ആന്റണിയുടെ ‘സർവനാശ സിദ്ധാന്തം’ തുടർഭരണം പേടിച്ച്
Thursday Mar 25, 2021
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാണെന്ന് വന്നതോടെ ‘സർവനാശ സിദ്ധാന്ത’വുമായി മുൻമുഖ്യമന്ത്രി എകെ ആന്റണി. പ്രളയം, കോവിഡ് തുടങ്ങി ദുരന്തകാലത്തൊന്നും തിരിഞ്ഞുനോക്കാത്ത ആന്റണി, യുഡിഎഫിന് ജീവവായു നൽകാനുള്ള വൃഥാശ്രമവുമായാണ് എത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായ ആന്റണി ലോക്‌ഡൗൺ മുതൽ ഒരു വർഷമായി ഡൽഹിയിൽ മുറിയടച്ചിരിപ്പായിരുന്നു. കേരളീയർ വലിയ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴൊന്നും ഇവിടുത്തെ അവസ്ഥ എന്താണെന്ന് മുഖ്യമന്ത്രിയോട് ടെലിഫോണിൽ ആരായാൻ പോലും തയ്യാറായില്ല. രണ്ട് പ്രളയ സമയത്തും ആ പ്രദേശങ്ങളിൽ എത്തിയില്ല. ഈ ഘട്ടങ്ങളിലെല്ലാം ജനങ്ങൾക്ക് ആശ്വാസമേകി കരുതലോടെ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ആന്റണി.
എൽഡിഎഫ് തുടർന്നാൽ ‘സർവനാശം’ എന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആന്റണി പറഞ്ഞത് യുഡിഎഫ് അടിത്തറയിളകിയതിന്റെ പരിഭ്രാന്തിയാണ്. വ്യാഴാഴ്‌ച സ്വകാര്യ ചാനലുകളിലെ അഭിമുഖങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ജാതിയും മതവും പറഞ്ഞ് ദുരാരോപണം ഉന്നയിക്കാനും ആന്റണി മടിച്ചില്ല.
മുഖ്യമന്ത്രി ഹൈന്ദവ ഐക്യം തകർത്തെന്നും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ചെന്നുമാണ് ആന്റണിയുടെ ആക്ഷേപം. സമുദായ വികാരം ഇളക്കിവിടാനാണ് ആന്റണിയുടെ ശ്രമം. എന്നാൽ, അഞ്ചു വർഷമായി ഒരു വർഗീയ സംഘർഷംപോലും കേരളത്തിൽ ഉണ്ടായില്ല. സാമുദായ സൗഹാർദം തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് മത–-സമുദായ നേതൃത്വങ്ങൾ തന്നെ പറഞ്ഞത്.
ആന്റണിയോ? കോവിഡ് സഹായം ആവശ്യമായ സമയത്തടക്കം രാജ്യസഭയിൽ സംസ്ഥാനത്തിന് വേണ്ടി വാ തുറന്നില്ല.
കർഷക സമരം നൂറ് ദിനം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്താത്ത ആന്റണി സ്ഥാനാർഥി നിർണയ തർക്കം തീർക്കാൻ നേരിട്ടിറങ്ങിയപ്പോഴാണ് മാധ്യമങ്ങളെപ്പോലും കണ്ടത്. ഭരണത്തുടർച്ച സ്വന്തം നിലനിൽപ്പിന്റെ കൂടി പ്രശ്‌നമാണെന്ന് കണ്ടാണ് കെട്ടുകഥകളുമായി വിറളി പിടിച്ച് ഇറങ്ങിയത്.
2004ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂട്ടത്തോൽവിയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഡൽഹിക്ക് വിട്ട ആന്റണി അന്ന് മുതൽ രാജ്യസഭാംഗമാണ്. ഒരാൾക്കും വഴിമാറിക്കൊടുത്തില്ല. 1995ൽ രാജ്യസഭാംഗത്വം രാജിവച്ച് മുഖ്യമന്ത്രിയാകാൻ വിമാനം ചാർട്ടർ ചെയ്‌ത് ഒറ്റയ്‌ക്ക് ഡൽഹിയിൽ നിന്ന് വന്ന ആളാണ് ഇപ്പോൾ ‘ധൂർത്ത് ’ ആരോപണം ഉയർത്തുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളിലും ആന്റണിയെ കണ്ടിട്ടില്ല.