കൊട്ടാരക്കരയുടെ പ്രിയ സാന്ത്വനം
Sunday Mar 28, 2021
കൊട്ടാരക്കര> കഥകളിക്ക് പേരുകേട്ട കൊട്ടാരക്കരയുടെ മണ്ണിൽ വികസനമാണ് പ്രധാന ചർച്ച. ഇരുമുന്നണികളെയും സ്വീകരിച്ച ചരിത്രമുള്ള കൊട്ടാരക്കരയുടെ മനസ്സ് 2006 മുതൽ ഇടതിനൊപ്പം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ പട്ടണമായി വളരുന്ന കൊട്ടാരക്കരയിൽ പി അയിഷാപോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ ഒട്ടേറെ നേട്ടങ്ങളാണ് കൈവരിച്ചത്. സിവിൽസ്‌റ്റേഷൻ നിർമാണം പൂർത്തീകരിച്ചതിന് പുറമെ 64.5 കോടി രൂപയുടെ താലൂക്കാശുപത്രി വികസനം, കൊട്ടാരക്കര ടൗണിലെ റിങ് റോഡിന്റെ ഒന്നാംഘട്ടം പൂർത്തീകരിച്ചത്, കൊട്ടാരക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനം, വിവിധ പ്രദേശങ്ങളിലെ റോഡ് വികസനം, പാലം നിർമാണം, ആശുപത്രികളുടെയും സ്‌കൂളുകളുടെയും പുരോഗതി എന്നിവ എൽഡിഎഫിന് അനുകൂല ഘടകങ്ങളാണ്.
ഡൽഹിയിലെ കർഷക പ്രക്ഷോഭച്ചൂടിൽ നിന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ഇറങ്ങിയത്. കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറിയാണ്. എസ്‌എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നിങ്ങളെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾക്കും നിരവധി പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള ബാലഗോപാൽ നാടിന് സുപരിചിതമാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ സാന്ത്വന പരിചരണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വംനൽകിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൊല്ലം സീറ്റ് കിട്ടാതായപ്പോൾ പി സി വിഷ്‌ണുനാഥിന് മൽസരിക്കാൻ ഉമ്മൻചാണ്ടി കണ്ടുവച്ച മണ്ഡലമായിരുന്നു കൊട്ടാരക്കര. ഇവിടെ ഉമ്മൻചാണ്ടിയെ വെട്ടി കൊടിക്കുന്നിൽ സുരേഷിന്റെ തണലിലാണ് യുഡിഎഫ് സ്ഥാനാർഥി ആർ രശ്‌മി എത്തിയത്. ഇത് കോൺഗ്രസിലും എ ഗ്രൂപ്പിലും ഉണ്ടാക്കിയ അമർഷം ചെറുതല്ല. നിലവിൽ ജില്ലാപഞ്ചായത്ത് അംഗമാണ് രശ്‌മി.അയിഷാപോറ്റി എംഎൽഎയ്‌ക്കും കുടുംബാംഗങ്ങൾക്കുമെതിരെ അശ്ലീലപ്രസംഗം നടത്തി കേസിൽപ്പെട്ട് ജയിലിൽകിടന്ന ആളാണ് എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ സെക്രട്ടറിയായ വയക്കൽ സോമൻ. സ്ഥാനാർഥിയുടെ ‘നാവ്’ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് പ്രവർത്തകർ. ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച് പരാജയപ്പെട്ടിരുന്നു.
വോട്ടുനില
2016 നിയമസഭ
എല്‍ഡിഎഫ് .........83,443
യുഡിഎഫ് ..............40,811
എന്‍ഡിഎ ..............24,062
2020 തദ്ദേശം
എല്‍ഡിഎഫ് .........65,795
യുഡിഎഫ് .............55,076
എന്‍ഡിഎ ..............35,891