രാജേഷിന്റെ ടട്രാ ട്രക്ക്
Thursday Mar 25, 2021
പാലക്കാട്
ഉരുളൻ കല്ലുകൾക്കുമേലെ ചെളി പുതഞ്ഞ റോഡിലൂടെ നെല്ലിയാമ്പതി മല കയറുന്ന ടട്രാ ട്രക്ക്, ജനമനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നൂ ഈ പ്രളയക്കാഴ്‌ച. പട്ടാളക്കാർ ഉപയോഗിക്കുന്ന കഞ്ചിക്കോട് ബെമലിലെ ഈ ട്രക്ക് അന്ന് പാലക്കാട് എംപിയായിരുന്ന എം ബി രാജേഷാണ് സജ്ജമാക്കിയത്.
കാടും മലയും ഉരുളൻ പാറകളും കടന്ന് ട്രക്ക് നെല്ലിയാമ്പതിയിൽ എത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചാലക്കുടിയിലെ പ്രളയബാധിത മേഖലയിലേക്കും ടട്രാ ട്രക്ക് അയച്ചു. മാത്രമല്ല, വീടുകളിൽ വെള്ളം കയറി നിരാശ്രയരായ ശംഖുവാരത്തോട് നിവാസികൾക്കും മറ്റു ക്യാമ്പുകളിൽ കഴിഞ്ഞവർക്കും അതിഥിത്തൊഴിലാളികൾക്കായി നിർമിച്ച അപ്‌നാഘറിൽ താമസ സൗകര്യമൊരുക്കി. അതിലുപരി പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ സമൂഹത്തിന്റെ വിവിധ കോണിലുള്ളവരുടെ സഹായത്തോടെ അവശ്യവസ്തുക്കളുടെയും ദുരിതാശ്വാസ സാമഗ്രികളുടെയും ക്യാമ്പൊരുക്കി.
തന്റെ സുഹൃത് വലയത്തിന്റെ മുഴുവൻസമയ സഹായവും ഇവിടെ ഉറപ്പാക്കി. ഇരുനൂറിലേറെ ലോഡ് സാധനങ്ങളാണ് ഈ ക്യാമ്പിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചത്.