ബിഹാറിൽ നേർക്കുനേർ
Saturday Apr 20, 2019
ന്യൂഡൽഹി
മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ‌്കുമാറും ആർജെഡി നേതാവ‌് ലാലുപ്രസാദ‌് യാദവിന്റെ മകൻ തേജസ്വി യാദവും തമ്മിലുള്ള യുദ്ധമാണ‌് ബിഹാറിൽ. വോട്ടെടുപ്പ‌് രണ്ടു ഘട്ടം പിന്നിട്ടപ്പോൾ പ്രധാന രണ്ടു മുന്നണികളും പ്രതിരോധത്തിലൂന്നി. 2014ലെ തെരഞ്ഞെടുപ്പുകാലത്തെ മിത്രങ്ങൾ ഇപ്പോൾ ശത്രുക്കളും വൈരികൾ സഖ്യകക്ഷികളുമാണ‌്. ഫലം വന്നശേഷം ചേരിമാറ്റത്തിനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതെല്ലാം പരിഗണിച്ചുള്ള പോരാണ‌് ഏഴു കോടി വോട്ടർമാരുള്ള ബിഹാറിൽ.
ജയിലിൽ കിടക്കുന്ന ലാലുപ്രസാദ‌് യാദവിനു പകരം മകൻ തേജസ്വി യാദവാണ‌് ആർജെഡിയുടെ താരപ്രചാരകൻ. ദിവസം മൂന്ന‌് പൊതുയോഗങ്ങളിൽ തേജസ്വി സംസാരിക്കുന്നു. കാർഷികപ്രശ‌്നങ്ങൾ പ്രധാനമായ ബിഹാറിൽ പുൽവാമ ഭീകരാക്രമണവും ബാലാകോട്ട‌് വ്യോമാക്രമണവും തെരഞ്ഞെടുപ്പു വിഷയമാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തൊഴിലില്ലായ‌്മയും കർഷകരോടുള്ള മോഡി സർക്കാരിന്റെ വഞ്ചനയും തുറന്നുകാട്ടി വോട്ടർമാരെ സമീപിക്കുകയാണ‌് ആർജെഡി സഖ്യം. മുന്നോക്കവിഭാഗത്തിന‌് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതും ഇരുപക്ഷവും അവരവരുടെ രീതിയിൽ വ്യാഖ്യാനിച്ച‌് വോട്ടുപിടിക്കുന്നു.
ബിഹാറിലെ ഓരോ മണ്ഡലത്തിലെ ഫലവും ഭാവി സർക്കാരിനെ നിർണയിക്കുന്നതിൽ പ്രധാനമാകും. തനിക്ക‌് സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമാണ‌് താൽപ്പര്യമെന്ന‌് തൽക്കാലം പ്രഖ്യാപിച്ചിരിക്കുന്ന നിതീഷ‌്കുമാറിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകൂടിയാണിത‌്. തിരിച്ചടി നേരിട്ടാൽ ബിജെപി ബന്ധം ഉപേക്ഷിക്കാൻ സ്വന്തം പാർടിയിൽനിന്നു തന്നെ ശക്തമായ മുറവിളി ഉയരും. ഇപ്പോൾ തന്നെ ബിജെപി–-ജെഡിയു ബന്ധം ശിഥിലമാണ‌്.
