സ്‌നേഹം ലോഡായി കയറ്റി ബ്രോ
Thursday Mar 25, 2021
തിരുവനന്തപുരം
പ്രളയകാലത്ത് കരുതലും നന്മയും നിറച്ച ലോഡുകൾ കയറ്റിയയച്ച് നൊമ്പരം മായ്‌ച്ച വി കെ പ്രശാന്തിനെ കേരളം വിളിച്ചു ‘മേയർ ബ്രോ’. ആ അംഗീകാരം പിന്നെയും നീണ്ടപ്പോൾ വട്ടിയൂർക്കാവിന്റെ എംഎൽഎ ബ്രോയും ആയി.
2018ലെ മഹാപ്രളയകാലത്ത് 54 ലോഡ് സാധനങ്ങളാണ്. തൃശൂർ, കട്ടപ്പന, അടൂർ, ആലപ്പുഴ, ചെങ്ങന്നൂർ, വൈക്കം, ഹരിപ്പാട്, കായംകുളം, ചങ്ങനാശേരി. കുട്ടനാട് പ്രദേശങ്ങളിൽ തിരുവനന്തപുരം കോർപറേഷൻ മേയറായിരുന്ന പ്രശാന്തിന്റെ നേതൃത്വത്തിൽ അയച്ചത്. കോർപറേഷൻ മുന്നിട്ടിറങ്ങിയപ്പോൾ തലസ്ഥാനം കട്ടയ്‌ക്ക് കൂടെനിന്നു.
അവശ്യ സാധനങ്ങൾ അയച്ച് നൽകിയതിൽ മാത്രം ഒതുങ്ങിയില്ല. സർവസന്നാഹവുമായി റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലായി 350 വീടും പെരുമ്പുഴ സ്‌റ്റാൻഡും പഞ്ചായത്ത് ഓഫീസും മേയർ ബ്രോയുടെ നേതൃത്വത്തിൽ ശുചിയാക്കി. 2019ൽ പേമാരിയും ഉരുൾപൊട്ടലും നാശം വിതച്ച മേഖലകളിലുള്ളവരും പ്രശാന്തിന്റെയും തലസ്ഥാന ജില്ലയുടെയും കരുതൽ അനുഭവിച്ചറിഞ്ഞു. ഭക്ഷ്യ വസ്‌തുക്കൾ ഉൾപ്പെടെ നൂറിനടുത്ത് ലോഡാണ് വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, നിലമ്പൂർ, പാലക്കാട്, കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ എത്തിച്ചത്.