വികസനം മലകയറ്റി മണിയാശാൻ
Thursday Mar 25, 2021
എ ആർ സാബു
മണിയാശാനെ വികസന നായകനെന്നു വിളിക്കരുതെന്നാണ് മുൻ എംപി ജോയ്‌സ് ജോർജിന്റെ പക്ഷം. വികസനത്തിന്റെ തമ്പുരാനാണ് ആശാൻ. അഞ്ചു വർഷത്തിനിടെ മലകയറി വന്നത് പൂക്കാലംതന്നെ. ഉടുമ്പൻചോല മണ്ഡലം മാത്രമല്ല, വികസനം അന്യമായിരുന്ന ഹൈറേഞ്ചിലാകെ വന്ന മാറ്റം ജനങ്ങൾ തിരിച്ചറിയുന്നുവെന്ന് വൈദ്യുതി മന്ത്രിയായ എം എം മണി.
കേരളത്തിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഉടുമ്പൻചോലയിലെത്തിയ ‘മഹാത്ഭുത’ത്തിനുപിന്നിൽ ഈ എംഎൽഎയുടെ, മന്ത്രിയുടെ ഭഗീരഥ പ്രയത്നമുണ്ട്. മലയോര ഹൈവേയ്‌ക്ക് 150 മീറ്റർ മാത്രം അകലെ പുതിയ റോഡ് ആവശ്യമില്ലെന്ന അഭിപ്രായങ്ങൾ ആവിയായതും 154 കോടിയുടെ ഉടുമ്പൻചോല–- രണ്ടാംമൈൽ റോഡ് യാഥാർഥ്യമാകുന്നതും ആ ദൃഢനിശ്ചയം കൊണ്ടാണ്. 27 വർഷം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന് ഹൈറേഞ്ചിന്റെ ഓരോ മുക്കും മൂലയും നന്നായറിഞ്ഞ ഹൈറേഞ്ചിന്റെ മന്ത്രി ഉടുമ്പൻചോലയുടെ മാത്രമല്ല, മലയോര മേഖലയുടെയാകെ വികസനമാണ് യാഥാർഥ്യമാക്കിയത്.
മണിയാശാന്റെ എതിരാളിയാവാൻ യുഡിഎഫിലെ പല പ്രമുഖർക്കും മടിയായിരുന്നു. പലരുടെയും പേരുകൾ ചർച്ചയായെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. അവസാനനിമിഷം മുൻ എംഎൽഎ ഇ എം ആഗസ്‌തിക്ക് നറുക്കുവീണു. 1991ലും 96ലും ഉടുമ്പൻചോലയിൽ വിജയിച്ചിട്ടുണ്ട്. 2001ൽ പീരുമേട്ടിൽനിന്ന് വിജയം നേടി.
അവിടെ 2006ലും 2011ലും തുടർച്ചയായി പരാജയപ്പെട്ടതിനാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടിയിരുന്നില്ല. ബിജെപിക്കോ ബിഡിജെഎസിനോ എന്ന് തീരുമാനിക്കാൻ കഴിയാതെ സ്ഥാനാർഥികളെ മാറിമാറി പ്രഖ്യാപിച്ച് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയാണ് എൻഡിഎ സ്ഥാനാർഥിയെ നിശ്ചയിച്ചത്. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് സ്ഥാനാർഥി.
ബിജെപി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച രമ്യ രവീന്ദ്രനെ തഴഞ്ഞാണ് ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുത്തത്. ബിജെപിയുമായി അടുപ്പം സൂക്ഷിക്കുന്ന ആഗസ്തിയെ സഹായിക്കാനാണ് ഇതെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.