‘കാരുണ്യം’ തന്ന ജീവിതം
Sunday Mar 28, 2021
സയൻസൺ
കോഴിക്കോട്
കുത്തിക്കീറുന്ന വേദനയോടെ അർബുദം പിടിമുറുക്കിയപ്പോൾ ജീവിതം തീർന്നെന്ന് കരുതിയതാണ്. പ്രിയമുള്ളതെല്ലാം ഉപേക്ഷിച്ച് അവസാനനിമിഷങ്ങളെണ്ണിയുള്ള ആശുപത്രി ദിനങ്ങൾ. എന്നാൽ സർക്കാരിന്റെ കാരുണ്യം കാരുണ്യ പദ്ധതിയിലൂടെ ലഭിച്ച് മികച്ച ചികിത്സയുമായി ജീവിതം തിരിച്ചു പിടിച്ച കഥയാണ് മീൻവിൽപ്പനക്കാരനായ കോയട്ടിക്ക് പറയാനുള്ളത്.
2018 മാർച്ചോടെയാണ് കഴുത്തിലും ഇരുകക്ഷത്തിലും ചെറിയ മുഴകൾ കണ്ടുതുടങ്ങിയത്. വേദനയൊന്നും ഉണ്ടായിരുന്നില്ല. ഉടനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. കുറവില്ലാത്തതിനാൽ വീണ്ടും ഡോക്ടറെ കാണനെത്തിയപ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചത്. പരിശോധനയിൽ അർബുദമെന്ന് സംശയമായി. നവംബറിൽ ബയോപ്സിയിൽ സ്ഥിരീകരണം. പിന്നീട് കീമോതെറാപ്പി തുടങ്ങി. 80000 രൂപയാണ് ഒരു കീമോയുടെ ചെലവ്. മരുന്നും സഹായങ്ങളും ആശുപത്രിയിൽനിന്ന് ലഭിക്കുമെങ്കിലും പകുതി തുക രോഗി കണ്ടെത്തണം. ആറ് കീമോതെറാപ്പി വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഉള്ളൊന്ന് കാളി.
ഇത്രയും പണം എവിടുന്ന് ഒപ്പിക്കുമെന്ന് ഒുരുപിടിയും കിട്ടിയില്ല. അപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ കാരുണ്യ ചികിത്സാ സഹായ പദ്ധതിയെക്കുറിച്ചറിയുന്നത്. പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ അപേക്ഷാ ഫോറം പുരിപ്പിച്ച് കുടുംബാംഗങ്ങളുടെ ഫോട്ടോ സഹിതം അപേക്ഷിച്ചു. ഉടനെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ സൗജന്യമായി ലഭിക്കുമെന്ന അറിയിപ്പ് വന്നു. സഹായം പണമായിട്ടല്ല, മരുന്നും ചികിത്സയുമായാണ് ലഭിച്ചത്. രോഗത്തിന്റെ തീവ്രതയിൽനിന്ന് മോചനമായിത്തുടങ്ങി. 66 കാരനായ കുരുവട്ടൂർ പറമ്പിൽബസാറിലെ ചെമ്മോളിപറമ്പിൽ കോയട്ടി പറഞ്ഞുനിർത്തി.
5 ലക്ഷം സഹായം
സാമ്പത്തികമായി പ്രയാസപ്പെടുന്നവർ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ വർഷം അഞ്ച് ലക്ഷം രൂപ ചികിത്സയ്‌ക്കായി നൽകുന്ന സംസ്ഥാനസർക്കാരിന്റെ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ. സംസ്ഥാനത്ത് 64 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. 2018 ഒക്ടോബർ 31നാണ് പദ്ധതിക്കായി സംസ്ഥാന ആരോഗ്യ ഏജൻസി രൂപീകരിച്ചത്. 188 സർക്കാർ ആശുപത്രിയിലും 214 സ്വകാര്യ ആശുപത്രിയിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ചികിത്സ ലഭിക്കും.