ഭോജ‌്പുർ, ചമ്പാരൻ, മിഥിലാഞ്ചൽ, സീമാഞ്ചൽ, കോസി, മഗധ‌്–-പാടലീപുത്ര എന്നീ ആറ‌് മേഖലകളാണ‌് ബിഹാറിൽ. ഭോജ‌്പുർ മേഖലയിലെ സരനിൽ മേയ‌് ആറിനും ഗോപാൽഗഞ്ച‌്, സീവാൻ, മഹാരാജ‌്ഗഞ്ച‌് എന്നിവിടങ്ങളിൽ 12നും ആര, ബക്സർ, സസരാം, കരാകത‌് മണ്ഡലങ്ങളിൽ 19നും വോട്ടെടുപ്പ‌് നടക്കും. കാർഷികപ്രശ്നങ്ങൾ, ജലസേചനസൗകര്യങ്ങളുടെ അഭാവം എന്നിവയാണ‌് മേഖലയിലെ മുഖ്യവിഷയങ്ങൾ. ആരയിൽ കേന്ദ്രമന്ത്രി ആർ കെ സിങ്ങും (ബിജെപി) മഹാസഖ്യത്തിന്റെ സ്ഥാനാർഥി രാജു യാദവും (സിപിഐ എംഎൽ) തമ്മിലാണ‌് മുഖ്യമത്സരം. ബക‌്സറിൽ കേന്ദ്രമന്ത്രി അശ്വനി ചൗബ ആർജെഡിയിലെ ജഗ‌്ദാനന്ദസിങ്ങിൽനിന്ന‌് കനത്ത വെല്ലുവിളി നേരിടുന്നു. ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ രാജീവ‌് പ്രതാപ‌് റൂഡി മത്സരിക്കുന്ന സരനിൽ ചന്ദ്രിക പ്രസാദ‌് യാദവാണ‌് ആർജെഡി സ്ഥാനാർഥി. സസരാമിൽ മുൻ ലോക‌്സഭാ സ‌്പീക്കർ മീരാകുമാർ കോൺഗ്രസ‌് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്നു. ബിജെപിയിലെ ഛെഡി പസ്വാനാണ‌് മുഖ്യ എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലെ എല്ലാ സീറ്റും എൻഡിഎ നേടിയിരുന്നു.
പാടലീപുത്ര മേഖലയിൽ 10 ലോക‌്സഭാ മണ്ഡലങ്ങളാണ‌്. ഔറംഗബാദ‌്, ഗയ, നവാദ, ജാമു എന്നിവിടങ്ങളിൽ ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ‌് നടന്നു. ബിജെപി ബന്ധം ഉപേക്ഷിച്ച‌് മഹാസഖ്യത്തിൽ ചേക്കേറിയ ഉപേന്ദ്ര കുശ‌്വാഹ ഔറംഗബാദിലാണ‌് മത്സരിക്കുന്നത‌്. മുംഗറിൽ 29നാണ‌് വോട്ടെടുപ്പ‌്. പാടലീപുത്ര, പട‌്നസാഹിബ‌്, ജഹനാബാദ‌്, നളന്ദ മണ്ഡലങ്ങളിൽ മേയ‌് 19നാണ‌് വോട്ടെടുപ്പ‌്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ബിജെപിയിൽനിന്ന‌് രാജിവച്ച ശത്രുഘ‌്നൻസിൻഹയും ഏറ്റുമുട്ടുന്ന പട‌്ന സാഹിബിലെ മത്സരം ശ്രദ്ധേയാണ‌്. മഹാസഖ്യം സ്ഥാനാർഥിയാണ‌് സിൻഹ. പാടലീപുത്രയിൽ ലാലുപ്രസാദ‌് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംകൃപാൽ യാദവും ഏറ്റുമുട്ടുന്നു. നിതീഷ‌്കുമാറിന്റെ ജന്മനാടായ നളന്ദയിൽ കൗശലേന്ദ്രകുമാർ എംഎൽഎയാണ‌് ജെഡിയു സ്ഥാനാർഥി. ജിതൻ റാം മാഞ്ചിയുടെ എച്ച‌്എംഎം പ്രതിനിധിയായ അശോക‌്കുമാർ ആസാദാണ‌് മഹാസഖ്യ സ്ഥാനാർഥി.
ന്യൂനപക്ഷങ്ങൾക്ക‌് സ്വാധീനം താരതമ്യേന കൂടുതലായ സീമാഞ്ചൽ മേഖലയിലെ കിഷൻഗഞ്ച‌്, പൂർണിയ, കതിഹാർ മണ്ഡലങ്ങളിൽ വ്യാഴാഴ‌്ച വോട്ടെടുപ്പ‌് നടന്നു. അരാരിയയിൽ 23നാണ‌് വോട്ടെടുപ്പ‌്. രണ്ടു ഘട്ടമായി ഒമ്പത‌് മണ്ഡലത്തിലാണ‌് വോട്ടെടുപ്പ‌് പൂർത്തിയായത‌്. 23നു അഞ്ചു മണ്ഡലത്തിലാണ‌് വോട്ടെടുപ്പ‌്.