വീണയാൽ, ഞങ്ങൾ വീണില്ല
Thursday Mar 25, 2021
കോഴഞ്ചേരി
‘വീടിന്റെ ഒന്നാം നിലയിലായിരുന്നു ഞങ്ങൾ. താഴത്തെ നിലയുടെ മുക്കാൽഭാഗവും വെള്ളം കയറി. റോഡിലും പറമ്പിലുമെല്ലാം രാവിലെ മുതൽ നിലയില്ലായിരുന്നു. ഡാം പൊട്ടി വരുന്ന പോലെ വെള്ളം ആർത്തലച്ചു വന്നു. കാറ്റും മഴയും, വെള്ളത്തിൽ ചുഴിയും. കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് ഒന്നും രണ്ടും അടിയാണ് വെള്ളം ഉയരുന്നത്. എന്തു ചെയ്യുമെന്നറിയാതെ, ഈ വെള്ളത്തിൽ മുങ്ങിച്ചത്തു പോകുമല്ലോയെന്ന് ഭയന്ന് കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് വിറച്ചിരിക്കുമ്പോഴാണ് മാലാഖമാരെപ്പോലെ അവരെത്തിയത്. വീണാ ജോർജ് പറഞ്ഞയച്ചവരായിരുന്നു അവർ’–- മല്ലപ്പുഴശേരി പരമുട്ടിൽ പടി ആറ്റുപുറത്ത് ട്രീസാമ്മ സെബാസ്‌റ്റ്യൻ പറഞ്ഞു.
എറണാകുളത്തുനിന്ന് മകൻ അഗസ്‌റ്റിൻ സെബാസ്‌റ്റ്യൻ ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണ് എംഎൽഎ രക്ഷാപ്രവർത്തകരെ അയച്ചത്. ‘ചെറുവഞ്ചിയിൽ കയറ്റിയാണ് ഞങ്ങളെ രക്ഷാബോട്ടിൽ എത്തിച്ചത്. മരുമകൾ ആൻസിയും അവളുടെ അമ്മ ഓമനയും ചെറുമക്കൾ എട്ടുവയസ്സുള്ള ആഷ്‌ലിയും ഒരു വയസ്സുള്ള അരുന്ധതിയും ഉൾപ്പെടെയുള്ളവരെയാണ് രക്ഷിച്ച് ചവിട്ടുകുളത്തുള്ള റോഡരികിലെത്തിച്ചത്. ആ സന്ധ്യാ സമയത്തും ഞങ്ങളെപ്പോലെയുള്ളവരെ കാത്ത് വീണാ ജോർജ് എംഎൽഎ അരയറ്റം വെള്ളത്തിൽ നിൽക്കുന്നുണ്ടായിരുന്നു’–-ട്രീസാമ്മയുടെ ഓർമകൾ തുടർന്നു.