മനസ്സുകളിൽ ആശ്വാസത്തിരയിളക്കം

Wednesday Mar 24, 2021
പി ആർ ദീപ്‌തി


കൊല്ലം
‘‘ദേ ഇത്‌ ഞങ്ങടെ സ്വർഗമാ, മനഃസമാധാനമായി കിടന്നുറങ്ങാമല്ലോ. നേരത്തെ മാനത്ത്‌ കാറൊന്നുകൊണ്ടാൽ ഉള്ളിൽ തീയായിരുന്നു. കടപ്പുറത്തെ ചെറ്റക്കുടില്‌ കടലെടുക്കുന്ന കാഴ്‌ച എത്ര തവണയാ കണ്ടത്. പ്രാണരക്ഷാർഥം ‌ഓടി രക്ഷപ്പെട്ട നാളുകൾക്കും കൈയുംകണക്കുമില്ല’’–- പുനർഗേഹം പദ്ധതിയിൽ ലഭിച്ച വീടിന്റെ  വരാന്തയിലിരുന്ന്‌ ഇത്‌ പറയുമ്പോൾ യേശുദാസന്റെ(55)യും ഭാര്യ ഷേർളി(48)യുടെയും കണ്ണുകൾക്ക്‌ വജ്രത്തിളക്കം.

കടലാക്രമണ ഭീഷണി നേരിടുന്ന കൊല്ലം മയ്യനാട്‌ താന്നി കടപ്പുറത്തെ ലക്ഷ്‌മിപുരം തോപ്പിലെ ചെറ്റക്കുടിലിൽ കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച്‌ നേരം പുലരുവോളം കണ്ണിമ ചിമ്മാതെ കാത്തിരുന്ന‌ നാളുകൾ. പുതിയൊരു വീട്‌ ‌സ്വപ്‌നം കണ്ടെങ്കിലും കൂട്ടിയാൽ കൂടാത്ത അവസ്ഥയും. ജീവിത പ്രാരാബ്‌ധങ്ങൾക്കിടെ കൈമോശം വന്ന സ്വപ്‌നത്തിന്‌  ചിറകുവന്നത്‌ ഈ സർക്കാരിന്റെ പുനർഗേഹം പദ്ധതിയിലാണ്‌.

‘‘വർഷങ്ങൾക്ക്‌ മുമ്പ്‌ കുടിൽ തിരയിലമർന്നപ്പോൾ എന്റെ പെണ്ണും അതിൽപ്പെട്ടു. തലനാരിഴയ്‌ക്കാണ്‌ രക്ഷിച്ചത്‌’’–- മത്സ്യത്തൊഴിലാളിയായ യേശുദാസൻ‌ പറയുന്നു. മയ്യനാട്‌ തോപ്പിൽമുക്കിലെ മൂന്ന്‌ സെന്റിലുള്ള വീട്ടിലേക്ക്‌ മാറിയിട്ടിപ്പോൾ ഒരു മാസമായി.

കടലുമായി മല്ലിട്ടുകഴിഞ്ഞിരുന്ന തങ്ങൾക്ക്‌  സ്വസ്ഥമായി ഒന്നുറങ്ങാൻ കഴിയുന്നത്‌ ഇവിടെ എത്തിയതിന്‌ ശേഷമാണ്‌.  ഇതാണ്‌ ഈ സർക്കാരിന്റെ കരുതൽ. രണ്ട്‌ കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ്‌ വീട്‌.

20,931 കുടുംബത്തെ 
പുനരധിവസിപ്പിക്കും
കേരളത്തിന്റെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തെ -വേലിയേറ്റ മേഖലയിൽനിന്നും 50 മീറ്ററിനുള്ളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ‌സംസ്ഥാന സർക്കാർ ‘പുനർഗേഹം’ പദ്ധതി ആവിഷ്‌കരിച്ചത്‌. 

മത്സ്യത്തൊഴിലാളികളടക്കമുള്ള 20,931  കുടുംബങ്ങളെയാണ്‌ പുനരധിവസിപ്പിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 2,450 കോടി രൂപ‌ ഇതിനായി വിനിയോഗിക്കും‌-. ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ ഭൂമി വാങ്ങാനും ഭവനനിർമാണത്തിനുമായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കും‌. ഇതിനകം 10,069പേർ ഭൂമി വാങ്ങി വീട്‌ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌.   

തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ച്- കൈമാറിയ കെട്ടിട സമുച്ചയ മാതൃകയിൽ കാരോട്-, ബീമാപള്ളി, വലിയതുറ, കൊല്ലം ക്യുഎസ്‌-എസ്‌- കോളനി, ആലപ്പുഴ മണ്ണുംപുറം, പൊന്നാനി, മലപ്പുറം, കണ്ണൂർ ഉപ്പാലവളപ്പിൽ എന്നിവിടങ്ങളിൽ കെട്ടിട സമുച്ചയങ്ങൾ നിർമാണത്തിലാണ്‌. ഇവ ഓണത്തോടെ കൈമാറാനുള്ള ശ്രമത്തിലാണ്‌. ‌