പ്രചാരണവീര്യത്തിന്‌ ആഴത്തിൽ ഗൂഢാലോചന

Saturday Mar 27, 2021
കെ ശ്രീകണ്‌ഠൻ


തിരുവനന്തപുരം
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന്‌ പിന്നിലെ ഗൂഢാലോചനയും ഉമ്മൻചാണ്ടിക്കെതിരായ സോളാർ പീഡന കേസും തെരഞ്ഞെടുപ്പ്‌ ചർച്ചയ്‌ക്ക്‌ വിഷയങ്ങളായത്‌  വഴിത്തിരിവായി. മത്സ്യബന്ധന വിവാദത്തിൽ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന വിവരങ്ങളാണ്‌  പുറത്തുവന്നിരിക്കുന്നത്‌. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ(കെഎസ്‌ഐഎൻസി) എംഡി എൻ പ്രശാന്തും ഇഎംസിസി എന്ന തട്ടിക്കൂട്ട്‌ അമേരിക്കൻ കമ്പനിയുമായി ട്രോളർ നിർമിക്കുന്നതിനായി ഒപ്പിട്ട ധാരണപത്രത്തെയാണ്‌ ആഴക്കടൽ മത്സ്യബന്ധന കരാറായി ചിത്രീകരിച്ച്‌ വിവാദമാക്കിയത്‌.


 

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്‌ നടത്തിയ ദുരൂഹ ഇടപെടൽ കൂടുതൽ തെളിഞ്ഞുവരികയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്‌റ്റാഫുമായുള്ള പ്രശാന്തിന്റെ വാട്‌സാപ് ചാറ്റുകളിൽനിന്നുതന്നെ വിവാദത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്‌. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ തീരദേശത്ത്‌ വികാരം ഇളക്കിവിട്ട്‌ മുതലെടുപ്പ്‌ നടത്തുകയായിരുന്നു ലക്ഷ്യം. ചെന്നിത്തലയുടെ ഇപ്പോഴത്തെ പ്രൈവറ്റ്‌ സെക്രട്ടറിയും ഇന്ത്യൻ ഇൻഫർമേഷൻ സർവീസുകാരനുമായ ഡോ. കെ അമ്പാടി, മറ്റ്‌ ചില വിവാദ നായകർ എന്നിവർക്കും ഇതിൽ പങ്കുള്ളതായി തെളിഞ്ഞു.

തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മത്സ്യബന്ധന യാനങ്ങൾ നിർമിക്കാൻ 1200 കോടിയുടെ ധാരണപത്രം ഒപ്പിട്ടശേഷം വിവരം പ്രതിപക്ഷ നേതാവിന്‌ ചോർത്തിക്കൊടുത്ത്‌ വിവാദം കത്തിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ കൂടുതൽ തെളിവുകൾ അന്വേഷണം നടത്തുന്ന അഡീഷണൽ ചീഫ്‌ സെക്രട്ടറി ടി കെ ജോസിന്‌ കിട്ടിയിട്ടുണ്ട്‌. പ്രശാന്തിന്റെ ദുരുദ്ദേശ്യം  വ്യക്തമാക്കുന്ന സുപ്രധാന വിവരങ്ങളാണ്‌ ഇതിനകം കിട്ടിയിട്ടുള്ളത്‌. അവ കൂടി പുറത്തുവരുന്നതോടെ ഗൂഢാലോചനയുടെ കടലാഴം തെളിയും.

സോളാർ: സത്യം സിബിഐ  കണ്ടെത്തുമോ ?
സോളാർ പീഡന കേസിൽ സിബിഐ തീരുമാനം വരുന്നതിനുമുമ്പേ, ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാണിച്ച്‌‌ ക്രൈംബ്രാഞ്ച്‌ റിപ്പോർട്ട്‌ നൽകിയെന്ന‌ പ്രചാരണം മാധ്യമങ്ങൾ വ്യാപകമാക്കി. ഒരു തീയതിയുമായി ബന്ധപ്പെട്ട വൈരുധ്യം മറയാക്കിയാണ്‌ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയെന്ന തരത്തിലുള്ള വ്യാഖ്യാനം.  ക്ലിഫ്‌ ഹൗസിൽ പീഡനം നടന്നതായി പറയുന്ന 2012 സെപ്‌തംബർ 19ന്‌ ഉമ്മൻചാണ്ടി അവിടെ ഉണ്ടായിരുന്നില്ല എന്നാണ്‌ കണ്ടെത്തലത്രേ. സാക്ഷികളെ സ്വാധീനിച്ചതിന്റെ ശബ്‌ദരേഖയടക്കം തന്റെ പക്കലുണ്ടെന്നാണ്‌ പരാതിക്കാരിയുടെ വാദം.

സിബിഐ പ്രാരംഭ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ വസ്‌തുതകൾ കണ്ടെത്തേണ്ടത്‌ അവരാണ്‌. അതിനുമുമ്പ്‌ കുറ്റവിമുക്തനാക്കിയെന്ന പ്രതീതിയുളവാക്കാനുള്ള‌ ശ്രമവും ആസൂത്രിതമാണ്‌. പരാതിക്കാരിയും ആരോപണവിധേയനായ ഉമ്മൻചാണ്ടിയും ഒരുമിച്ച്‌ ഉണ്ടായിരുന്നോ, ഇല്ലയോ എന്നതിൽ തീർപ്പ്‌ വരുത്തേണ്ടത്‌ സിബിഐ ആണ്‌. സത്യം കണ്ടെത്താൻ സിബിഐ ഉറപ്പിച്ചാൽ ഇപ്പോഴത്തെ പ്രചാരണത്തിന്‌ കഴമ്പില്ലാതാകും.