അഞ്ചിൽ മൂന്നല്ല അഞ്ചിലഞ്ചും
Saturday Mar 27, 2021
ജയകൃഷ്‌ണൻ നരിക്കുട്ടി
കാസർകോട്
ജില്ലയിൽ അഞ്ചിൽ മൂന്ന് കാലങ്ങളായി ഉറപ്പാണ് എൽഡിഎഫിന്. 2006ൽ അത് അഞ്ചിൽ നാലുവരെയെത്തി. അന്നത്തെ ഇടതുതരംഗത്തിന് സമാനമായ രാഷ്ട്രീയ കാലാവസ്ഥയുള്ള ഇത്തവണ അതും അതിനപ്പുറവും പ്രതീക്ഷിക്കുന്നുണ്ട് രാഷ്ട്രീയ നിരീക്ഷകർ.
ഇത്തവണ മുസ്ലിംലീഗിന് മഞ്ചേശ്വരവും കാസർകോടും നിലനിർത്താൻ മോഹമുണ്ടെങ്കിലും എം സി ഖമറുദ്ദീൻ ജ്വല്ലറിത്തട്ടിപ്പിലൂടെ ഉണ്ടാക്കിയ മാനക്കേട് വിട്ടൊഴിയുന്നില്ല. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ വരവ് ത്രികോണ പോരാട്ടം സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫും ബിജെപിയും അവസാനമിറക്കുന്ന വർഗീയ കാർഡുകളെ ഇത്തവണ എൽഡിഎഫ് അതിജീവിക്കുമെന്ന ഉറപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ. സുരേന്ദ്രന്റെ കോന്നിയും മഞ്ചേശ്വരവും പറന്നു കളിയിൽ ബിജെപി പ്രവർത്തകർക്ക് തന്നെ അതൃപ്‌തിയുണ്ട്.
വികസനമുരടിപ്പിന് ഏറെ പഴികേട്ടിട്ടുണ്ട് ഈ ജില്ല. എന്നാൽ, എൽഡിഎഫ് സർക്കാർ ഉറപ്പാക്കിയ വികസനവും കരുതലും ചർച്ചയാകുമ്പോൾ അത്തരം വാദമൊന്നും ഇത്തവണയില്ല. കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് ഇറക്കിയ പോസ്‌റ്റർ നിറയെ സർക്കാർ വികസനക്കാര്യമാണ്. പക്ഷഭേദമില്ലാത്ത വികസനം എന്തെന്നറിയാൻ കാസർകോട് മണ്ഡലത്തിൽ പോയാൽ മാത്രം മതി. ഐഎൻഎല്ലിലെ എം എ ലത്തീഫാണ് ഇടതുസ്ഥാനാർഥി. ജില്ലാപ്രസിഡന്റ് കെ ശ്രീകാന്ത് ബിജെപി സ്ഥാനാർഥിയായും മത്സരിക്കുന്നു.
കഴിഞ്ഞ തവണ കെ സുധാകരനെ ഇറക്കിയിട്ടും കോൺഗ്രസിന് പച്ചതൊടാനാകാത്ത മണ്ഡലമാണ് ഉദുമ. 2006–-ൽ മഞ്ചേശ്വരത്ത് ചെർക്കളം അബ്ദുള്ളയെ തളച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഇവിടെ വിജയതരംഗമുയർത്തിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്. ബാലകൃഷ്‌ണൻ പെരിയയെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി, ഡിസിസി ഭാരവാഹികൾ മുഴക്കിയ രാജിഭീഷണിയുടെ അലയൊലി ഇപ്പോഴുമുണ്ട്. ബിജെപിക്കായി ജില്ലാ സെക്രട്ടറി എ വേലായുധൻ മത്സരിക്കുന്നു.
1987നുശേഷം എൽഡിഎഫിനൊപ്പം നിൽകുന്ന കാഞ്ഞങ്ങാട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് വീണ്ടുമൊരു ജയം ഉറപ്പ്. ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ് യുഡിഎഫിനുവേണ്ടിയും എം ബൽരാജ് ബിജെപിക്കുവേണ്ടിയും രംഗത്തുണ്ട്.
തൃക്കരിപ്പൂരിൽ എൽഡിഎഫിനായി എം രാജഗോപാലൻ രണ്ടാമതും ജനവിധി തേടുകയാണ്. കോൺഗ്രസ് കാലാകാലമായി മൽസരിച്ച മണ്ഡലം ജില്ലാ നേതൃത്വം അറിയാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൈമാറിയതിൽ കടുത്ത എതിർപ്പുണ്ട്. കെ എം മാണിയുടെ മരുമകൻകൂടിയായ മുൻ ഐഎഎസുകാരൻ എം പി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. ടി വി ഷിബിൻ എൻഡിഎ സ്ഥാനാർഥിയും.
പ്രചാരണത്തിന്റെ തുടക്കം മുതൽ മുന്നേറിയ എൽഡിഎഫ് രണ്ടാംഘട്ടത്തിലും ആധിപത്യം തുടരുകയാണ്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയും നാടിനെ ഇളക്കി. മുഖ്യമന്ത്രി പിണറായി വിജയനും ബൃന്ദ കാരാട്ടും എസ് രാമചന്ദ്രൻപിള്ളയും വരുംനാളുകളിൽ എത്തും. യുഡിഎഫിനുവേണ്ടി രമേശ് ചെന്നിത്തലയും എം എം ഹസ്സനുമെത്തി. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വരുന്നുണ്ട്.