദവിന്റെ കാരുണ്യത്താൽ വീണ്ടുമൊരു പോരാട്ടം. 23ന‌ാണ‌് മധേപുരയിൽ വോട്ടെടുപ്പ‌്.

ശരത‌് യാദവിന്റെ വിജയത്തിനായി ലാലുവിന്റെ മകൻ തേജസ്വി യാദവും ഇടയ‌്ക്കിടെ  പ്രചാരണത്തിനെത്തുന്നുണ്ട‌്. ശരത‌് യാദവിന്റെ ശിഷ്യനായിരുന്ന ബിഹാർ മന്ത്രി ദിനേശ‌് യാദവ‌ാണ‌് ജെഡിയു സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയും സിറ്റിങ‌് എംപിയുമായ പപ്പു യാദവ‌് സജീവമായിട്ടില്ല. ദീർഘനാൾ സഹയാത്രികനായിരുന്ന ശരത് യാദവിനെ തോൽപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ‌്കുമാർ രണ്ടും കൽപ്പിച്ച‌് രംഗത്തുണ്ട‌്. ഇത‌് യാദവ വോട്ടർമാരുടെയിടയിൽ അതൃപ്തിയുണ്ടാക്കുന്നു. 

ലാലുവിന്റെയും ശരത്തിന്റെയും തെരഞ്ഞെടുപ്പ‌് ഏറ്റുമുട്ടലുകൾക്ക‌് മധേപുര പലവട്ടം വേദിയായിട്ടുണ്ട‌്. 1991ലും 1996ലും ലാലുവിന്റെ പിന്തുണയിൽ മധേപുരയിൽ ശരത‌് യാദവ‌് ജയിച്ചു. 1997ൽ ജനതാദൾ പിളർന്ന‌് ആർജെഡി രൂപീകരിക്കപ്പെട്ടപ്പോൾ ലാലുവും ശരത‌് യാദവും രണ്ടു ചേരിയിലായി. 1998ലെ തെരഞ്ഞെടുപ്പിൽ നിതീഷ‌്കുമാറിന്റെ പിന്തുണയിൽ ശരത് യാദവ‌് മധേപുരയിൽ മൂന്നാം അങ്കത്തിന‌് ഇറങ്ങിയപ്പോൾ എതിരാളിയായി സാക്ഷാൽ ലാലു തന്നെ രംഗത്തെത്തി. ശരത് യാദവിന‌് ദയനീയ തോൽവി. 1999ൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക‌് നീങ്ങിയപ്പോൾ മധേപുരയിൽ ലാലു–-ശരത് പോര‌് ആവർത്തിച്ചു. നിതീഷിന്റെയും ബിജെപിയുടെയും പിന്തുണയിൽ ശരത് യാദവിന‌് അട്ടിമറി ജയം. 2004ൽ രണ്ട‌് യാദവ പ്രമുഖരും ഒരിക്കൽക്കൂടി ഏറ്റുമുട്ടിയപ്പോൾ ലാലു മണ്ഡലം തിരിച്ചുപിടിച്ചു. 2009ൽ ലാലു മധേപുരയിലേക്ക‌് എത്തിയില്ല. ശരത് യാദവിന‌് അനായാസ ജയം. എന്നാൽ, 2014ൽ പപ്പുയാദവിലൂടെ ആർജെഡി മണ്ഡലം തിരിച്ചുപിടിച്ചു. നിതീഷ‌് വീണ്ടും ബിജെപി പാളയത്തിലേക്ക‌് പോയതിൽ പരിഭവിച്ച‌ാണ‌് ശരത് യാദവ‌് ജെഡിയു വിട്ടത‌്.


വോട്ടുബുക്ക്
സ്പെഷ്യല്‍
ഫേക്ക് ഇന്‍ ഇന്ത്യ
ഓര്‍ത്തെടുപ്പ്
വാര്‍ത്തകള്‍