വിത്തെറിഞ്ഞ മണ്ണ് ഞങ്ങൾക്ക് തന്നു ; ജീവനാണീ പട്ടയം
Wednesday Mar 24, 2021
ജിതിൻ ബാബു
ഇടുക്കി
‘‘ഈ മണ്ണിൽ ജനിച്ചു വളർന്നവരാണ് ഞങ്ങളുടെ തലമുറ. ഈ മണ്ണാണ് ഞങ്ങൾക്കെല്ലാം... കാലങ്ങളായി ഇവിടെ വിത്തെറിഞ്ഞു, വിളവെടുത്തു. പക്ഷേ, മണ്ണിനുമാത്രം അവകാശികളായില്ല. ഒടുവിൽ, തലമുറകളുടെ കാത്തിരിപ്പിന് അവസാനം... ഞങ്ങളും ഈ മണ്ണിന് അവകാശികളാ...’’ തനിക്ക് കിട്ടിയ പട്ടയം നെഞ്ചോടു ചേർത്ത് രാജപ്പൻ പറയുമ്പോൾ കണ്ണ് നിറഞ്ഞു.
കരിമണ്ണൂർ– ഉപ്പുകുന്ന് മേഖലയിൽ താമസിക്കുന്ന ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. നൂറ്റാണ്ടുകളായി മണ്ണും വിണ്ണും വനവുമെല്ലാം വീടായി കാണുന്നവർ. പിന്നീട് ഇടുക്കിയുടെ മലമടക്കിലേക്ക് കുടിയേറിയവർക്കെല്ലാം പട്ടയം നൽകിയപ്പോഴും ഇവർ അവഗണിക്കപ്പെട്ടു. ചോദ്യംചെയ്യാൻ ശേഷിയില്ലാത്ത ഇക്കൂട്ടർ പട്ടയനടപടികളിൽനിന്ന് എന്നും തഴയപ്പെട്ടു. ഈ സാഹചര്യത്തിലാണ് 2020 ജൂൺ രണ്ടിന് റവന്യു വകുപ്പിന്റെ ഉത്തരവ് പ്രകാരം ഇവർക്ക് പട്ടയം കൊടുക്കാൻ തീരുമാനമായത്.
‘‘മക്കളുടെ പഠനത്തിനും അവർക്ക് സ്വന്തമായി എന്തേലും ജോലി ചെയ്യാനും പണമായിരുന്നു എന്നും വെല്ലുവിളി. അതിനായി നിരവധി ബാങ്കുകൾക്കു മുന്നിൽ കാത്തുകിടന്നിട്ടുണ്ട്. പണം വേണമെങ്കിൽ പട്ടയം വേണമെന്നായിരുന്നു എല്ലായിടത്തുമുള്ള മറുപടി. ദേ ഇത് അതിനൊക്കെയുള്ള ഉത്തരമാണ്’’–- തന്റെ പട്ടയം ഉയർത്തിപ്പിടിച്ചായിരുന്നു മോഹനന്റെ മറുപടി.
നിലവിൽ ഒമ്പതുപേർക്കാണിവിടെ പട്ടയം അനുവദിച്ചത്. നാലു പേർക്ക് കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് നടന്ന ഏഴാമത് ജില്ലാ പട്ടയമേളയിൽ മന്ത്രി എം എം മണി പട്ടയം കൈമാറി. മറ്റുള്ളവരുടെ പട്ടയം ഉദ്യോഗസ്ഥർ നേരിട്ടെത്തിക്കും. പ്രദേശത്ത് ബാക്കിയുള്ളവർക്കും പട്ടയം ഉടൻ നൽകുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും സ്പെഷ്യൽ തഹസിൽദാർ പറഞ്ഞു.