കാടകങ്ങളിൽ ഗോത്രതാളം; ആദിവാസി ജനവിഭാഗങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത
Monday Apr 22, 2019
പി ഒ ഷീജ
കൽപ്പറ്റ > ‘‘ജന്മിമാരുടെ അടുക്കളപ്പുറത്ത‌് പാത്രം കഴുകിയും മുറ്റം വൃത്തിയാക്കിയും ജീവിച്ച ഞങ്ങളെപ്പോലുള്ളവരെ ആത്മാഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കിയത‌് പിണറായി സർക്കാരാണ‌്. ഞങ്ങളുടെ കുടുംബത്തിൽനിന്ന‌് ദാരിദ്ര്യം ഒഴിഞ്ഞ‌് പോയിരിക്കുന്നു. ’’ സ‌്കൂളുകളിൽ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഗോത്രബന്ധു പദ്ധതിവഴി അധ്യാപികയായി നിയമനം ലഭിച്ച മഞ‌്ജുവിന്റെ വാക്കുകളിൽ തെളിയുന്നത‌് ആദിവാസി ജനവിഭാഗങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത. പടിഞ്ഞാറത്തറ കേഴാട്ടുമ്മൽ പണിയ കോളനിയിലെ മഞ‌്ജു പടിഞ്ഞാറത്തറ എൽപി സ‌്കൂളിലാണ‌് കഴിഞ്ഞ രണ്ട‌് വർഷമായി ജോലിചെയ്യുന്നത‌്. അടിമകളെപ്പോലെ ജീവിച്ച തങ്ങൾക്ക‌് ആത്മാഭിമാനം പകർന്നത‌് സർക്കാരാണെന്ന‌് മഞ്ജുവും കൂട്ടരും ഒരേ മനസ്സോടെ പറയുന്നു. ‘‘ ഞങ്ങൾക്കുവേണ്ടി ഇടപെടൽ നടത്തിയ ശശിയേട്ടനെ (സി കെ ശശീന്ദ്രൻ എംഎൽഎ) മറക്കാനാകില്ല’’ –- അവർ പറഞ്ഞു.
ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഗോത്രബന്ധു പദ്ധതിയാണ് ആദിവാസി വികസനചരിത്രത്തിലെ നാഴികക്കല്ലായത‌്. ‘മെന്റർ' അധ്യാപകർ എന്ന പേരിൽ 241 ആദിവാസി അധ്യാപകരെയാണ് വയനാട് ജില്ലയിൽ സർക്കാർ നിയമിച്ചത്.
750 രൂപയാണ് അധ്യാപകരുടെ പ്രതിദിനവേതനം. എൽഡിഎഫ‌് സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം എടുത്ത ആദ്യ തീരുമാനമാണിത‌്. 2017 ജൂലൈ നാലിനാണ‌് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി നിയമന ഉത്തരവ‌് നൽകിയത‌്.
തങ്ങൾക്ക‌് മനസ്സിലാകാത്ത ഭാഷയിൽ പഠിക്കേണ്ടിവരുന്നതാണ‌് ആദിവാസി കുട്ടികളെ സ‌്കൂളുകളിൽനിന്ന‌് അകറ്റിനിർത്തുന്നത‌്. ഈ പ്രശ‌്നത്തിന‌് പരിഹാരമായാണ‌് സർക്കാർ മെന്റർമാരെ നിയമിച്ചത‌്. ഒന്നാം ക്ലാസിൽ ആദിവാസി കുഞ്ഞുങ്ങൾക്ക് അവരുടെതന്നെ ഭാഷയിൽ അക്ഷരങ്ങളും അക്കങ്ങളും പറഞ്ഞുകൊടുത്ത് അറിവിന്റെ ലോകത്തേക്ക് കൊണ്ടുവരികയെന്ന ദൗത്യമാണ് ഗോത്രബന്ധുക്കൾ നിർവഹിക്കുന്നത‌്. ഇവർ കുട്ടികളെ പഠിപ്പിക്കാൻ ക്ലാസ് ടീച്ചറെ സഹായിക്കും. രണ്ട് അധ്യാപകരും ചേർന്നാണ് ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ സ്വന്തം ഭാഷയിൽത്തന്നെ പറയാനും അത് കേൾക്കാൻ അവരുടെ സ്വന്തം ടീച്ചർ ഉണ്ടെന്നതും കുഞ്ഞുങ്ങൾക്ക് ആശ്വാസമാകുന്നു. മാത്രമല്ല, വീടുകളിലെ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രശ‌്നങ്ങൾ പരിഹരിക്കാനും ഗോത്രബന്ധുക്കൾ കുട്ടികളെ സഹായിക്കുന്നു. പത്താം ക്ലാസ‌് വരെയുള്ള സ‌്കൂളുകളിൽ നൈറ്റ‌് ക്യാമ്പിലും കുട്ടികളെ ഈ അധ്യാപികമാർ പഠിക്കാൻ സഹായിക്കുന്നു.
തങ്ങളുടെ സമുദായക്കാരുടെ പുരോഗതിക്കായി ആദിവാസി മെന്റർമാരും കഠിനമായി പരിശ്രമിക്കുന്നു. സ്കൂളിലെത്താത്ത ആദിവാസി കുഞ്ഞുങ്ങളുടെ വീടുകളിലെത്തി അവരുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തി അവരെ വീണ്ടും വിദ്യാലയങ്ങളിലെത്തിക്കുന്നു.
കുറുമ സമുദായത്തിലെ 88, പണിയ വിഭാഗത്തിലെ 54, കുറിച്യ വിഭാഗത്തിലെ 46, കാട്ട്നായ്ക്ക വിഭാഗത്തിലെ 24, അടിയ വിഭാഗത്തിലെ 18, ഊരാളി കുറുമ വിഭാഗത്തിലെ ഏഴ്, തച്ചനാടൻ മൂപ്പൻ വിഭാഗത്തിൽ നിന്ന‌് മൂന്ന്, കരിമ്പാലൻ ഒന്ന് എന്നിങ്ങനെ 241 പേർക്കാണ് അധ്യാപകരായി നിയമനം നൽകിയത്.