നന്ദി പ്രിയപ്പെട്ട ടീച്ചർ
Sunday Mar 28, 2021
കണ്ണൂർ> നിപായുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അജന്യ ശെെലജ ടീച്ചറുടെ കരുതലിനെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയുടെ സ്‌നേഹവും ഭരണാധികാരിയുടെ കർമശേഷിയും തിരിച്ചറിഞ്ഞ നിമിഷങ്ങൾ. കോവിഡ് മഹാമാരിയുടെ കാലത്തും ആ കരുതലുണ്ടായി. അങ്ങനെ കേരളത്തിന്റെ മനസ്സിൽ പതിഞ്ഞുപോയ പ്രിയപ്പെട്ട ടീച്ചറാണ് കെ കെ ശൈലജ. ഇക്കുറി മട്ടന്നൂർ മണ്ഡലത്തിൽ ജനവിധി തേടുന്നു.ആരോഗ്യമന്ത്രിയായി ലോകത്തിന്റെയാകെ പ്രശംസയും പുരസ്‌കാരവും നേടിയ ശൈലജയ്‌ക്ക് മണ്ഡലത്തിൽ മാത്രമല്ല, കേരളത്തിലെവിടെയും പരിചയപ്പെടുത്തൽ ആവശ്യമില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തിദുർഗത്തിൽ എത്ര ഭൂരിപക്ഷം എന്നേ നോക്കേണ്ടൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തിൽ ഇ പി ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടത്. മട്ടന്നൂർ നഗരസഭയും എട്ടു പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ എല്ലായിടത്തും എൽഡിഎഫ് ഭരണം.
ദ്രുതഗതിയിലുള്ള വികസന പ്രവർത്തനങ്ങളിലൂടെ കണ്ണൂരിന്റെ വ്യവസായ തലസ്ഥാനമായി മാറുകയാണ് മട്ടന്നൂർ. വ്യവസായമന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച വിപുലമായ വികസന–- ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യമാണ്. അതിനാൽ വികസനവും എൽഡിഎഫ് തുടർഭരണവുമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം. സിപിഐ എമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996-ൽ കൂത്തുപറമ്പിൽനിന്നാണ് ആദ്യമായി നിയമസഭയിൽ എത്തിയത്. 2006ൽ മട്ടന്നൂർകൂടി ഉൾപ്പെട്ട പഴയ പേരാവൂർ മണ്ഡലത്തിൽനിന്ന് രണ്ടാം ജയം. കഴിഞ്ഞ തവണ കൂത്തുപറമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് ആരോഗ്യ,- സാമൂഹ്യനീതി മന്ത്രിയായി. ഒരിക്കൽക്കൂടി സ്വന്തം നാടിനെ പ്രതിനിധാനംചെയ്യാൻ അവസരം ലഭിക്കുമെന്ന സന്തോഷത്തിലാണ് മട്ടന്നൂർ പഴശ്ശി സ്വദേശിനിയായ ശൈലജ.
ആർഎസ്‌പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്‌തിയാണ് യുഡിഎഫ് സ്ഥാനാർഥി. ദീർഘകാലം ആർഎസ്‌പി ജില്ലാ സെക്രട്ടറിയായിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി എൻഡിഎക്കുവേണ്ടി മത്സരിക്കുന്നു.
വോട്ടുനില
2016 നിയമസഭ
എല്‍ഡിഎഫ്........ 84,030
യുഡിഎഫ് ........... 40,649
എന്‍ഡിഎ.............. 18,620
2020 തദ്ദേശം
(മട്ടന്നൂര്‍ നഗരസഭ ഒഴികെ)
എല്‍ഡിഎഫ്......... 76,061
യുഡിഎഫ്............. 42,789
എന്‍ഡിഎ.............. 12,607