നാട്ടാരേ നയാപൈസ വേണ്ട
Friday Mar 26, 2021
അക്ഷിതരാജ്
തൃശൂർ
എൽസി ഇതാദ്യമായിട്ടാണ് ആശുപത്രിയിൽ പത്ത് ദിവസം കിടന്നിട്ടും നയാപൈസ ചെലവില്ലാതെ വീട്ടിലെത്തുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ മരുന്നും ചികിത്സയും സൗജന്യം. "എന്റെ ഷുഗറിനും കൊളസ്‌ട്രോളിനുമൊക്കെയുള്ള ഒരു മാസത്തെ മരുന്ന് ഒന്നിച്ച് കിട്ടുന്നു. അതിനാൽ പുറത്തുനിന്ന് മരുന്നൊന്നും വാങ്ങേണ്ടി വരുന്നില്ല. ഞങ്ങളെപ്പോലുള്ളവർക്ക് ഇത് വലിയ ആശ്വാസംതന്നെ’. ജീവിതശൈലീ രോഗങ്ങൾക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുന്നതോടെ പാവപ്പെട്ട നിരവധിയാളുകൾക്കാണ് ആശ്വാസമാവുന്നത്.
അമ്മയ്‌ക്കുള്ള മരുന്ന് സൗജന്യമായി കിട്ടുന്നതിനെക്കുറിച്ചാണ് ഒല്ലൂരിലെ ഉഷ പറയുന്നത്. ‘ സർക്കാർ ആശുപത്രിയിലെ മാറ്റം വലുതാണ്. സർക്കാരിനോടും മന്ത്രിയായ ടീച്ചറിനോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല’–- ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഉഷയുടെ അമ്മ വിജയലക്ഷ്‌മിക്ക് ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ. ജില്ലാ ജനറൽ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലും ജീവിതശൈലീ രോഗങ്ങൾക്ക് സൗജന്യ ചികിത്സയുണ്ട്. അവിടെ ജീവിതശൈലീ രോഗനിർണയ ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. സൗജന്യ രക്ത പരിശോധനാ സംവിധാനവും ലഭ്യമാണ്.
ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകളാണ് സൗജന്യമായി ജനങ്ങൾക്ക് നൽകുന്നത്. രോഗികൾക്ക് ആവശ്യമായ ആരോഗ്യബോധവൽക്കരണം നൽകാൻ ഡയറ്റീഷ്യനും ഉണ്ടാകും. ആശുപത്രിയിൽ ഡോക്ടറെ കാത്തിരുന്ന് മുഷിയേണ്ട. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.