കൊന്നവർ തേടുന്നു 
കൊലയ്ക്കെതിരെ വോട്ട്‌

Sunday Mar 28, 2021
റഷീദ്‌ ആനപ്പുറം


തിരുവനന്തപുരം
ആദ്യം നിഷ്‌ഠുരമായി കൊലപ്പെടുത്തുക,  പിന്നെ പ്രതികളെ സംരക്ഷിക്കുക. ഒടുവിൽ സിപിഐ എം   രക്തസാക്ഷികളുടെ പടം ഉപയോഗിച്ച്‌ കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന്‌‌ പ്രചരിപ്പിക്കുക. യുഡിഎഫാണ്‌ ഈ നെറികെട്ട പ്രചാരണം നടത്തുന്നത്‌.   

വെഞ്ഞാറമൂട്ടിൽ തിരുവോണ നാളിൽ കൊന്നുതള്ളിയ ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്‌ മുഹമ്മദ്‌, മിഥിലാജ്‌ എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചാണ്‌‌ അക്രമരാഷ്‌ട്രീയത്തിനെതിരെ യുഡിഎഫ്‌ വോട്ടു തേടുന്നത്‌.  ടെലിവിഷനുകളിൽ പ്രത്യക്ഷപ്പെട്ട  യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പരസ്യത്തിലും ഇവരുടെ പടം ഉപയോഗിക്കുന്നു. തലസ്ഥാനത്ത്‌ പലയിടങ്ങളിലും യുഡിഎഫും പോഷക സംഘടനകളും സ്ഥാപിച്ച ബോർഡിൽ അവർതന്നെ കൊന്ന  ഹഖിന്റെയും മിഥിലാജിന്റെയും ഫോട്ടോയാണുളളത്‌. ഹഖ്‌ മുഹമ്മദിന്റെ  ഭാര്യയും മിഥിലാജിന്റെ മക്കളും പ്രിയപ്പെട്ടവരുടെ മൃതദേഹം കണ്ട്‌ നിലവിളിക്കുന്ന ഫോട്ടോകളും ബോർഡുകളിലുണ്ട്‌.

കഴിഞ്ഞ തിരുവോണത്തലേന്ന്‌ അർധരാത്രിയാണ്‌ തേമ്പാമൂട്‌ ജംഗ്‌ഷനിൽ‌  കോൺഗ്രസ്‌ നേതാക്കൾ ഗൂഢാലോചന നടത്തി കൊലപാതകം നടത്തിയത്‌. ഈ കേസിൽ ഒമ്പത്‌ കോൺഗ്രസുകാർ റിമാൻഡിലാണ്‌. ഇതിൽ രണ്ട്‌ പേർ കോൺഗ്രസ്‌ ഐഎൻടിയുസി പ്രാദേശിക നേതാക്കളാണ്‌. മഹിളാ കോൺഗ്രസ്‌ പ്രവർത്തകയും കേസിൽ പ്രതിയാണ്‌. മുഖ്യപ്രതി മദപുരം ഉണ്ണിക്ക്‌  അടൂർ പ്രകാശ്‌ എംപിയുമായുള്ള ബന്ധവും പുറത്തുവന്നിരുന്നു. 

കേരളത്തിൽ കഴിഞ്ഞ ആഗസ്‌ത്‌ മുതൽ ഡിസംബർവരെ മാത്രം ആറ്‌ സിപിഐ എം പ്രവർത്തകരെയാണ്‌ കോൺഗ്രസ്‌–-ലീഗ്‌–-ബിജെപി ക്രിമലനുകൾ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട്ടിലെ ഹഖ്‌ മുഹമ്മദ്‌, മിഥിലാജ്‌, കായംകുളത്തെ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി  സിയാദ്‌ എന്നിവരെയാണ്‌ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്‌.

കാഞ്ഞങ്ങാട് കല്ലൂരാവിൽ ഔഫ്‌ അബ്‌ദുൾ റഹ്‌മാനെ കൊന്നത്‌ ലീഗ്‌ ക്രിമിനലുകൾ. കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി സനൂപിനെയും കൊല്ലത്തെ സിപിഐ എം പ്രവർത്തകൻ മാണിലാലിനെയുമാണ്‌ ആർഎസ്‌എസ്,‌ ബിജെപി ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്‌.